Football in Malayalam

എംബാപ്പെക്കു വേണ്ടിയുള്ള ഓഫർ വർധിപ്പിക്കാതെ റയൽ മാഡ്രിഡ്, താരം പിഎസ്‌ജിയിൽ തുടരും

Sreejith N
Stade de Reims v Paris Saint Germain - Ligue 1
Stade de Reims v Paris Saint Germain - Ligue 1 / John Berry/Getty Images
facebooktwitterreddit

റെയിംസിനെതിരേ ഇന്നലെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ കെയ്‌ലിയൻ എംബാപ്പെ വരുന്ന സീസണിൽ പിഎസ്‌ജിയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ടുകൾ. താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും എംബാപ്പക്കു വേണ്ടി നിലവിൽ നൽകിയ ഓഫർ ലോസ് ബ്ലാങ്കോസ് വർധിപ്പിക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് താരത്തെ വിട്ടുകൊടുക്കാൻ യാതൊരു പദ്ധതിയും പിഎസ്‌ജിക്കില്ലെന്ന് സ്‌പാനിഷ്‌ മാധ്യമം മാർക്ക റിപ്പോർട്ടു ചെയ്യുന്നു.

എംബാപ്പക്കു വേണ്ടി റയൽ മാഡ്രിഡ് ആദ്യം 160 മില്യൺ യൂറോയുടെ ഓഫറാണ് നൽകിയത്. ഇതു പിഎസ്‌ജി തള്ളിയതോടെ 170 മില്യൺ ട്രാൻസ്‌ഫർ ഫീസും പത്തു മില്യൺ അനുബന്ധ ഫീസുമായി മറ്റൊരു ഓഫർ കൂടി റയൽ മാഡ്രിഡ് നൽകിയെങ്കിലും അതും പിഎസ്‌ജി പരിഗണിച്ചില്ല. തങ്ങൾ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ എംബാപ്പയെ വിട്ടുകൊടുക്കാൻ തയ്യാറാക്കൂവെന്ന ക്ലബ് ഡയറക്റ്റർ ലിയനാർഡോയുടെ വാക്കുകളെ ഉറപ്പിക്കുക തന്നെയാണ് പിഎസ്‌ജി ഇതിലൂടെ ചെയ്യുന്നത്.

റയൽ മാഡ്രിഡ് ഓഫർ ഉയർത്താൻ തയ്യാറാകാത്തതിനാൽ ഈ സീസണിലും പിഎസ്‌ജിയിൽ തുടരേണ്ടി വരുമെങ്കിലും ഫ്രഞ്ച് താരത്തിന് അതിൽ യാതൊരു നിരാശയുമില്ല. ശാന്തനായി തന്റെ കഴിവിന്റെ പരമാവധി കളിക്കളത്തിൽ കാഴ്‌ച വെക്കുന്ന എംബാപ്പെ കഴിഞ്ഞ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയത് അതിന്റെ തെളിവാണ്. റയലിലേക്ക് ചേക്കേറാൻ എംബാപ്പെ ആഗ്രഹിക്കുന്നുണ്ടെങ്കിലും പിഎസ്‌ജിയിൽ ഈ സീസണിൽ തുടരേണ്ടി വന്നാലും താരം സംതൃപ്തൻ തന്നെയായിരിക്കും.

പിഎസ്‌ജിയിൽ തുടർന്ന് അടുത്ത സമ്മറിൽ ഫ്രീ ട്രാൻസ്ഫറിൽ തന്റെ റയൽ മാഡ്രിഡ് മോഹം നടപ്പാക്കാമെന്ന് എംബാപ്പെ ചിന്തിക്കുമ്പോൾ ഈ സീസണിനിടയിൽ താരത്തെക്കൊണ്ട് പുതിയ കരാർ ഒപ്പിടീക്കാമെന്നാണ് പിഎസ്‌ജി കരുതുന്നത്. ഫ്രഞ്ച് ലീഗിലും ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനം നടത്തിയാൽ അതു സാധ്യമാകുമെന്ന പ്രതീക്ഷയും പിഎസ്‌ജിക്കുണ്ട്. ലയണൽ മെസിയടക്കമുള്ള താരങ്ങളുടെ സാന്നിധ്യവും എംബാപ്പെ പിഎസ്‌ജിയുമായി കരാർ പുതുക്കാൻ നിർണായക സ്വാധീനം ചെലുത്തുന്ന ഘടകമായിരിക്കും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit