കെയ്ലിൻ എംബാപ്പെ ഭാവിയിൽ റയൽ മാഡ്രിഡിലേക്ക് വരാനുള്ള സാധ്യതയെക്കുറിച്ച് മനസ് തുറന്ന് ടോണി ക്രൂസ്

Paris Saint-Germain v Real Madrid - UEFA Champions League Round of 16: Second Leg
Paris Saint-Germain v Real Madrid - UEFA Champions League Round of 16: Second Leg / Manuel Queimadelos Alonso/Getty Images
facebooktwitterreddit

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രഞ്ച് സൂപ്പർ താരം കെയ്ലിൻ എംബാപ്പെയെ സ്വന്തമാക്കാൻ ശക്തമായി രംഗത്തുണ്ടായിരുന്ന ക്ലബ്ബാണ് റയൽ മാഡ്രിഡ്. താരത്തിനായി മൂന്ന്‌ ബിഡുകൾ റയൽ സമർപ്പിച്ചെങ്കിലും അവയെല്ലാം അദ്ദേഹത്തിന്റെ ക്ലബ്ബായ പി എസ് ജി തള്ളിക്കളയുകയായിരുന്നു. എന്നാൽ ഇക്കുറി എംബാപ്പെക്കായുള്ള ശ്രമങ്ങൾ പരാജയപ്പെട്ടെങ്കിലും അടുത്ത വർഷം താരത്തെ ക്ലബ്ബിലേക്ക് കൊണ്ടു വരാനുള്ള തയ്യാറെടുപ്പുകളിലാണ് റയലെന്ന സൂചനകൾ ശക്തമാണ്. അതിനിടെ ഇപ്പോളിതാ ഭാവിയിൽ എംബാപ്പെ ക്ലബ്ബിലെത്തുമോ എന്ന കാര്യത്തിൽ മനസ് തുറന്നിരിക്കുകയാണ് റയൽ മാഡ്രിഡിന്റെ മധ്യനിര സൂപ്പർ താരം ടോണി ക്രൂസ്

എംബാപ്പെയെപ്പോലൊരു താരം റയലിലേക്ക് വരണമെന്ന് താൻ ആഗ്രഹിക്കുന്നുണ്ടെന്ന് കഴിഞ്ഞ സമ്മറിൽത്തന്നെ താൻ പറഞ്ഞിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന ക്രൂസ് എന്നാൽ അദ്ദേഹം വന്നില്ലെങ്കിലും റയലിന് മികച്ചൊരു ടീമുണ്ടായിരിക്കുമെന്നും കൂട്ടിച്ചേർത്തു. എംബാപ്പെയുടെ ട്രാൻസ്ഫർ കാര്യത്തിൽ ഭാവിയിൽ എന്താണ് സംഭവിക്കുകയെന്ന് കണ്ടറിയാമെന്നും തീരുമാനങ്ങൾ കൈക്കൊള്ളുന്നത് താനല്ലാത്തതിനാൽ അക്കാര്യത്തിൽ കൂടുതൽ പറയാൻ കഴിയില്ലെന്നും ഗോളിനോട് സംസാരിക്കവെ ക്രൂസ് കൂട്ടിച്ചേർത്തു.

"വേനൽക്കാലത്ത്, അവനെപ്പോലൊരു കളികാരൻ ടീമിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ അവനില്ലെങ്കിലും ഞങ്ങൾക്ക് മികച്ചൊരു ടീമുണ്ടായിരിക്കും."

"ഭാവിയിൽ എന്താകും സംഭവിക്കുകയെന്ന് നമുക്ക് നോക്കാം. തീരുമാനങ്ങൾ എടുക്കുന്നത് ഞാനല്ലാത്തതിനാൽ എനിക്ക് അതേക്കുറിച്ച് പറയുക ബുദ്ധിമുട്ടാണ്. അവന്റെ നിലവാരത്തിൽ മാറ്റം വന്നിട്ടില്ല. അവൻ മികച്ച കളികാരനാണ്. മാഡ്രിഡ് അദ്ദേഹത്തെ ഒപ്പിടാൻ ആഗ്രഹിച്ചുവെങ്കിലും അവസാനം അവർ അതിൽ വിജയിച്ചില്ല എന്നതാണ് ഞങ്ങൾക്ക് അറിയാവുന്ന കാര്യം."

"എംബാപ്പെയില്ലാതെയും ഇവിടെ കാര്യങ്ങൾ തുടരുന്നു. ഞങ്ങൾ നന്നായി പ്രവർത്തിക്കുന്നുവെന്ന് ഞാൻ കരുതുന്നു. ഭാവിയിലും എന്റെ അഭിപ്രായം മാറില്ല. മികച്ച കളികാർ മാഡ്രിഡിൽ ഉണ്ടായിരിക്കേണ്ടതുണ്ട്. ഉറപ്പായും അവനും (എംബാപ്പെ) അവരിൽ ഒരാളാണ്." ടോണി ക്രൂസ് പറഞ്ഞു നിർത്തി.

അതേ സമയം നിലവിൽ ഫ്രഞ്ച് ക്ലബ്ബായ‌ പി എസ് ജിയുടെ പ്രധാന താരമായ എംബാപ്പെക്ക് അടുത്ത വർഷം ജൂൺ വരെയാണ് അവരുമായി കരാറുള്ളത്. താരവുമായുള്ള കരാർ ദീർഘിപ്പിക്കാ‌ൻ പിഎസ് ജിക്ക് താല്പര്യമുണ്ടെങ്കിലും പുതിയ കരാറിൽ ഒപ്പുവെക്കാൻ എംബാപ്പെ തയ്യാറാകുമോ എന്ന കാര്യത്തിൽ ഇതു വരെ വ്യക്തത വന്നിട്ടില്ല. പി എസ് ജിയിൽ തുടരേണ്ടെന്ന് തീരുമാനിക്കുകയാണെങ്കിൽ അടുത്ത വർഷം റയൽ മാഡ്രിഡ് താരത്തെ ഏത് വിധേനയും റാഞ്ചാനുള്ള സാധ്യതകളാണ് ഉയർന്ന് നിൽക്കുന്നത്.