പിഎസ്ജിയുമായി കരാർ പുതുക്കാൻ എംബാപ്പെ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങൾ


കിലിയൻ എംബാപ്പെ അടുത്ത സീസണിൽ ഏതു ക്ലബിനു വേണ്ടിയാകും കളിക്കുകയെന്ന കാര്യത്തിൽ ഒരുറപ്പും ആർക്കും നൽകാൻ കഴിയാത്ത സാഹചര്യമാണ് കടന്നു പോകുന്നത്. ഈ സീസണോടെ ഫ്രീ ഏജന്റായി മാറുന്ന താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറാനും കരാർ പുതുക്കി പിഎസ്ജിക്കൊപ്പം തുടരാനും ഒരുപോലെ സാധ്യത നിലനിൽക്കുന്നുണ്ട്. അതിനൊപ്പം തന്നെ പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിലേക്ക് ചേക്കേറുന്ന കാര്യവും എംബാപ്പെ പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഒരു തീരുമാനമെടുക്കാൻ എംബാപ്പക്ക് ഇനിയും സമയമുണ്ടെങ്കിലും പിഎസ്ജിയെ സംബന്ധിച്ച് താരത്തിന്റെ കരാർ എത്രയും വേഗം പുതുക്കേണ്ടത് ആവശ്യമാണ്. അതിനായി നിരവധി ഓഫറുകളും ചർച്ചകളും അവർ നടത്തുന്നുമുണ്ട്. കഴിഞ്ഞ ദിവസം ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ പുറത്തുവിട്ട റിപ്പോർട്ടുകൾ പിഎസ്ജി കരാർ പുതുക്കാൻ എംബാപ്പെക്ക് താൽപര്യമുണ്ടെന്നും എന്നാൽ അതിനായി ഏതാനും നിബന്ധനകൾ താരം മുന്നോട്ടു വെക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നു.
Mbappe's conditions to renew https://t.co/T05SBNaOgl
— SPORT English (@Sport_EN) February 19, 2022
റിപ്പോർട്ടുകൾ പ്രകാരം പിഎസ്ജിയുടെ ഏറ്റവും പ്രധാനപ്പെട്ട താരവും ക്ലബിന്റെ ഇമേജുമാക്കി തന്നെ മാറ്റുകയെന്നതാണ് താരം മുന്നോട്ടു വെക്കുന്ന പ്രധാന ആവശ്യം. മറ്റേതു ക്ലബ്ബിലേക്ക് ചേക്കേറിയാലും ഈ ആവശ്യം നടപ്പിലാകുമെങ്കിലും നെയ്മർ, മെസി തുടങ്ങിയ സൂപ്പർതാരങ്ങളുള്ളതിനാലാണ് താരം ഇതൊരു ആവശ്യമായി മുന്നോട്ടു വെച്ചിരിക്കുന്നത്.
ഇതിനു പുറമെ ക്ലബിന്റെ ശൈലി തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിക്കുന്നതാകണം എന്നും എംബാപ്പെ ആവശ്യപ്പെടുന്നുണ്ട്. മറ്റുള്ള താരങ്ങളെ കളിക്കളത്തിൽ ആശ്രയിച്ചു നിൽക്കേണ്ട ആവശ്യമില്ലാതെ സ്വാതന്ത്ര്യത്തോടെ കളിക്കാനുള്ള അവകാശം ആവശ്യപ്പെടുന്ന താരം ക്ലബിന്റെ ഫ്രീ കിക്ക്, പെനാൽറ്റി എന്നിവയെടുക്കുന്ന താരമാക്കി തന്നെ മാറ്റണമെന്ന നിബന്ധനയും മുന്നോട്ടു വെക്കുന്നുണ്ട്.
ഇതിനു പുറമെ ക്ലബിന്റെ അടിസ്ഥാനപരമായ കാര്യങ്ങൾ മെച്ചപ്പെടുത്തണം എന്ന ആവശ്യവും താരത്തിനുണ്ട്. താരങ്ങളുടെ പരിശീലനം ഉൾപ്പെടെയുള്ള ദൈനംദിന കാര്യങ്ങളിൽ ശക്തമായ നിയമം കൊണ്ടുവരണമെന്നാണ് താരത്തിന്റെ അഭിപ്രായം. താരങ്ങൾ അധികാരം കയ്യാളുന്നതും വൈകി വരുന്നതുമെല്ലാം ഒഴിവാക്കേണ്ട കാര്യങ്ങളാണെന്നും ഇതിൽ പിഎസ്ജി ശക്തമായ നിലപാട് സ്വീകരിക്കണമെന്നും എംബാപ്പെ ആവശ്യപ്പെടുന്നു.
ഈ വർഷം ലോകകപ്പ് നടക്കാനിരിക്കെ എംബാപ്പെ ഫ്രാൻസിൽ തന്നെ തുടർന്ന് ദേശീയടീമിനെ പ്രതിനിധീകരിക്കണം എന്നാണു പിഎസ്ജിയുടെ ആഗ്രഹം. രണ്ടു വർഷത്തെ കരാറെങ്കിലും നൽകി മറ്റു ക്ലബുകൾക്ക് പ്രാപ്യമായ റിലീസ് ക്ളോസ് വെച്ച് താരത്തിന്റെ കരാർ പുതുക്കാനാണ് പിഎസ്ജി ഒരുങ്ങുന്നത്. എംബാപ്പയുടെ പ്രതിഫലം മറ്റൊരു വിഷയമാണെങ്കിലും കരാർ പുതുക്കുന്ന നടപടികളുമായി മുന്നോട്ടു പോകാൻ തന്നെയാണ് പിഎസ്ജിയുടെ തീരുമാനം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.