Football in Malayalam

റയൽ മാഡ്രിഡ് അഭ്യൂഹങ്ങൾക്കിടയിലും പിഎസ്‌ജിയിൽ തുടരാനുള്ള സാധ്യത തള്ളിക്കളയാതെ എംബാപ്പെ

Sreejith N
Paris Saint Germain v FC Nantes - Ligue 1 Uber Eats
Paris Saint Germain v FC Nantes - Ligue 1 Uber Eats / Vasile Mihai-Antonio/GettyImages
facebooktwitterreddit

ഈ സീസണു ശേഷം പിഎസ്‌ജി കരാർ അവസാനിച്ച് സമ്മറിൽ ഫ്രീ ഏജന്റായി റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും പിഎസ്‌ജിയുമായി കരാർ പുതുക്കാനുള്ള സാധ്യത തള്ളിക്കളയാതെ സൂപ്പർതാരം കെയ്‌ലിയൻ എംബാപ്പെ. പിഎസ്‌ജി വിടാൻ കഴിയാത്തതിൽ മുൻപ് നിരാശയുണ്ടായിരുന്നു എങ്കിലും ചാമ്പ്യൻസ് ലീഗ് വിജയം നേടാൻ ശ്രമിക്കുന്ന ഒരു ക്ലബിലാണു കളിക്കുന്നതെന്നത് വലിയ കാര്യമാണെന്നാണ് എംബാപ്പെ പറഞ്ഞത്.

പിഎസ്‌ജി വിടാനുള്ള ആഗ്രഹം എംബാപ്പെ മുൻപു തന്നെ ക്ലബ് നേതൃത്വത്തെ അറിയിച്ചിട്ടുള്ളതാണ്. ഈ സീസണു ശേഷം കരാർ അവസാനിക്കുമെന്നതു മുന്നിൽ കണ്ട് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റയൽ മാഡ്രിഡ് താരത്തിനു വേണ്ടി ഇരുനൂറു മില്യൺ യൂറോ വരെ വാഗ്‌ദാനം ചെയ്‌തെങ്കിലും പിഎസ്‌ജി അതു തള്ളിക്കളയുകയായിരുന്നു. അതിനാൽ സമ്മറിൽ താരം ഫ്രീ ഏജന്റായി ക്ലബിലെത്തുമെന്ന പ്രതീക്ഷയിലാണ് റയൽ മാഡ്രിഡ് നേതൃത്വമുള്ളത്.

"എനിക്കറിയില്ല," ആമസോൺ പ്രൈമിന് നൽകിയ അഭിമുഖത്തിൽ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് എംബാപ്പെ മറുപടി നൽകി. "ഇപ്പോൾ സമയമെടുത്തു മാത്രമേ അതു തീരുമാനിക്കാൻ കഴിയൂ. അതത്ര എളുപ്പമല്ല, എന്തു തന്നെയായാലും ഞാനൊരു വലിയ ക്ലബിനു വേണ്ടി തന്നെയാവും കളിക്കുന്നത്."

"ആദ്യമെനിക്ക് ടീം വിടാനാവാത്തതിൽ നിരാശ തോന്നിയിരുന്നു. പക്ഷെ ഞാൻ മൂന്നാം ഡിവിഷനിൽ ഒന്നുമല്ലല്ലോ കളിക്കുന്നത്, ചാമ്പ്യൻസ് ലീഗ് വിജയം നേടാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു ക്ലബിലാണ് ഞാനുള്ളത്. ഞാൻ പാരീസിയനാണ്, എന്റെ ഫാമിലി ഇവിടെയുണ്ട്, ഞാൻ നന്നായിരിക്കുന്നു, അതു ഞാനെപ്പൊഴും പറഞ്ഞിട്ടുമുണ്ട്. എനിക്ക് മറ്റൊന്ന് കണ്ടെത്തുക മാത്രമാണ് വേണ്ടിയിരുന്നത്." എംബാപ്പെ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരം അടുത്ത സമ്മറിൽ ഫ്രീ ട്രാൻസ്‌ഫറിൽ ക്ലബ് വിടുമെന്ന ഭീഷണി നിലനിൽക്കെ എംബാപ്പയുടെ വാക്കുകൾ ഫ്രഞ്ച് ക്ലബിനും ആരാധകർക്കും നേരിയ ആശ്വാസം നൽകുന്നതാണ്. താരവുമായി കരാർ പുതുക്കാൻ പിഎസ്‌ജി ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെയും അതു സംബന്ധിച്ച് ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit