മെസിക്കൊപ്പം കളിക്കുന്നത് വളരെയെളുപ്പം, താരം ക്ലബുമായി കൂടുതൽ ഇണങ്ങിച്ചേർന്നു വരികയാണെന്ന് എംബാപ്പെ


സെയിന്റ് എറ്റിയെന്നെയുമായി ഇന്നലെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിനു ശേഷം ലയണൽ മെസിയുടെ കളിക്കളത്തിലുള്ള ഒത്തൊരുമയെക്കുറിച്ചു സംസാരിച്ച് പിഎസ്ജി സൂപ്പർതാരം കിലിയൻ എംബാപ്പെ. ഈ സമ്മറിൽ ബാഴ്സലോണയിൽ നിന്നും ഫ്രഞ്ച് ക്ലബ്ബിലെത്തിയ മെസി ടീമുമായി കൂടുതൽ ഇണങ്ങിച്ചേർന്നു വരികയാണെന്നും താരത്തിനൊപ്പം കളിക്കുന്നത് വളരെ എളുപ്പമാണെന്നും എംബാപ്പെ പറഞ്ഞു.
നാന്റസിനെതിരെ കഴിഞ്ഞ ലീഗ് മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയ പിഎസ്ജി ഇന്നലെ നടന്ന മത്സരത്തിൽ മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പിഎസ്ജി ജയം നേടിയ മത്സരത്തിൽ രണ്ടു ഗോളും ഒരു അസിസ്റ്റും എംബാപ്പെ നേടിയപ്പോൾ എംബാപ്പെ നേടിയ രണ്ടു ഗോളിനും വഴിയൊരുക്കിയത് ലയണൽ മെസിയുടെ കാലുകളായിരുന്നു.
Shouldn't be surprised that Messi assisted Mbappe from here ? pic.twitter.com/S9BlcJsElp
— International Champions Cup (@IntChampionsCup) February 26, 2022
"മെസി മഹത്തായ താരമാണ്, അദ്ദേഹം ഇവിടെയുള്ളതിൽ ഞാൻ സതോഷവാനാണ്. താരം പുതിയൊരു ജീവിതം, നഗരം, ക്ലബ് എന്നിവയുമായി ഇണങ്ങിച്ചേർന്നു കൊണ്ടിരിക്കുകയാണ്." മത്സരത്തിനു ശേഷം ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയനോട് സംസാരിക്കേ ഇരുപത്തിമൂന്നുകാരനായ താരം പറഞ്ഞു.
"മെസിക്ക് ഏഴു ബാലൺ ഡി ഓർ ഉണ്ടെങ്കിലും സാഹചര്യങ്ങളോട് പൊരുത്തപ്പെടേണ്ടത് നിർബന്ധമാണ്, അതങ്ങനെയാണ്. താരം കൂടുതൽ കൂടുതൽ മെച്ചപ്പെട്ടു വരുന്നുണ്ട്, സന്തോഷവാനുമാണ്. ഞാൻ എപ്പോഴും പറയുന്നതു പോലെ ഏറ്റവും മികച്ച മെസി കൂടെയുണ്ടെങ്കിൽ അത് കൂടുതൽ നല്ലതാണ്. താരത്തിനൊപ്പം കളിക്കുക വളരെ എളുപ്പമാണ്." എംബാപ്പെ വ്യക്തമാക്കി.
ഇന്നലത്തെ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയതോടെ ലീഗിൽ പതിനാലു ഗോളുകൾ നേടി ടോപ് സ്കോറർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ എംബാപ്പെക്ക് കഴിഞ്ഞിട്ടുണ്ട്. ലീഗിൽ ഗോളുകൾ കുറവാണെങ്കിലും അസിസ്റ്റുകളുടെ എണ്ണത്തിൽ മെസിയും മുന്നിലാണ്. പത്ത് അസിസ്റ്റുകൾ നേടിയ മെസിയാണ് ലീഗിൽ ഏറ്റവുമധികം അസിസ്റ്റുകൾ സ്വന്തമാക്കിയ താരം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.