കരാർ പുതുക്കാൻ പിഎസ്ജിക്കു മുന്നിൽ മൂന്ന് ആവശ്യങ്ങൾ വെച്ച് കിലിയൻ എംബാപ്പെ


ഈ സീസണോടെ പിഎസ്ജി കരാർ അവസാനിക്കുന്ന കിലിയൻ എംബാപ്പെ അതു പുതുക്കുന്നതിനായി പിഎസ്ജിക്കു മുന്നിൽ മൂന്നു ആവശ്യങ്ങൾ വെച്ചുവെന്ന് റിപ്പോർട്ടുകൾ. സമ്മർ ജാലകത്തിൽ ഫ്രീ ഏജന്റായി താരത്തെ സ്വന്തമാക്കാനുള്ള റയൽ മാഡ്രിഡിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്താൻ ഈ സീസൺ അവസാനിക്കും മുൻപ് എംബാപ്പക്ക് പുതിയ കരാർ നൽകാൻ പിഎസ്ജി സജീവമായ നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കെയാണ് താരം തനിക്കു വേണ്ട ആവശ്യങ്ങൾ മുന്നോട്ടു വെച്ചത്.
റിപ്പോർട്ടുകൾ പ്രകാരം പിഎസ്ജി നൽകിയ നിരവധി വമ്പൻ ഓഫറുകൾ എംബാപ്പെ നിരസിച്ചിട്ടുണ്ട്. അതിനിടയിൽ താരത്തിന് പിഎസ്ജി ബ്ലാങ്ക് ചെക്ക് നൽകിയെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. എന്നാൽ ഇതെല്ലാം നിലവിൽ വേണ്ടെന്നു വെച്ച എംബാപ്പെ തന്റെ ആവശ്യങ്ങൾ പരിഗണിച്ചാൽ പുതിയ കരാർ ഒപ്പിടാമെന്ന നിലപാടിലാണെന്നാണ് മുണ്ടോ ഡീപോർറ്റീവോയുടെ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.
റിപ്പോർട്ട് പ്രകാരം എംബാപ്പയുടെ പ്രധാന ആവശ്യം പിഎസ്ജി എല്ലാ സീസണിലും ചാമ്പ്യൻസ് ലീഗ് കിരീടം പ്രധാന ലക്ഷ്യമായി മുന്നോട്ടു പോകണമെന്നാണ്. നിരവധി വമ്പൻ താരങ്ങളെ സ്വന്തമാക്കിയിട്ടും ഒരിക്കൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിയതാണ് പിഎസ്ജിയെ സംബന്ധിച്ചുള്ള പ്രധാന നേട്ടം. ചാമ്പ്യൻസ് ലീഗ് കിരീടം നേടിയാൽ ബാലൺ ഡി ഓർ സാധ്യത വർധിക്കുമെന്നതും താരം ഈ ആവശ്യം മുന്നോട്ടു വെക്കാൻ കാരണം ആയിട്ടുണ്ടാകാം.
മറ്റൊന്ന് ലയണൽ മെസി, നെയ്മർ എന്നീ വൻ തോക്കുകളെ മറികടന്ന് ടീമിലെ പ്രധാന താരമാക്കി തന്നെ മാറ്റണം എന്നതാണ്. പിഎസ്ജിയുടെ പ്രോജക്റ്റ് തന്നെ കേന്ദ്രീകരിച്ചു കൊണ്ട് മുന്നോട്ടു പോകണമെന്നും ടീമിനു ലഭിക്കുന്ന ഫ്രീ കിക്ക്, പെനാൽറ്റി എന്നിവ എടുക്കാനുള്ള അവകാശം വേണമെന്നും താരം പറയുന്നു. റയൽ മാഡ്രിഡിലേക്ക് ചേക്കേറിയാൽ ഇതെല്ലാം താരത്തിന് ലഭിക്കും.
മറ്റൊന്ന് നിലവിലെ പരിശീലകൻ മൗറീസിയോ പോച്ചട്ടിനോയുടെ ഭാവിയെ സംബന്ധിച്ചുള്ളതാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യം വെക്കുന്ന പോച്ചട്ടിനോക്ക് പകരക്കാരനായി സിദാൻ പിഎസ്ജി പരിശീലകൻ ആകുമെന്ന റിപ്പോർട്ടുകൾ എംബാപ്പയെ ക്ലബിൽ തുടരാൻ പ്രേരിപ്പിക്കുന്നുണ്ട്. എന്നാൽ ഇതു സംബന്ധിച്ച കൃത്യമായ വിവരവും അതിനു ശേഷം ക്ലബിന്റെ സ്പോർട്ടിങ് പ്രോജക്റ്റ് എങ്ങിനെയാകുമെന്നതുമാണ് കിലിയൻ എംബാപ്പെ മൂന്നാമത്തെ ആവശ്യമായി മുന്നോട്ടു വെച്ചിരിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.