Football in Malayalam

സ്വിറ്റ്സർലണ്ടിനെതിരായ പെനാൽറ്റി നഷ്‌ടത്തിൽ ആരാധകരോട് മാപ്പു പറഞ്ഞ് എംബാപ്പെ

Sreejith N
France v Switzerland - UEFA Euro 2020: Round of 16
France v Switzerland - UEFA Euro 2020: Round of 16 / Marcio Machado/Getty Images
facebooktwitterreddit

സ്വിറ്റ്സർലണ്ടിനെതിരായ യൂറോ കപ്പ് പ്രീ ക്വാർട്ടർ മത്സരത്തിലെ ഷൂട്ടൗട്ടിൽ നിർണായക പെനാൽറ്റി നഷ്ടപ്പെടുത്തി ഫ്രാൻസിന്റെ പുറത്താവലിനു വഴിയൊരുക്കിയതിനു ആരാധകരോടു മാപ്പു പറഞ്ഞ് കെയ്‌ലിയൻ എംബാപ്പെ. ടീമിനെ സഹായിക്കാൻ താൻ ശ്രമിച്ചെങ്കിലും അതിൽ പരാജയപ്പെട്ടുവെന്നു പറഞ്ഞ താരം ഇനി തനിക്ക് ഉറക്കം നഷ്‌ടപ്പെടുമെന്നും അതിനൊപ്പം കൂട്ടിച്ചേർത്തു.

അത്യന്തം ആവേശം നിറഞ്ഞു നിന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിന്റെ മുഴുവൻ സമയത്ത് ഇരു ടീമുകളും മൂന്നു ഗോളടിച്ച് സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്കും തുടർന്ന് ഷൂട്ടൗട്ടിലേക്കും എത്തിയത്. പെനാൽറ്റിയെടുത്ത മറ്റെല്ലാ താരങ്ങളും ലക്‌ഷ്യം കണ്ടപ്പോൾ അവസാനം വന്ന എംബാപ്പയുടെ കിക്ക് സ്വിസ് ഗോൾകീപ്പർ രക്ഷപ്പെടുത്തി ഫ്രാൻസിന് തോൽവിയും ടൂർണമെന്റിൽ നിന്നും പുറത്താവലും സമ്മാനിക്കുകയായിരുന്നു.

"പെനാൽറ്റി നഷ്ടപ്പെടുത്തിയതിനു ഞാൻ ക്ഷമാപണം നടത്തുന്നു. എന്റെ ടീമിനെ സഹായിക്കാനാണ് ഞാൻ ശ്രമിച്ചതെങ്കിലും അതിൽ പരാജയപ്പെട്ടു. ഉറക്കം കിട്ടാൻ ഇനി വളരെ ബുദ്ധിമുട്ടായിരിക്കും, എന്നാൽ യാദൃശ്ചികവശാൽ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന സ്പോർട്ടിൽ ഉണ്ടാകുന്ന ഉയർച്ച താഴ്ചകൾ ഇതൊക്കെയാണ്." തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ എമ്ബാപ്പെ പറഞ്ഞു.

"നിങ്ങൾ ആരാധകർ നിരാശരായിട്ടുണ്ടാകും എന്നറിയാമെങ്കിലും എനിക്ക് നൽകിയ പിന്തുണക്കും എന്നിലർപ്പിച്ച വിശ്വാസത്തിനും ഞാൻ നന്ദി പറയുന്നു. എന്നാൽ അടുത്ത അന്തിമപരിധിക്കു മുൻപ് കരുത്തോടെ ഉയർത്തെഴുന്നേൽക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്വിറ്റ്സർലണ്ടിന് അഭിനന്ദനവും ഭാവുകങ്ങളും." എംബാപ്പെ കുറിച്ചു.

നിലവിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി അറിയപ്പെടുന്ന എംബാപ്പെ പക്ഷെ യൂറോ കപ്പ് ടൂർണമെന്റിൽ വളരെ മോശം പ്രകടനമാണ് നടത്തിയത്. നാല് മത്സരങ്ങൾ കളിച്ച താരത്തിന് ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞില്ല. അവസാന മത്സരത്തിലെ ഒരു അസിസ്റ്റ് മാത്രമാണ് ടൂർണമെന്റിൽ എംബാപ്പയുടെ ഒരേയൊരു ഗോൾ പങ്കാളിത്തം.

facebooktwitterreddit