Football in Malayalam

"മനസു മാറ്റുന്ന കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചേക്കാം"- ട്രാൻസ്‌ഫർ അഭ്യൂഹങ്ങളിൽ പ്രതികരിച്ച് എംബാപ്പെ

Sreejith N
Paris Saint Germain v AS Monaco - Ligue 1 Uber Eats
Paris Saint Germain v AS Monaco - Ligue 1 Uber Eats / Eurasia Sport Images/GettyImages
facebooktwitterreddit

പിഎസ്‌ജി സൂപ്പർതാരമായ എംബാപ്പയുടെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വളരെക്കാലമായി ഫുട്ബോൾ ലോകത്തു നിറഞ്ഞു നിൽക്കുന്ന ഒന്നാണ്. റയൽ മാഡ്രിഡിൽ കളിക്കാനുള്ള തന്റെ ആഗ്രഹം പലപ്പോഴും പ്രകടിപ്പിച്ചിട്ടുള്ള താരത്തെ ഇക്കഴിഞ്ഞ സമ്മർ ജാലകത്തിൽ ഇരുനൂറു മില്യൺ യൂറോ നൽകി സ്വന്തമാക്കാൻ ലോസ് ബ്ലാങ്കോസ് ശ്രമിച്ചെങ്കിലും വിട്ടുകൊടുക്കാൻ പിഎസ്‌ജി തയ്യാറായിരുന്നില്ല.

ഇക്കഴിഞ്ഞ സമ്മറിൽ എംബാപ്പെ ട്രാൻസ്‌ഫർ നടന്നില്ലെങ്കിലും ജൂണിൽ കരാർ അവസാനിക്കുന്ന താരത്തെ ഫ്രീ ട്രാൻസ്‌ഫറിൽ സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് റയൽ മാഡ്രിഡ് നേതൃത്വം. എന്നാൽ അതിനിടയിൽ കഴിഞ്ഞ ദിവസം എംബാപ്പെ ഇതുമായി ബന്ധപ്പെട്ടു നടത്തിയ പ്രതികരണം താരം ഫ്രഞ്ച് ക്ലബിൽ തന്നെ തുടരുമെന്ന ആരാധകരുടെ പ്രതീക്ഷകളെ ഉയർത്തുന്ന ഒന്നായിരുന്നു.

"മൊണാക്കോയിൽ നിന്നും പിഎസ്‌ജിയിലേക്ക് ഞാനെത്തിയത് യുക്തിപരമായിരുന്നു. എന്നാൽ അതിനു മുകളിൽ നിന്നു ചിന്തിക്കുമ്പോൾ മുൻകൂട്ടി നിശ്ചയിച്ചിട്ടില്ലാത്ത കാര്യങ്ങൾക്കും ജീവിതത്തിൽ ഇടമുണ്ടെന്നു തോന്നുന്നു. സന്തോഷങ്ങൾ, ആശ്ചര്യം സൃഷ്‌ടിക്കുന്ന കാര്യങ്ങൾ- അതെല്ലാം ഈ സ്പോർട്ടിന്റെ മനോഹരമായ വശമാണ്."

"നമ്മുടെ മനസു മാറ്റുന്ന പല കാര്യങ്ങളും സംഭവിക്കാം. ഞാൻ അടുത്ത ഇരുപതു വർഷം എന്താണ് ചെയ്യുകയെന്നു പ്രവചിക്കുക അസാധ്യമായ കാര്യം തന്നെയാണ്." പാരിസ് മാച്ചിനു നൽകിയ അഭിമുഖത്തിൽ തന്റെ ഭാവിയെക്കുറിച്ച് എംബാപ്പെ പറഞ്ഞു. അതിൽ കൂടുതലായി ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ താരം തയ്യാറായതുമില്ല.

തന്റെ ഭാവി തീരുമാനിക്കുന്നത് മാതാപിതാക്കളല്ലെന്നും ഏതൊരു തീരുമാനത്തിനും പൂർണമായ പിന്തുണ നൽകുകയാണ് അവർ ചെയ്യാറുള്ളതെന്നും എംബാപ്പെ പറഞ്ഞു. ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള ചുവടുവെപ്പുകൾ പിഎസ്‌ജി നടത്തുന്നുണ്ടെന്നും ഏതാനും കാര്യങ്ങൾ കൂടി കൃത്യമായാൽ അതു വിജയിക്കാൻ ക്ലബിനു കഴിയുമെന്നും ഈ വർഷം അതു സംഭവിക്കുമെന്നു കരുതുന്നതായും എംബാപ്പെ വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit