ആൻസലോട്ടിക്കു കീഴിൽ കളിക്കാൻ താൽപര്യക്കുറവ്, എംബാപ്പെ റയൽ മാഡ്രിഡിനെ തഴഞ്ഞ് പ്രീമിയർ ലീഗിലേക്ക് ചേക്കേറിയേക്കും

Sreejith N
Girondins de Bordeaux v Paris Saint Germain - Ligue 1 Uber Eats
Girondins de Bordeaux v Paris Saint Germain - Ligue 1 Uber Eats / Lionel Hahn/GettyImages
facebooktwitterreddit

ലോകഫുട്ബോളിലെ സൂപ്പർതാരങ്ങളിൽ ഒരാളായ കെയ്‌ലിയൻ എംബാപ്പെ അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ മങ്ങുന്നു. ഇറ്റാലിയൻ പരിശീലകനായ കാർലോ ആൻസലോട്ടിക്കു കീഴിൽ റയൽ മാഡ്രിഡിനു വേണ്ടി കളിക്കുന്നതിൽ എംബാപ്പെക്ക് സംശയങ്ങൾ നിലനിൽക്കുന്നുണ്ടെന്നും താരം പ്രീമിയർ ലീഗിലേക്ക് ചേക്കേറുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും എൽ നാഷണൽ റിപ്പോർട്ടു ചെയ്‌തു.

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റയൽ മാഡ്രിഡിൽ ചേക്കേറുന്നതിന്റെ അരികിലെത്തിയ താരമാണ് എംബാപ്പെ. ഈ സീസൺ കഴിയുന്നതോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം അതു പുതുക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് റയൽ മാഡ്രിഡ് ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിൽ ഇരുനൂറു മില്യൺ യൂറോ വരെ വാഗ്‌ദാനം ചെയ്‌തിരുന്നുവെങ്കിലും അതു പിഎസ്‌ജി നിരസിക്കുകയായിരുന്നു.

ഈ സമ്മറിൽ താരത്തെ സ്വന്തമാക്കാനുള്ള കഴിഞ്ഞില്ലെങ്കിലും അടുത്ത സീസണു മുന്നോടിയായി റയൽ മാഡ്രിഡ് എംബാപ്പയെ എന്തായാലും ടീമിലെത്തിക്കുമെന്നു തന്നെയാണ് ലോസ് ബ്ലാങ്കോസ് ആരാധകർ ഉറച്ചു വിശ്വസിച്ചിരുന്നത്. എന്നാൽ അക്കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്നാണ് എൽ നാഷണലിന്റെ റിപ്പോർട്ടുകൾ പറയുന്നത്.

കാർലോ ആൻസലോട്ടിക്കു കീഴിൽ റയൽ മാഡ്രിഡ് ലാ ലിഗയിൽ ഒന്നാം സ്ഥാനത്താണെങ്കിലും സിദാനു പകരക്കാരനായി ഇറ്റാലിയൻ പരിശീലകനെ നിയമിച്ചതിൽ എംബാപ്പെക്ക് അതൃപ്‌തിയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അടുത്ത സമ്മറിൽ കൃത്യമായൊരു തീരുമാനം എടുക്കേണ്ട സമയമാകുമ്പോഴേക്കും നിലവിലെ സാഹചര്യങ്ങളിൽ മാറ്റമുണ്ടാകുമെന്നും താരം പ്രതീക്ഷിക്കുന്നു.

ലിവർപൂൾ പരിശീലകനായ യർഗൻ ക്ളോപ്പിനു കീഴിൽ കളിക്കാൻ എംബാപ്പെക്ക് വളരെയധികം താൽപര്യമുണ്ടെന്നും റയലിലേക്ക് ജർമൻ പരിശീലകൻ ചേക്കേറിയാൽ അതു താരത്തെ വളരെ സന്തോഷിപ്പിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ തന്റെ ഭാവിയെപ്പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ലെന്നാണ് ഇതേക്കുറിച്ച് എംബാപ്പെ ഏറ്റവുമവസാനം പ്രതികരിച്ചത്.


facebooktwitterreddit