Football in Malayalam

കളിക്കളത്തിലെ ഒത്തിണക്കം വർധിപ്പിക്കാൻ എംബാപ്പയും മെസിയും കൂടുതൽ സമയം ഒരുമിച്ച് പരിശീലനം നടത്തുന്നു

Sreejith N
Paris Saint Germain v AS Monaco - Ligue 1 Uber Eats
Paris Saint Germain v AS Monaco - Ligue 1 Uber Eats / Catherine Steenkeste/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കായി ആദ്യം നടന്ന നറുക്കെടുപ്പിൽ സാങ്കേതിക പിഴവുകൾ സംഭവിച്ചതിനെ തുടർന്ന് രണ്ടാമതും നറുക്കെടുത്തപ്പോൾ പിഎസ്‌ജിക്ക് എതിരാളികളായി റയൽ മാഡ്രിഡിനെയാണ് ലഭിച്ചത്. സെർജിയോ റാമോസ് തന്റെ മുൻ ക്ലബ്ബിനെ നേരിടുന്നതും ലയണൽ മെസി വീണ്ടും റയൽ മാഡ്രിഡിനെതിരെ ഇറങ്ങുന്നതും എംബാപ്പെ താൻ ചേക്കേറാൻ ആഗ്രഹിച്ച ക്ലബിനെതിരെ കളിക്കുന്നതുമെല്ലാം ഈ മത്സരത്തെ കൂടുതൽ ആവേശകരമാക്കുന്നു.

യൂറോപ്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും കരുത്തുറ്റ താരങ്ങൾ അണിനിരക്കുന്ന ടീമാണ് പിഎസ്‌ജി എങ്കിലും നിലവിലെ ഫോം പരിഗണിക്കുമ്പോൾ മത്സരത്തിൽ റയൽ മാഡ്രിഡിനു തന്നെയാണ് മുൻതൂക്കം. കാർലോ ആൻസലോട്ടി പരിശീലകനായി വന്നതിനു ശേഷം റയൽ മാഡ്രിഡിലെ ഓരോ താരവും തങ്ങളുടെ ഏറ്റവും മികച്ച ഫോം കാഴ്‌ച വെച്ചു കൊണ്ടിരിക്കെ ടീമിലുള്ള സൂപ്പർ താരങ്ങളെ വെച്ച് ഒരു സ്ഥിരം ഫോർമേഷൻ ഉണ്ടാക്കാൻ പോലും പിഎസ്‌ജി പരിശീലകൻ പോച്ചട്ടിനോക്ക് കഴിഞ്ഞിട്ടില്ല.

എന്നാൽ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുടെ പ്രീ ക്വാർട്ടർ ഘട്ടം ആരംഭിക്കുന്നതിനു മുൻപു തന്നെ തങ്ങളുടെ ഏറ്റവും മികച്ച ഫോം പിഎസ്‌ജി കണ്ടെത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിന്റെ ഭാഗമായി മൈതാനത്തെ ഒത്തിണക്കം വർധിപ്പിക്കാൻ വേണ്ടി പിഎസ്‌ജി മുന്നേറ്റനിരയിലെ സൂപ്പർതാരങ്ങളായ കിലിയൻ എംബാപ്പായും ലയണൽ മെസിയും പരിശീലനത്തിൽ കൂടുതൽ സമയം ഒരുമിച്ച് ചിലവഴിക്കാൻ തുടങ്ങിയെന്നാണ് എൽ എക്വിപ്പെ റിപ്പോർട്ടു ചെയ്യുന്നത്.

പിഎസ്‌ജിയിൽ എത്തിയതിനു ശേഷം തന്റെ ഏറ്റവും മികച്ച പ്രകടനം ടീമിനായി പുറത്തെടുക്കാൻ ഇതുവരെയും മെസിക്ക് കഴിഞ്ഞിട്ടില്ല. ടീമിലെ താരങ്ങളുടെ ശൈലിയുമായി പൂർണമായും ഇണങ്ങിച്ചേരാൻ കഴിയാത്തതാണ് താരത്തിന്റെ ഫോം നഷ്‌ടത്തിനു കാരണമായത്. അതിനാൽ കൂടുതൽ നേരം ഒരുമിച്ച് ചിലവിടുക വഴി മൈതാനത്തെ ഒത്തിണക്കവും ടീമിന്റെ പ്രകടനവും മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് ഇരുതാരങ്ങളും പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ ഇരുവരും തമ്മിലുള്ള പരസ്‌പരധാരണ മെച്ചപ്പെട്ടു വരുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാണ്. ഫെബ്രുവരിയിൽ റയലുമായുള്ള നിർണായകമായ പോരാട്ടത്തിനു മുൻപ് കൂടുതൽ ഒത്തിണക്കം സൃഷ്‌ടിക്കാൻ താരങ്ങൾക്കു കഴിഞ്ഞാൽ റയൽ മാഡ്രിഡിന് അതു വലിയ ഭീഷണി തന്നെയായിരിക്കും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit