Football in Malayalam

നെയ്‌മറും മെസിയും താനും പിഎസ്‌ജിക്കായി ഇനിയും കൂടുതൽ സംഭാവന ചെയ്യണ്ടതുണ്ടെന്നു സമ്മതിച്ച് കെയ്‌ലിയൻ എംബാപ്പെ

Sreejith N
Paris Saint Germain v FC Nantes - Ligue 1 Uber Eats
Paris Saint Germain v FC Nantes - Ligue 1 Uber Eats / Xavier Laine/GettyImages
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകം പൂർത്തിയായപ്പോൾ ഏവരും വളരെ ആകാംക്ഷയോടെ ഉറ്റുനോക്കിയ സ്‌ക്വാഡ് പിഎസ്‌ജിയുടേത് ആയിരുന്നു. നിലവിലുള്ള സൂപ്പർതാരങ്ങൾക്കൊപ്പം ലയണൽ മെസിയും റാമോസുമടക്കമുള്ള കളിക്കാർ വന്നതോടെ ഈ സീസണിൽ ഏറ്റവുമധികം ഭയപ്പെടേണ്ട ക്ലബ് അവരാണെന്നും ഇത്തവണ ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവുമധികം സാധ്യത ഫ്രഞ്ച് ക്ലബിനാണെന്നും ആരാധകർ തീർത്തു വിശ്വസിച്ചു.

എന്നാൽ സീസൺ പകുതിയിലേക്ക് എത്താറായിട്ടും ഇതുവരെ മികച്ചൊരു പ്രകടനം നടത്താൻ പിഎസ്‌ജിക്കു കഴിഞ്ഞിട്ടില്ല എന്നതാണ് സത്യസന്ധമായ കാര്യം. നെയ്‌മറും എംബാപ്പയും മെസിയും അടങ്ങുന്ന മുന്നേറ്റനിര മൈതാനത്ത് ഒത്തിണക്കം കാണിക്കാൻ കഴിയാതെ പതറുമ്പോൾ തങ്ങൾ ഇനിയും ടീമിനു കൂടുതൽ സംഭാവന ചെയ്യേണ്ടത് അനിവാര്യമാണെന്നു തന്നെയാണ് എംബാപ്പെ പറയുന്നത്.

"ഞങ്ങൾ ഇതിനേക്കാൾ കൂടുതൽ നൽകേണ്ടതുണ്ടെന്ന് അറിയാം. ഇത്രയും ഉയർന്ന തലത്തിലും നിലവാരത്തിലുമുള്ള മൂന്നു താരങ്ങൾ... ഞങ്ങൾക്ക് ഒളിക്കാൻ കഴിയില്ലെന്നു മനസിലാക്കണം. ടീമിൽ നിന്നും വേർപെട്ടു നിൽക്കാത്ത തരത്തിൽ പ്രതിരോധത്തിലും ആക്രമണത്തിലും ഞങ്ങൾ കൂടുതൽ നൽകേണ്ടതുണ്ട്," എംബാപ്പെ കഴിഞ്ഞ ദിവസം പറഞ്ഞു.

മെസിയുടെ പ്രതിഭയെ ഉപയോഗപ്പെടുത്താൻ കഴിയുന്ന തരത്തിലും നെയ്‌മർ, എംബാപ്പെ എന്നിവരെ അതിനോടു കൂട്ടിയിണക്കിയും ഒരു ശൈലി രൂപപ്പെടുത്താൻ പോച്ചട്ടിനോക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നത് ഒരു യാഥാർഥ്യം തന്നെയാണ്. ഫ്രഞ്ച് ലീഗിൽ ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും നിലവിലെ പ്രകടനം കൊണ്ട് ചാമ്പ്യൻസ് ലീഗിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ആരാധകർക്കും അറിയാം.

പിഎസ്‌ജിയുടെ പ്രകടനം മോശമാകുന്നതിനൊപ്പം മുന്നേറ്റ നിരയിലെ സൂപ്പർതാരങ്ങളുടെ വ്യക്തിഗത പ്രകടനവും മോശമായി വരുന്നത് ആശങ്ക തന്നെയാണ്. മെസിയും നെയ്‌മറും കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് നിഴൽ മാത്രമായി മാറിയ പ്രകടനം നടത്തുമ്പോൾ എംബാപ്പെ ഭേദപ്പെട്ടു നിൽക്കുന്നുണ്ടെങ്കിലും അതും താരത്തിന്റെ പ്രതിഭയെ ന്യായീകരിക്കുന്നതല്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit