പിഎസ്‌ജി നേതൃത്വം പറഞ്ഞത് നുണ, ജൂലൈയിൽ തന്നെ ക്ലബ് വിടണമെന്ന് അറിയിച്ചിരുന്നു: എംബാപ്പെ

Sreejith N
Rennes v Paris Saint Germain - Ligue 1 Uber Eats
Rennes v Paris Saint Germain - Ligue 1 Uber Eats / Catherine Steenkeste/Getty Images
facebooktwitterreddit

കഴിഞ്ഞ ജൂലൈയിൽ തന്നെ പിഎസ്‌ജി വിടാനുള്ള തന്റെ താൽപര്യം ക്ലബ് നേതൃത്വത്തെ അറിയിച്ചിരുന്നുവെന്ന് കെയ്‌ലിയൻ എംബാപ്പെ. ആർഎംസി സ്പോർട്ടിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ഫ്രഞ്ച് മുന്നേറ്റനിര താരം വെളിപ്പെടുത്തിയത്. ഓഗസ്റ്റ് മാസത്തിലെ അവസാനത്തെ ആഴ്‌ചയാണ്‌ താൻ ക്ലബ് വിടാൻ ആവശ്യപ്പെട്ടതെന്ന പിഎസ്‌ജി ഡയറക്ടർ ലിയനാർഡോയുടെ വെളിപ്പെടുത്തൽ നുണയാണെന്നും എംബാപ്പെ വ്യക്തമാക്കി.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ എംബാപ്പെ പിഎസ്‌ജി വിട്ട് റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ വളരെയധികം ശക്തമായിരുന്നു. ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാനത്തെ ദിവസങ്ങളിൽ താരത്തിനു വേണ്ടി റയൽ മാഡ്രിഡ് 200 മില്യനോളം യൂറോ വാഗ്‌ദാനം ചെയ്‌തെങ്കിലും പിഎസ്‌ജി ഓഫറുകളെല്ലാം നിഷേധിക്കുകയാണുണ്ടായത്. അതിനു ശേഷം പ്രസ്‌തുത സംഭവത്തെക്കുറിച്ച് എംബാപ്പെ ആദ്യമായാണ് മനസു തുറക്കുന്നത്.

"ഞാൻ ജൂലൈയിൽ തന്നെ ക്ലബ് വിടാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. കരാർ പുതുക്കാൻ ആഗ്രഹമില്ലാതിരുന്നതു കൊണ്ടു തന്നെ ക്ലബിന് ഒരു ട്രാൻസ്‌ഫർ ഫീസ് ലഭിച്ച് അവർ മികച്ചൊരു പകരക്കാരനെ കണ്ടെത്തണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നെ ക്ലബ് വിടാൻ അനുവദിക്കാൻ നിങ്ങൾക്കു പറ്റില്ലെങ്കിൽ ഞാൻ തുടരുമെന്നാണ് ബഹുമാനപൂർവ്വം ഞാൻ പറഞ്ഞത്."

"ഓഗസ്റ്റിലാണു ഞാൻ ക്ലബ് വിടാനുള്ള താൽപര്യം അറിയിച്ചതെന്നു പിഎസ്‌ജി പറഞ്ഞതിനെ വ്യക്തിപരമായി ഞാൻ അനുകൂലിക്കില്ല, കാരണം അതു തെറ്റായ കാര്യമാണ്. അതു കേൾക്കുമ്പോൾ ഒരു കള്ളനെ പോലെ എനിക്കു സ്വയം തോന്നുന്നു. ഞാൻ നേരത്തെ തന്നെ അവരെ ഇക്കാര്യം അറിയിച്ചിരുന്നു, ജൂലൈ അവസാനത്തോടെ," എംബാപ്പ ആർഎംസി സ്പോർട്ടിനോട് വ്യക്തമാക്കി.

പിഎസ്‌ജി ഈ സീസണിൽ മികച്ച പ്രകടനം നടത്തിയാൽ എംബാപ്പെ കരാർ പുതുക്കുമെന്ന ആരാധകരുടെ പ്രതീക്ഷകളെ ഇല്ലാതാക്കുന്നതാണ് താരത്തിന്റെ വാക്കുകൾ. അതേസമയം റയലിനെ സംബന്ധിച്ച് അടുത്ത സമ്മറിൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരത്തെ ഫ്രീ ട്രാൻസ്‌ഫറിൽ ക്ലബിലെത്തിക്കാനുള്ള അവസരമാണ് വന്നു ചേർന്നിരിക്കുന്നത്.


facebooktwitterreddit