ഫ്രാൻസ് ദേശീയ ടീമിൽ നിന്നും താൻ പുറത്തു പോകുന്നതു സന്തോഷമാണെങ്കിൽ ടീം വിടാനും തയ്യാറായിരുന്നുവെന്ന് എംബാപ്പെ

Sreejith N
France v Switzerland - UEFA Euro 2020: Round of 16
France v Switzerland - UEFA Euro 2020: Round of 16 / Marcio Machado/Getty Images
facebooktwitterreddit

ഇക്കഴിഞ്ഞ സമ്മറിൽ നടന്ന യൂറോ കപ്പിൽ ഫ്രാൻസ് ടീം നേരത്തെ പുറത്തായതിനു ശേഷം ഉയർന്ന വിമർശനങ്ങൾ താനൊരു പ്രശ്‌നമാണെന്ന തരത്തിലുള്ള ചിന്തകൾ ഉണ്ടാക്കിയിരുന്നുവെന്നു വ്യക്തമാക്കി കെയ്‌ലിയൻ എംബാപ്പെ. യൂറോ കപ്പിൽ കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിച്ചിരുന്ന ഫ്രാൻസിനെ സ്വിറ്റ്സർലൻഡ് അട്ടിമറിച്ചപ്പോൾ ഷൂട്ടൗട്ടിൽ നിർണായകമായ പെനാൽറ്റി പാഴാക്കിയതിനെ തുടർന്നാണ് എംബാപ്പാക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നത്.

ഫ്രഞ്ച് ടീമിനു വേണ്ടി കളിക്കാൻ ഒരു യൂറോ പോലും താൻ വാങ്ങുന്നില്ലെന്നും ദേശീയ ടീമിനു വേണ്ടി എല്ലായിപ്പോഴും സൗജന്യമായി കളിക്കുമെന്നും വ്യക്തമാക്കിയ എംബാപ്പെ എല്ലാറ്റിലുമുപരിയായി ഒരു പ്രശ്‌നമാകാൻ തനിക്കു താല്പര്യമില്ലെന്നും എൽ'എക്വിപ്പെക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ യൂറോ കപ്പിന് ശേഷം തന്റെ ഈഗോ കാരണമാണ് ടീം തോറ്റതെന്നും ഒരുപാട് സ്‌പേസ് ആവശ്യപ്പെടുന്ന താനില്ലായിരുന്നെങ്കിൽ ടീം വിജയിച്ചേനെയെന്നുമുള്ള സന്ദേശങ്ങൾ തനിക്കു വന്നതായും താരം പറയുന്നു.

ഫ്രഞ്ച് ദേശീയ ടീമിൽ നിന്നും താൻ പുറത്തു പോയാൽ അവർക്കു സന്തോഷമാകുമെങ്കിൽ അതിനു തയ്യാറാകുമായിരുന്നു എന്നു പറഞ്ഞ എംബാപ്പ പെനാൽറ്റിയുമായി ബന്ധപ്പെട്ടു പരാതി പറയാൻ താൻ ഫ്രഞ്ച് പ്രസിഡന്റിനെ കണ്ടിട്ടില്ലെന്നും അറിയിച്ചു. പെനാൽറ്റി നഷ്‌ടപെടുത്തിയ തന്നെ വംശീയാധിക്ഷേപം നടത്തിയതിനെക്കുറിച്ച് പറയാനാണ് അദ്ദേഹത്തെ കണ്ടതെന്നും താരം വ്യക്തമാക്കി.

യൂറോ കപ്പിലെ പെനാൽറ്റി നഷ്‌ടം തന്റെ കരിയറിലെ തന്നെ ഏറ്റവും മോശമായ അനുഭവമായിരുന്നു എന്നാണു എംബാപ്പെ പറയുന്നത്. ആ സമയത്ത് ഒപ്പം കളിക്കുന്നവരിൽ നിന്നും തനിക്കു കൂടുതൽ പിന്തുണ ലഭിച്ചിരുന്നെങ്കിൽ അതു വലിയ ആശ്വാസമായേനെ എന്നും എന്നാൽ അതിനായി ആരോടും അഭ്യർത്ഥിക്കാൻ തനിക്കു താൽപര്യമുണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു.

അതെല്ലാം കഴിഞ്ഞ കാര്യങ്ങളാണെന്നും അവസാനമായി എംബാപ്പെ അറിയിച്ചു. ഫ്രഞ്ച് ദേശീയ ടീമിനോട് തനിക്ക് വളരെയധികം സ്നേഹമുണ്ടെന്നും അതുകൊണ്ടു തന്നെ നിലവിൽ പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും പിഎസ്‌ജി മുന്നേറ്റനിര താരം വ്യക്തമാക്കി.


facebooktwitterreddit