ജനുവരിയില്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറില്ലെന്ന് വ്യക്തമാക്കി കെയ്‌ലിൻ എംബാപ്പെ

വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറില്ലെന്ന് പി.എസ്.ജി താരം കെയ്‌ലിൻ എംബാപ്പെ. സീസണ്‍ അവസാനത്തോടെ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കുന്ന എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. എന്നാൽ, ജനുവരിൽ എന്തായാലും അത്തരം ഒരു നീക്കം നടക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഫ്രഞ്ച് താരമിപ്പോൾ.
"ഇല്ല ഞാന്‍ ജനുവരിയില്‍ റയല്‍ മാഡ്രിഡില്‍ ചേരില്ല, ജനുവരിയില്‍ അത് സംഭവിക്കില്ല,'' എംബാപ്പെ സി.എന്‍.എന്നിനോട് വ്യക്തമാക്കി. "ഞാന്‍ ഇപ്പോള്‍ പി.എസ്.ജിയിലാണ്, ഇവിടെ സന്തോഷവാനാണ്. സീസണ്‍ മുഴുവനും പി.എസ്.ജിക്കൊപ്പമുണ്ടാകുമെന്ന കാര്യം 100 ശതമാനം ഉറപ്പാണ്. ഈ സീസണില്‍ എല്ലാ കിരീടങ്ങളും വിജയിക്കുന്നതിന് വേണ്ടി ഞാന്‍ എല്ലാം നല്‍കും."
നേരത്തെ, കഴിഞ്ഞ സമ്മറിൽ എംബാപ്പെയെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡ് ശ്രമിച്ചിരുന്നു. എന്നാൽ റയൽ സമർപ്പിച്ച ഓഫർ പിഎസ്‌ജി നിഷേധിക്കുകയായിരുന്നു. അടുത്ത സമ്മറിൽ താരത്തെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡ് പദ്ധതിയിടുന്നുണ്ടെങ്കിലും, ചാംപ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ പി.എസ്.ജിയും റയലും നേര്‍ക്കുനേര്‍ വന്നതോടെ ആ മത്സരം കഴിയുന്നത് വരെ താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ നിർത്തിവെക്കാൻ സ്‌പാനിഷ് ക്ലബ് തീരുമാനിച്ചിട്ടുണ്ട്.
"അതിനെ കുറിച്ച് സംസാരിക്കാനുള്ള സമയമല്ല ഇത്. ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെ തോല്‍പിക്കുക എന്നത് മാത്രമാണ് ഇപ്പോള്‍ എന്റെ മുന്നിലുള്ള ലക്ഷ്യം. ഞങ്ങള്‍ തയ്യാറാണ്. പി.എസ്.ജിക്ക് വേണ്ടി എന്റെ എല്ലാം നല്‍കാന്‍ തയ്യാറാണ്," ജൂണില്‍ റയല്‍ മാഡ്രിഡിലെത്തുമോ എന്ന ചോദ്യത്തിന് എംബാപ്പെ മറുപടി പറഞ്ഞു.
അതേ സമയം, എംബാപ്പെ ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലും താരത്തെ പിടിച്ചു നിര്‍ത്തുന്നതിനുള്ള നീക്കങ്ങള്‍ പിഎസ്‌ജി നടത്തുന്നുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.