Football in Malayalam

രണ്ട് വർഷം കൂടുമ്പോൾ ലോകകപ്പ് നടത്തുകയെന്ന ആശയത്തിന് എതിരെ രംഗത്തെത്തി കെയ്‌ലിൻ എംബാപ്പെയും റോബർട്ട് ലെവൻഡോസ്‌കിയും

Ali Shibil Roshan
Mbappe and Lewandowski have spoken out against biennial World Cup
Mbappe and Lewandowski have spoken out against biennial World Cup / Sylvain Lefevre, Marc Atkins, Sebastian Widmann - Getty Images
facebooktwitterreddit

രണ്ട് വർഷം കൂടുമ്പോൾ ലോകകപ്പ് നടത്തുക എന്ന ഫിഫയുടെ ആശയത്തിന് എതിരെ രംഗത്തെത്തി ബയേൺ മ്യൂണിക്ക് താരം റോബർട്ട് ലെവൻഡോസ്‌കിയും, പിഎസ്‌ജി താരം കെയ്‌ലിൻ എംബാപ്പെയും.

നിലവിൽ നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ലോകകപ്പ്, രണ്ട് വർഷത്തിലൊരിക്കൽ നടത്താനുള്ള പദ്ധതിയുമായി ഫിഫ മുന്നോട്ട് പോവുകയാണ്. രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്തുന്നതിനെതിരെ നാനാഭാഗത്ത് നിന്ന് എതിർപ്പും പ്രതിഷേധങ്ങളും ഉയരുന്നുണ്ടെങ്കിലും, ഈ ആശയത്തിന് ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടെന്ന് ഈയിടെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞിരുന്നു.

എന്നാൽ, ലോകമെമ്പാടുമുള്ള ആരാധകർ പ്രതീക്ഷകളോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ഫുട്ബോൾ മാമാങ്കമായ ഫിഫ ലോകകപ്പ്, നാല് വർഷത്തിന് പകരം രണ്ട് വർഷം കൂടുമ്പോൾ നടത്തിയാൽ ടൂർണമെന്റ് 'സാധാരണം' ആവുമെന്നാണ് ദ്വിവർഷ ലോകകപ്പ് എന്ന ആശയത്തെ എതിർത്ത് കൊണ്ട് എംബാപ്പെ പറഞ്ഞത്.

"കളിക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമാണ്, പക്ഷേ ഇത് വളരെ കൂടുതലാണ്. ആളുകൾക്ക് ഗുണനിലവാരം കാണണമെങ്കിൽ, നമ്മൾ ഇടവേളകൾ എടുക്കണം. രണ്ട് വർഷം കൂടുമ്പോൾ ലോകകപ്പ് കളിക്കുന്നത് ഈ ടൂർണമെന്റിനെ 'സാധാരണ'മാക്കും, അങ്ങനെയാകരുത്. ലോകകപ്പ്, നേഷൻസ് ലീഗ്... ഞങ്ങൾ അവ കളിക്കാൻ ഇഷ്ടപ്പെടുന്നു, പക്ഷേ അത് വളരെ കൂടുതലാണ്. ആളുകൾക്ക് ഗുണനിലവാരം കാണണമെങ്കിൽ, നമ്മൾ ഇടവേളകൾ എടുക്കണം എന്ന് ഞാൻ കരുതുന്നു," ഗ്ലോബ് സോക്കർ അവാർഡ്‌സ് ചടങ്ങിൽ എംബാപ്പെ പറഞ്ഞതായി എഎസ് റിപ്പോർട്ട് ചെയ്തു.

എംബാപ്പെയുടെ അഭിപ്രായത്തോട് യോജിച്ച ലെവൻഡോസ്‌കി, ഇപ്പോൾ തന്നെ വർഷത്തിൽ ഒരുപാട് മത്സരങ്ങൾ ഉണ്ടെന്നും, രണ്ട് വർഷം കൂടുമ്പോൾ ലോകകപ്പ് നടത്തുകയാണെങ്കിൽ, നിലവാരം താഴോട്ട് പോകുമെന്നും പറഞ്ഞു.

"ഞങ്ങൾക്ക് വർഷത്തിൽ ധാരാളം മത്സരങ്ങളുണ്ട്. [മത്സരങ്ങളാൽ] വളരെ സാന്ദ്രമാണ് ആഴ്‌ചകൾ. നിങ്ങൾക്ക് ആരാധകർക്ക് വ്യത്യസ്തമായ എന്തെങ്കിലും നൽകണമെങ്കിൽ, നിങ്ങൾക്ക് ഒരു ഇടവേള ആവശ്യമാണ്.
നമ്മൾ ഭാവിയിലേക്ക് നോക്കണം, രണ്ട് വർഷം കൂടുമ്പോൾ ഒരു ലോകകപ്പ് നമുക്ക് കളിക്കണമെങ്കിൽ, നിലവാരം കുറയും. ശരീരത്തിനും മനസ്സിനും ഒരേ നിലവാരത്തിൽ പ്രകടനം നടത്തുന്നത് അസാധ്യമാണ്," ലെവൻഡോസ്‌കി പറഞ്ഞു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit