Football in Malayalam

ഞങ്ങൾക്ക് അംഗീകാരത്തിനായി ഇരട്ടി അധ്വാനം ചെയ്യേണ്ടി വരും;മെൻഡി ബാലൺ ഡി ഓർ പട്ടികയിൽ ഇല്ലാത്തതിനെക്കുറിച്ച് കൗലിബാലി

By Gokul Manthara
Chelsea v Aston Villa - Premier League
Chelsea v Aston Villa - Premier League / Catherine Ivill/GettyImages
facebooktwitterreddit

കഴിഞ്ഞ‌ ദിവസം പ്രഖ്യാപിച്ച ബാലൺ ഡി ഓർ പുരസ്കാരത്തിന് പരിഗണിക്കുന്നവരുടെ 30 അംഗ ചുരുക്കപ്പെട്ടികയിൽ ചെൽസിയുടെ സെനഗലീസ് ഗോൾകീപ്പർ എഡ്വോർഡ് മെൻഡിക്ക് ഇടമില്ലാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് നാപ്പോളി താരം കാലിഡൗ കൗലിബാലി. ചാമ്പ്യൻസ് ലീഗ് നേടുന്ന ആദ്യ ആഫ്രിക്കൻ ഗോൾകീപ്പറായ മെൻഡി ബാലൺ ഡി ഓർ പുരസ്കാരത്തിനായുള്ള ചുരുക്കപ്പട്ടികയിൽ ഇല്ലെന്നത് ശരിക്കും നാണക്കേടാണെന്ന് പറഞ്ഞ അദ്ദേഹം. ആഫ്രിക്കൻ കളിക്കാർ അംഗീകാരങ്ങൾക്കായി ഇരട്ടി കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്നും തുറന്നടിച്ചു.

"ഏഡ്വോ (മെൻഡി) അവരിലൊരാളല്ല (ബാലൺ ഡി ഓർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ) എന്നത് ശരിക്കും നാണക്കേടാണ്. ചാമ്പ്യൻസ് ലീഗ് നേടുന്ന ആദ്യ ആഫ്രിക്കൻ ഗോൾകീപ്പർ അദ്ദേഹമാണ്. ഞങ്ങൾക്ക് (ആഫ്രിക്കക്കാർക്ക്) നന്നായി വിലയിരുത്തപ്പെടണമെങ്കിൽ മറ്റ് ചില ആൾക്കാരേക്കാൾ ഇരട്ടി ജോലി ചെയ്യേണ്ടി വരും‌."

"ഏഡ്വോ വളരെ പോസിറ്റീവായ വ്യക്തിയാണ്. ഞങ്ങൾ അതേക്കുറിച്ച് (ബാലൺ ഡി ഓർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്) ഒരുപാട് സംസാരിച്ചു. അതിന്റെ ഭാഗമാകാനുള്ള പോരാട്ടം അവൻ തുടരും. എന്നെ സംബന്ധിച്ചിടത്തോളം ഈ മുപ്പത് കളികാരുടെ ഇടക്ക് അവനൊരു‌ സ്ഥാനമുണ്ട്." ഫുട്ബോൾ ഇറ്റാലിയയോട് സംസാരിക്കവെ നാപ്പോളിയുടെ പ്രതിരോധ താരമായ കൗലിബാലി പറഞ്ഞു.

അതേ സമയം കഴിഞ്ഞയാഴ്ചയാണ് ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരത്തിന് പരിഗണിക്കുന്ന 30 കളികാരുടെ ചുരുക്കപ്പട്ടിക പുറത്ത് വന്നത്. ഇക്കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ കിരീടം ചൂടിയ ചെൽസി ടീമിൽ നിന്ന് അഞ്ച് പേരായിരുന്നു ഈ ലിസ്റ്റിൽ ഇടം പിടിച്ചത്. ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് കിരീട ധാരണത്തിന് പിന്നിൽ പ്രധാന പങ്ക് വഹിച്ച എഡ്വോർഡോ മെൻഡിക്ക് പക്ഷേ ഈ ലിസ്റ്റിൽ ഇടം ലഭിക്കാതിരുന്നത് വലിയ ചർച്ചയായിരുന്നു.

മെൻഡി കൂടി ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നുവെങ്കിൽ ബാലൺ ഡി ഓർ പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്ന കളികാരുടെ 30 അംഗ ചുരുക്കപ്പട്ടികയിലെ ആഫ്രിക്കൻ സാന്നിധ്യം മൂന്നായി ഉയരുമായിരുന്നു. നിലവിൽ മൊഹമ്മദ് സലയും, റിയാദ് മഹ്രസുമാണ് ഈ ലിസ്റ്റിലുള്ള ആഫ്രിക്കൻ താരങ്ങൾ.

facebooktwitterreddit