മാഞ്ചസ്റ്റർ യുണൈറ്റഡിനെ തഴഞ്ഞ് ലെയ്പ്സിഗ് മധ്യനിരതാരം കോൺറാഡ് ലൈമർ ബയേണിലേക്ക്
By Vaisakh. M

ആർബി ലെയ്പ്‌സിഗിന്റെ കരാർ പുതുക്കാനുള്ള വാഗ്ദാനം നിരസിച്ച മധ്യനിര താരം കോൺറാഡ് ലൈമർ ക്ലബ് വിടാനൊരുങ്ങുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റഡാറിലുണ്ടായിരുന്ന താരത്തിന് ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിൽ ചേക്കേറാനാണ് താൽപ്പര്യമെന്നാണ് 90min മനസിലാക്കുന്നത്.
2021/22 സീസണിൽ ലെയ്‌പ്‌സിഗിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ലൈമർ. ലെയ്പ്സിഗ് ഡിഎഫ്ബി പോക്കൽ കിരീടം സ്വന്തമാക്കിയതിലും, വീണ്ടും ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടിയതിലും നിർണായക പങ്കാണ് താരം വഹിച്ചത്.
അടുത്ത സമ്മറിൽ ലെയ്പ്സിഗുമായുള്ള താരത്തിന്റെ നിലവിലെ കരാർ അവസാനിക്കും. പുതിയ കരാർ ഒപ്പിടാൻ താരം വിസമ്മതിച്ചതോടെ, അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ ഫ്രീ ട്രാൻസ്ഫറിൽ ലെയ്പ്സിഗിന് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
പോൾ പോഗ്ബയും നെമാന്യ മാറ്റിച്ചും ക്ലബ് വിടുന്നതിനാൽ മധ്യനിര ശക്തിപ്പെടുത്താനൊരുങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ലൈമാറിൽ താത്പര്യമുണ്ടായിരുന്നു. എന്നാൽ 25കാരനായ മധ്യനിര താരം യുണൈറ്റഡിനെ തഴഞ്ഞ് ബയേണിലേക്കു ചേക്കേറാനുള്ള നീക്കത്തിലാണ്. രണ്ട് വർഷം മുൻപ് ലെയ്പ്‌സിഗിൽ തന്റെ കീഴിൽ കളിച്ചു ലെയ്മറിനെ പരിചയമുള്ളതുകൊണ്ടു തന്നെ ബയേൺ പരിശീലകൻ ജൂലിയൻ നേഗൽസ്മാനും താരത്തെ ക്ലബ്ബിലെത്തിക്കാൻ കഠിനമായി പരിശ്രമിക്കുന്നുണ്ട്.