Football in Malayalam

മെസിയെ അവതരിപ്പിച്ച ചടങ്ങിൽ എംബാപ്പയെ കൂക്കി വിളിച്ച് പിഎസ്‌ജി ആരാധകർ

Sreejith N
Paris Saint Germain v RC Strasbourg - Ligue 1 Uber Eats
Paris Saint Germain v RC Strasbourg - Ligue 1 Uber Eats / David Rogers/Getty Images
facebooktwitterreddit

ലയണൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറുന്നതിനു വേണ്ടി പാരീസിൽ എത്തിയതു മുതൽ ആവേശത്തോടെയാണ് ആരാധകർ അദ്ദേഹത്തെ സ്വീകരിച്ചത്. താരം പോകുന്ന വഴികളിലെല്ലാം തടിച്ചു കൂടിയ ആരാധകർ അദ്ദേഹത്തിന് വേണ്ടി ചാന്റുകൾ മുഴക്കി. ഇന്നലെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിനു മുന്നോടിയായി മെസിയെ സ്വന്തം സ്റ്റേഡിയത്തിലെ ആരാധകർക്ക് മുന്നിൽ പിഎസ്‌ജി അവതരിപ്പിച്ചപ്പോഴും ആവേശത്തിന്റെ അലകൾ പൊട്ടിയിരുന്നു.

അതേസമയം മെസിക്ക് ആവേശം നിറഞ്ഞ സ്വാഗതം ആരാധകർ നൽകിയപ്പോൾ ടീമിലെ സൂപ്പർതാരമായ കെയ്‌ലിയൻ എംബാപ്പെക്ക് അതു കയ്‌പ്പേറിയ അനുഭവമായാണ് മാറിയത്. മെസിക്കു വേണ്ടി മുദ്രവാക്യം വിളിക്കുകയും ചാന്റുകൾ പാടുകയും ചെയ്‌ത ആരാധകരിൽ ഒരു വിഭാഗം ഫ്രഞ്ച് മുന്നേറ്റനിര താരത്തിന്റെ പേര് സ്റ്റേഡിയം അനൗൺസർ പറഞ്ഞപ്പോൾ കൂക്കുവിളികളോടെയും വിസിലുകളോടെയുമാണ് സ്വീകരിച്ചത്.

പിഎസ്‌ജിയുമായി ഇതുവരെയും കരാർ പുതുക്കാൻ സമ്മതം അറിയിക്കാത്തതിനെ തുടർന്നാണ് എംബാപ്പെക്കെതിരെ ആരാധക രോഷം ശക്തമായത്. ഈ സീസൺ അവസാനിക്കുന്നതോടെ കരാർ അവസാനിക്കുന്ന താരം അത് പുതുക്കാൻ തയ്യാറാവാതിരുന്നാൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കളിക്കാരനെ ഫ്രീ ട്രാൻസ്‌ഫറിൽ ഫ്രഞ്ച് ക്ലബിന് നഷ്‌ടമാകും. അതേസമയം മെസി ടീമിലെത്തിയതോടെ കരാർ പുതുക്കാൻ എംബാപ്പെക്ക് ഒഴികഴിവില്ലെന്ന് ഡി മരിയ അടക്കമുള്ള താരങ്ങൾ അഭിപ്രായപ്പെട്ടിരുന്നു.

എംബാപ്പയെ ഈ സമ്മറിൽ തന്നെ റയൽ മാഡ്രിഡിനു നൽകാൻ സാധ്യത ഉണ്ടായിരുന്നെങ്കിലും മെസി ടീമിലെത്തിയതോടെ അതിനുള്ള പദ്ധതികൾ പിഎസ്‌ജി ഉപേക്ഷിച്ചു എന്നാണു നിലവിലെ റിപ്പോർട്ടുകൾ. ഈ സീസണിൽ മെസി, നെയ്‌മർ, എംബാപ്പെ എന്നിങ്ങനെ ലോകത്തിലെ ഏറ്റവും മികച്ച മുന്നേറ്റനിരയെ അണിനിരത്താൻ തന്നെയാണ് ഫ്രഞ്ച് ക്ലബിന്റെ പദ്ധതി.

അതേസമയം ആരാധകരുടെ പ്രതിഷേധമൊന്നും മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ നിന്നും എംബാപ്പയെ തടഞ്ഞില്ല. സ്‌ട്രോസ്‌ബർഗിനെതിരെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പിഎസ്‌ജി വിജയിച്ച മത്സരത്തിൽ ഒരു ഗോളും അസിസ്റ്റും എംബാപ്പെ സ്വന്തമാക്കി. ഇകാർഡി, ഡ്രാക്‌സ്‌ലർ, സാറാബിയ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit