Football in Malayalam

കെയ്ലിൻ എംബാപ്പെയുടെ അമിതമായ ഈഗോ ഫ്രാൻസിന് പ്രശ്നമാകുന്നുവെന്ന് മുൻ ഫ്രെഞ്ച് താരം ജെറോം റോതൻ

Gokul Manthara
Portugal v France - UEFA Euro 2020: Group F
Portugal v France - UEFA Euro 2020: Group F / Alex Pantling/Getty Images
facebooktwitterreddit

സൂപ്പർ താരം കെയ്ലിൻ എംബാപ്പെയുടെ അമിതമായ ഈഗോ യൂറോ 2020 ൽ ഫ്രാൻസിന് ഒരു പ്രശ്നമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി മുൻ ഫ്രെഞ്ച് താരം ജെറോം റോതൻ രംഗത്ത്. താരത്തിന്റെ ഈഗോ ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്സിനും വലിയ തലവേദനയാകുന്നുണ്ടെന്ന് അഭിപ്രായപ്പെടുന്ന അദ്ദേഹം ഇത് എംബാപ്പെയുടെ പ്രകടനത്തെ ബാധിച്ചു തുടങ്ങിയെന്നും കൂട്ടിച്ചേർത്തു.‌ കഴിഞ്ഞ ദിവസം ഫ്രഞ്ച് മാധ്യമമായ ആർ എം സി സ്പോർടിനോട് സംസാരിക്കുകയായിരുന്നു റോതൻ.

ദിദിയർ ദെഷാംപ്സിന് കെയ്ലിൻ എംബാപ്പെയുടെ വർധിച്ചു വരുന്ന ഈഗോ ദീർഘനാൾ കൈകാര്യം ചെയ്യാൻ കഴിയില്ലെന്നാണ് റോതന്റെ പക്ഷം. ഇത് വളരെ പ്രശ്നകരമാണെന്ന് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം, എംബാപ്പെയെ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അദ്ദേഹം അനുവദിച്ചത് അതിശയകരമാണെന്നും കൂട്ടിച്ചേർത്തു.

""ദിദിയർ ദെഷാംപ്സിന് ഇത് (എംബാപ്പെയുടെ ഈഗോ) കൂടുതൽ നാൾ കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും, അത് വളരെയധികം പ്രശ്നകരമാണെന്നും ഞാൻ കരുതുന്നു. എംബാപ്പെയെ വളരെയധികം കാര്യങ്ങൾ ചെയ്യാൻ അദ്ദേഹം അനുവദിച്ചത് അതിശയകരമാണ്." "

ദിദിയർ ദെഷാംപ്സ്

ഈഗോ,പിച്ചിലെ എംബാപ്പെയുടെ പ്രകടനങ്ങളേയും ബാധിച്ചുവെന്നാണ് റോതൻ പറയുന്നത്. എംബാപ്പെയെ സംബന്ധിച്ചിടത്തോളം ഇത് വിജയകരമായ യൂറോയല്ലെന്നും സീസൺ അവസാനം പി എസ് ജിക്ക് ഒപ്പമുണ്ടായിരുന്നത് പോലെയല്ല ഇപ്പോൾ അദ്ദേഹമുള്ളതെന്നും ഇതിനൊപ്പം അദ്ദേഹം വ്യക്തമാക്കി.

"കെയ്ലിൻ എംബാപ്പെയിൽ നിന്ന് നമ്മൾ കൂടുതൽ മികച്ചത് പ്രതീക്ഷിക്കുന്നു. യൂറോപ്പിലെ ഏറ്റവും മികച്ച കളികാരിൽ ഒരാളാണ് എംബാപ്പെയെന്ന് എല്ലാവരും കരുതുന്നു. എന്നാൽ നിങ്ങൾ ഉടൻ തന്നെ ഏറ്റവും മികച്ചവരുടെ ക്യാറ്റഗറിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയാൽ, നിങ്ങൾക്ക് സംതൃപ്തരാവാൻ കഴിയില്ല.'' റോതൻ പറഞ്ഞു നിർത്തി.

നേരത്തെ യൂറോ 2020 ആരംഭിക്കുന്നതിന് തൊട്ടു മുൻപ് സഹതാരം ഒളിവർ ജിറൂഡും എംബാപ്പെയും തമ്മിൽ ചില പടലപ്പിണക്കങ്ങളുണ്ടായത് വലിയ വാർത്തയായിരുന്നു‌‌. അതേ‌ സമയം യൂറോ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളിലും സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം പിടിച്ച എംബാപ്പെയ്ക്ക് പ്രതീക്ഷിച്ച മികവിലേക്ക് ഇതു വരെ ഉയരാൻ കഴിഞ്ഞിട്ടില്ല. ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് മത്സരത്തിൽ മുന്നിലുണ്ടാകുമെന്ന് കരുതപ്പെട്ടിരുന്ന‌ താരത്തിനാകട്ടെ ഇതു വരെ ഒരു ഗോൾ പോലും സ്കോർ ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നതാണ് ശ്രദ്ധേയം.

facebooktwitterreddit