Football in Malayalam

പിഎസ്‌ജി വിടണമെന്ന് കെയ്‌ലിൻ എംബാപ്പെ തങ്ങളോട് പറഞ്ഞിട്ടില്ലെന്ന് മൗറിസിയോ പൊച്ചട്ടീനോ

Gokul Manthara
Racing Club de Strasbourg Alsace v Paris Saint Germain - Ligue 1
Racing Club de Strasbourg Alsace v Paris Saint Germain - Ligue 1 / Sylvain Lefevre/Getty Images
facebooktwitterreddit

പിഎസ്‌ജിയുടെ ഫ്രഞ്ച് സൂപ്പർ താരം‌ കെയ്ലിൻ എംബാപ്പെ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങൾ കൂടുതൽ ശക്തമാകുന്നതിനിടെ താരം ക്ലബ്ബ് വിടുന്നതിനെപ്പറ്റി തങ്ങളോട് ഇതു വരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ഫ്രഞ്ച് ക്ലബ്ബിന്റെ പരിശീലകനായ മൗറീസിയോ പൊച്ചട്ടീനോ. ഞായറാഴ്ച റീംസിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പൊച്ചട്ടീനോ ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയത്.

ക്ലബ്ബിനൊപ്പം മികച്ച രീതിയിൽ പരിശീലനം നടത്തുന്ന എംബാപ്പെ അടുത്ത മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണെന്നും പൊച്ചട്ടീനോ കൂട്ടിച്ചേർത്തു. എംബാപ്പെ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടാൻ സാധ്യത കുറവാണെന്നാണ് പൊച്ചട്ടീനോയുടെ വാക്കുകളിൽ നിന്ന് ലഭിക്കുന്ന സൂചന.

"ഇല്ല, താൻ പിഎസ്‌ജി വിടാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം‌ (എംബാപ്പെ) പറഞ്ഞിട്ടില്ല. അവൻ എല്ലായ്‌പോഴും ചെയ്യുന്നത് പോലെ വളരെ നല്ല രീതിയിൽ പരിശീലിക്കുന്നു. ഞങ്ങളുടെ പ്രസിഡന്റും, സ്പോർട്ടിംഗ് ഡയറക്ടറും ഈ വിഷയത്തിൽ ക്ലബ്ബിന്റെ നിലപാട് ഇതിനോടകം വിശദീകരിച്ചിട്ടുണ്ട്," പൊച്ചട്ടീനോ പറഞ്ഞു.

റീംസിനെതിരെ നടക്കാനിരിക്കുന്ന പിഎസ്‌ജിയുടെ അടുത്ത മത്സരത്തിൽ എംബാപ്പെ സ്ക്വാഡിലുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയ പൊച്ചട്ടീനോ, ഈ മത്സരത്തിനായുള്ള തയ്യാറെടുപ്പ് വളരെ മികച്ച രീതിയിൽ നടത്തുകയാണ് അദ്ദേഹമെന്നും സംസാരത്തിനിടെ കൂട്ടിച്ചേർത്തു.

അതേ സമയം, കഴിഞ്ഞ കുറച്ച് നാളുകളായി എംബാപ്പെയെ ടീമിലെത്തിക്കാ‌ൻ താല്പര്യപ്പെടുന്ന റയൽ മാഡ്രിഡ്, ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരത്തിനായി അരയും തലയും മുറുക്കി രംഗത്തുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്ന റിപ്പോർട്ട്. താരത്തിനായി റയൽ സമർപ്പിച്ച ആദ്യ ബിഡ് പി എസ് ജി തള്ളിക്കളഞ്ഞതായും, എന്നാൽ അവർ സമർപ്പിച്ച 180 മില്ല്യൺ യൂറോയുടെ രണ്ടാമത്തെ ബിഡ് ഫ്രഞ്ച് ക്ലബ്ബ് സ്വീകരിച്ചേക്കുമെന്നും ഇതിനൊപ്പം വാർത്തകൾ വന്നു. എന്നാൽ എംബാപ്പെ ഇതു വരെ ക്ലബ്ബ് വിടുന്നത് സംബന്ധിച്ച് തങ്ങളോട് പറഞ്ഞിട്ടില്ലെന്ന് പിഎസ്‌ജി പരിശീലകൻ പൊച്ചട്ടീനോ വ്യക്തമാക്കിയത് താരവുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് കൂടുതൽ അനിശ്ചിതത്വം നൽകുന്നുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit