റയൽ മാഡ്രിഡിന്റെ ലക്ഷ്യം സീസണിലെ മുഴുവൻ കിരീടങ്ങളുമെന്ന് ടോണി ക്രൂസ്


റയൽ മാഡ്രിഡ് പുതിയ സീസണിലേക്ക് ഇറങ്ങുന്നത് സാധ്യമായ എല്ലാ കിരീടങ്ങളും നേടുന്നതിനു വേണ്ടിയാണെന്ന് ക്ലബിന്റെ മധ്യനിര താരമായ ടോണി ക്രൂസ്. കഴിഞ്ഞ സീസണിൽ ലീഗും ചാമ്പ്യൻസ് ലീഗും നേടിയ റയൽ മാഡ്രിഡ് ഇത്തവണ കൂടുതൽ കരുത്തരായാണ് സീസണു വേണ്ടി ഒരുങ്ങുന്നത്.
വരുന്ന സീസണിൽ ആറു കിരീടങ്ങൾ നേടാൻ റയൽ മാഡ്രിഡിന് അവസരമുണ്ട്. ലാ ലിഗ, കോപ്പ ഡെൽ റേ, ചാമ്പ്യൻസ് ലീഗ് എന്നിവക്കൊപ്പം സ്പാനിഷ് സൂപ്പർകപ്പ്, യുവേഫ സൂപ്പർകപ്പ്, ക്ലബ് ലോകകപ്പ് എന്നിവയാണ് റയൽ മാഡ്രിഡിന് സ്വന്തമാക്കാൻ അവസരമുള്ളത്. ഈ കിരീടങ്ങൾ നേടാനുള്ള കരുത്ത് റയൽ മാഡ്രിഡിനുണ്ടെന്നാണ് ക്രൂസ് ഉറച്ചു വിശ്വസിക്കുന്നത്.
"ഞങ്ങൾ എല്ലാ കിരീടങ്ങൾക്കും വേണ്ടി പൊരുതുമെന്ന് ഞാൻ വിശ്വസിക്കുന്നു. റയൽ മാഡ്രിഡിൽ ആയിരിക്കുമ്പോൾ നിങ്ങൾ എല്ലാ കിരീടങ്ങലും ലക്ഷ്യമിടും. അതെല്ലായിപ്പോഴും സാധ്യമാവില്ല എങ്കിൽ പോലും. നിരവധി കിരീടങ്ങൾ ഇവിടെയുണ്ട്, ഞങ്ങളെ അറിയുന്നവർക്ക് അതിനു വേണ്ടി ഞങ്ങൾ പൊരുതുമെന്നമറിയാം."
"ഞങ്ങൾ ഓരോ ദിവസവും മെച്ചപ്പെട്ടു വരികയാണ്. സീസണു വേണ്ടി ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നുണ്ട്. ഇപ്പോൾ താളം വീണ്ടെടുക്കുകയും ഞങ്ങൾ ആദ്യത്തെ കിരീടത്തിനായി മത്സരിക്കുന്ന ഓഗസ്റ്റ് പത്തിലേക്ക് തയ്യാറെടുക്കുകയുമാണ് വേണ്ടത്." ക്രൂസ് പറഞ്ഞു.
പ്രീ സീസണിലെ ആദ്യത്തെ മത്സരത്തിൽ റയൽ മാഡ്രിഡ് ബാഴ്സലോണയോട് തോൽവി വഴങ്ങിയിരുന്നു. കഴിഞ്ഞ സീസണിൽ പതറിയെങ്കിലും ഈ സീസണിൽ റയലിന് കനത്ത വെല്ലുവിളി ബാഴ്സ ഉയർത്തുമെന്ന് ഇതു വ്യക്തമാക്കുന്നു.