Football in Malayalam

ലയണൽ മെസി പാരീസിലെ ജീവിതത്തോട് ഇണങ്ങിച്ചേരുന്നതിനെക്കുറിച്ചും താരത്തിനൊപ്പം കളിക്കുന്നതിനെപ്പറ്റിയും എംബാപ്പെ

Sreejith N
Paris Saint-Germain v Club Brugge KV: Group A - UEFA Champions League
Paris Saint-Germain v Club Brugge KV: Group A - UEFA Champions League / Xavier Laine/GettyImages
facebooktwitterreddit

പ്രൊഫെഷണൽ കരിയറിൽ ബാഴ്‌സലോണക്കു വേണ്ടി മാത്രം കളിച്ചതിനു ശേഷം പാരീസിലെത്തിയ ലയണൽ മെസി നഗരവുമായും പിഎസ്‌ജിയുമായും ഇണങ്ങിച്ചേരുന്നതിനെ കുറിച്ചും മെസിയോടൊപ്പം കളിക്കുന്ന അനുഭവത്തെക്കുറിച്ചും വെളിപ്പെടുത്തി ഫ്രഞ്ച് ക്ലബിന്റെ സൂപ്പർതാരമായ കിലിയൻ എംബാപ്പെ. കഴിഞ്ഞ ദിവസം പിഎസ്‌ജി ടെലിവിഷനു നൽകിയ അഭിമുഖത്തിലാണ് താരം ഇതേപ്പറ്റി സംസാരിച്ചത്.

"വ്യക്തിപരമായ ബന്ധം ശക്തമാകുമ്പോൾ ഇണങ്ങിച്ചേരലും വേഗത്തിലാകും. അത് മൈതാനത്ത് സഹായിക്കുകയും നിങ്ങളുടെ ആശങ്കകളും ഭയവും കുറക്കുകയും ചെയ്യുന്നു. പുതിയ കളിക്കാർ അവർ പ്രവർത്തിച്ച പാറ്റേണുകളുമായി ആത്മവിശ്വാസത്തോടെ എത്തുന്നത് സാധാരണമായ കാര്യമാണ്. എന്നാൽ മെസിയെ പോലെയൊരു താരം പതിനഞ്ചു വർഷം ബാഴ്‌സലോണയിൽ കളിക്കുകയും ഈ വർഷങ്ങളിൽ ഒരേ കാര്യം ചെയ്‌ത്‌ അതു നടപ്പിലാക്കുകയും ചെയ്‌തു."

"പിഎസ്‌ജിയിലേക്ക് വരുന്നത് മെസിയെ സംബന്ധിച്ച് വ്യത്യസ്‌ത കാര്യം തന്നെയാണ്. നമ്മൾ താരവുമായി പൊരുത്തപ്പെടുകയും ടീമുമായി പൊരുത്തപ്പെടാൻ അനുവദിക്കുകയും വേണം. പരിശീലനത്തിൽ ഞങ്ങൾ തുടർന്നു പോകുന്ന ഒരു കാര്യമാണത്, അവിടെ ഞങ്ങൾ പാസിംഗ് പാറ്റേണുകൾ സൃഷ്‌ടിക്കുന്നു. മത്സരത്തിനിടയിലും അതുണ്ടാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. അത് തന്ത്രപരമായ ഒരു ജോലി മാത്രമല്ല, കണക്ഷൻ സൃഷ്‌ടിക്കാൻ കഴിയുന്ന എല്ലാമാണ്. ഓരോ താരത്തിനും ഇവിടെ എന്തെന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് മനസിലാക്കാൻ കഴിയും."

"അവസാനം ഞങ്ങൾ പരസ്‌പരം മനസിലാക്കി തുടങ്ങിയിരിക്കുന്നു, കാരണം നേരിട്ടു കളിക്കുമ്പോൾ ടിവിയിൽ കാണുന്നതിൽ നിന്നും വ്യത്യാസമുണ്ട്. വന്ന കളിക്കാരുടെ മത്സരങ്ങളെല്ലാം ഞങ്ങൾ കണ്ടിട്ടുണ്ട്, എന്നാൽ ഇവിടെയത് വ്യത്യസ്ഥമാണ്. ആ താരം അതു ചെയ്യാനും ഈ താരം ഇതു ചെയ്യാനുമാണ് ഇഷ്ടപ്പെടുന്നതെന്ന് നമ്മൾ മനസിലാക്കും. ഇണങ്ങിച്ചേരലിനെക്കുറിച്ച് പറയുമ്പോൾ അത് സഹതാരങ്ങളെ എങ്ങിനെ വിശകലനം ചെയ്യുന്നു എന്നതു കൂടിയാണ്." എംബാപ്പെ പറഞ്ഞു.

തനിക്ക് കൂടുതൽ ഭാഷകൾ അറിയാമെന്നത് മറ്റു രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളുമായി എളുപ്പത്തിൽ ഇണങ്ങിച്ചേരാൻ സഹായിക്കുന്നുണ്ടെന്നും എംബാപ്പെ പറഞ്ഞു. അവസരങ്ങൾ കുറവുള്ള താരങ്ങൾക്ക് അവരുടെ സമയം വരുമെന്നും എല്ലാവരും ഒരുമിച്ച് ചേർന്ന് വലിയ വിജയങ്ങൾക്കായി പൊരുതണം എന്നും എംബാപ്പെ ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit