കിലിയൻ എംബാപ്പയുടെ കരാർ പുതുക്കിയത് റദ്ദാക്കാനാവശ്യപ്പെട്ട് ലാ ലിഗ കോടതിയിൽ
By Sreejith N

കിലിയൻ എംബാപ്പയുമായി പിഎസ്‌ജി കരാർ പുതുക്കിയതു റദ്ദാക്കാനാവശ്യപ്പെട്ട് ലാ ലിഗ നേതൃത്വം കോടതിയിൽ. റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് ഉറപ്പായിരുന്ന അവസരത്തിൽ അവരുടെ ഓഫർ തഴഞ്ഞ് താരം പിഎസ്‌ജിയുമായി കരാർ പുതുക്കിയതു മുതൽ ലാ ലിഗ നേതൃത്വം അതിനെതിരെ രംഗത്തു വന്നിരുന്നു.
പാരീസിലെ കോടതിയിലാണ് എംബാപ്പെ പിഎസ്‌ജിയുമായി കരാർ പുതുക്കിയതു റദ്ദാക്കാൻ ആവശ്യപ്പെട്ട് ലാ ലിഗ നേതൃത്വം പരാതി നൽകിയതെന്ന് റെലെവോ വെളിപ്പെടുത്തുന്നു. എംബാപ്പയും പിഎസ്‌ജിയും തമ്മിലുള്ള പുതിയ കരാർ യുവേഫയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളെ പൂർണമായും തെറ്റിക്കുന്നതാണെന്ന് അവർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഈ പരാതിക്കു പുറമെ പിഎസ്‌ജിയുടെ സാമ്പത്തിക കണക്കുകൾ പരിശോധിക്കണം എന്ന ആവശ്യമുന്നയിച്ച് അഡ്‌മിനിസ്‌ട്രേറ്റിവ് അപ്പീൽ നൽകാനും ലാ ലിഗ ഒരുങ്ങുന്നുണ്ടെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫ്രാൻസിലെ സ്പോർട്ട്സ് സ്ഥാപനങ്ങളുടെ സാമ്പത്തിക കണക്കുകൾ പരിശോധിക്കുന്ന ഡിഎൻസിജി ഇവ പരിശോധിക്കണമെന്നാണ് ലാ ലിഗ ആവശ്യപ്പെട്ടത്.
അതേസമയം ആർഎംസി സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജി നൽകിയ പരാതി പ്രസ്‌തുത കോടതി തള്ളിയിട്ടുണ്ട്. അടിയന്തിര സ്വഭാവം അർഹിക്കുന്ന വിഷയമല്ല അതെന്നു നിരീക്ഷിച്ചാണ് പാരീസിലെ കോടതി ലാ ലിഗയുടെ പരാതി തള്ളിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.