Football in Malayalam

റൊണാൾഡോയെ കൈവിട്ട് എംബാപ്പെ, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ലയണൽ മെസിയെന്നു ഫ്രഞ്ച് താരം

Sreejith N
Paris Saint-Germain v Club Brugge KV: Group A - UEFA Champions League
Paris Saint-Germain v Club Brugge KV: Group A - UEFA Champions League / John Berry/GettyImages
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോയോട് കെയ്‌ലിയൻ എംബാപ്പെക്കുള്ള ആരാധന വളരെ പ്രസിദ്ധമാണ്. ചെറുപ്പം മുതലേ തന്റെ ആരാധനാപാത്രമാണ് പോർച്ചുഗൽ താരമെന്നും ലോകത്തിലെ ഏറ്റവും മികച്ച താരം റൊണാൾഡോയാണെന്നുമെല്ലാം എംബാപ്പെ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ലയണൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറിയ സമയത്ത് ഇക്കാര്യങ്ങൾ ചർച്ചയാവുകയും ചെയ്‌തിരുന്നു.

എന്നാൽ ഇന്നലെ ക്ലബ് ബ്രൂഗേക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം ലയണൽ മെസിക്കൊപ്പം കളിക്കുന്നതിന്റെ അനുഭവത്തെക്കുറിച്ച് സംസാരിച്ച താരം അർജന്റീന നായകനെ ലോകത്തിലെ ഏറ്റവും മികച്ച താരമെന്നു വിശേഷിപ്പിച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്. മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് പിഎസ്‌ജി വിജയിച്ചപ്പോൾ രണ്ടു വീതം ഗോളുകൾ എംബാപ്പെയും മെസിയുമാണ് നേടിയത്.

"ലയണൽ മെസിക്കൊപ്പം കളിക്കുന്നത് വളരെ എളുപ്പമാണ്. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം. കുറച്ചു ദിവസങ്ങൾക്കു മുൻപ് താരം ബാലൺ ഡി ഓർ സ്വന്തമാക്കി. ഇന്നു താരം രണ്ടു ഗോളുകൾ നേടി വളരെ സന്തോഷത്തിലാണ്. അദ്ദേഹം ഭാവിയിലും ഞങ്ങളെ സഹായിക്കുമെന്ന് ഞാൻ കരുതുന്നു," എംബാപ്പെ മാധ്യമങ്ങളോട് പറഞ്ഞു.

ലയണൽ മെസിക്കൊപ്പം കളിച്ചു തുടങ്ങിയതിനു ശേഷം എംബാപ്പെയിൽ വന്ന ഈ മാറ്റം പിഎസ്‌ജി ആരാധകർക്ക് വളരെ പ്രതീക്ഷ നൽകുന്നതാണ്. ലയണൽ മെസിക്കൊപ്പം താരത്തിന് ഇണങ്ങിച്ചേരാൻ കഴിഞ്ഞാൽ എംബാപ്പെ ക്ലബിനൊപ്പം കരാർ പുതുക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. പിഎസ്‌ജിയുമായി കരാർ പുതുക്കാനുള്ള സാധ്യതകൾ കഴിഞ്ഞ ദിവസം താരം തള്ളിക്കളഞ്ഞില്ല എന്നതും ഇതിനൊപ്പം ചേർത്തു വായിക്കാം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit