മെസി ലോകത്തിലെ ഏറ്റവും മികച്ച താരം, പെനാൽറ്റി നൽകിയത് ബഹുമാനം കൊണ്ടെന്ന് എംബാപ്പെ

Sreejith N
Paris Saint-Germain v RB Leipzig: Group A - UEFA Champions League
Paris Saint-Germain v RB Leipzig: Group A - UEFA Champions League / John Berry/GettyImages
facebooktwitterreddit

ജർമൻ ക്ലബായ ആർബി ലീപ്‌സിഗുമായി നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്‌ജിക്കു ലഭിച്ച ആദ്യത്തെ പെനാൽറ്റി ലയണൽ മെസിക്കു നൽകിയതിനെക്കുറിച്ചു പ്രതികരിച്ച് ഫ്രഞ്ച് മുന്നേറ്റനിര താരം കെയ്‌ലിയൻ എംബാപ്പെ. ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസിയോടുള്ള ബഹുമാനം കൊണ്ടാണ് ആ പെനാൽറ്റി താരത്തിനു നൽകിയതെന്നും അതിനു ശേഷം ടീമിനു ലഭിച്ച പെനാൽറ്റി മെസി തനിക്കു നൽകിയെന്നും എംബാപ്പെ പറഞ്ഞു.

എംബാപ്പെ തുടക്കത്തിൽ തന്നെ നേടിയ ഗോളിൽ പിഎസ്‌ജി മുന്നിലെത്തിയ മത്സരത്തിൽ ലീപ്‌സിഗ് രണ്ടു ഗോളുകൾ നേടി തിരിച്ചു വരവ് നടത്തിയെങ്കിലും ലയണൽ മെസിയുടെ ഇരട്ടഗോളുകൾ പിഎസ്‌ജിക്ക് വിജയം നൽകുകയായിരുന്നു. എംബാപ്പയുടെ പാസിൽ ആദ്യത്തെ ഗോൾ നേടിയ അർജന്റീന താരം പിന്നീട് ലഭിച്ച പെനാൽറ്റിയിലൂടെയും ലക്‌ഷ്യം കണ്ടു. അതിനു ശേഷം ഒരു പെനാൽറ്റി കൂടി പിഎസ്‌ജിക്ക് ലഭിച്ചെങ്കിലും എംബാപ്പെ അതു പുറത്തേക്കടിച്ചു കളയുകയാണുണ്ടായത്.

"അതു സ്വാഭാവികമാണ്, ബഹുമാനവും. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരമാണ്, അദ്ദേഹം ഞങ്ങളുടെ ടീമിലേക്ക് വന്നതും ഒപ്പം കളിക്കാൻ കഴിയുന്നതുമെല്ലാം ഒരു അനുഗ്രഹമാണെന്ന് ഞാൻ എല്ലായിപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരു പെനാൽറ്റി വന്നപ്പോൾ താരം അതെടുത്തു. രണ്ടാമത്തെ പെനാൽറ്റി ലഭിച്ചപ്പോൾ 'അതെടുക്കൂ' എന്നും മെസി പറഞ്ഞു." മത്സരത്തിനു ശേഷം കനാൽ പ്ലസിനോട് എംബാപ്പെ പറഞ്ഞു.

എംബാപ്പക്കു രണ്ടാമതു ലഭിച്ച പെനാൽറ്റി നൽകിയതിലൂടെ പിഎസ്‌ജിക്കു വേണ്ടി ആദ്യത്തെ ഹാട്രിക്ക് നേടാൻ ലഭിച്ച അവസരം കൂടിയാണ് മെസി വേണ്ടെന്നു വെച്ചതെന്ന പ്രത്യേകത കൂടിയുണ്ട്. എന്നാൽ ഫ്രഞ്ച് താരം എടുത്ത കിക്ക് ബാറിനു മുകളിലൂടെ പോയതോടെ മത്സരത്തിൽ ലീഡ് വർധിപ്പിക്കാനുള്ള പിഎസ്‌ജിയുടെ സാധ്യതകളും ഇല്ലാതായി.

നെയ്‌മർ കളിക്കാതിരുന്ന മത്സരത്തിൽ പിന്നിൽ നിന്നും തിരിച്ചു വന്നതിനു ശേഷം നേടിയ വിജയവും എംബാപ്പെ, മെസി എന്നിവർ നേടിയ ഗോളുകളും ടീമിന് ആത്മവിശ്വാസം നൽകുന്നതാണ്. ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബ്രൂഗെയോട് സമനില വഴങ്ങിയ പിഎസ്‌ജി പിന്നീട് നടന്ന രണ്ടു മത്സരങ്ങളിലും വിജയം നേടി.

facebooktwitterreddit