Football in Malayalam

സീറോയിൽ നിന്നും ഹീറോയിലേക്ക്, സ്പെയിനിനെ സെമിയിലെത്തിച്ച ഉനെ സിമോണിനു പ്രശംസയുമായി കോക്കെ

Sreejith N
Switzerland v Spain - UEFA Euro 2020: Quarter-final
Switzerland v Spain - UEFA Euro 2020: Quarter-final / Kirill Kudryavstev - Pool/Getty Images
facebooktwitterreddit

ക്രൊയേഷ്യക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ വരുത്തിയ പിഴവിൽ വഴങ്ങിയ ഗോളിന്റെ പേരിൽ സ്പെയിൻ ഗോൾകീപ്പറായ ഉനെ സിമോൺ ഏറ്റുവാങ്ങിയ വിമർശനങ്ങൾ ചെറുതല്ല. ഡി ഗിയയെ തഴഞ്ഞ് സ്പെയിനിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ സ്ഥാനം നൽകാൻ സിമോണിന് യാതൊരു അർഹതയുമില്ലെന്ന് ആരാധകരിൽ ഒരു വിഭാഗം വാദിച്ചെങ്കിലും അതിനെയൊന്നും കൂസാതെ താരത്തെ തന്നെയാണ് എൻറിക്വ തുടർന്നും പരിഗണിച്ചത്.

എന്നാൽ തനിക്ക് സംഭവിച്ച അബദ്ധത്തിലും അതിന്റെ ഭാഗമായി ഉയർന്നു വന്ന വിമർശനങ്ങളിലും തളരാതെ ആത്മവിശ്വാസം വീണ്ടെടുത്ത് തിരിച്ചു വരികയായിരുന്നു അത്‌ലറ്റിക് ബിൽബാവോ ഗോൾകീപ്പർ. ക്രൊയേഷ്യക്കെതിരെ തന്നെ മികച്ച സേവുകളോടെ കളം നിറഞ്ഞു കളിച്ച താരം കഴിഞ്ഞ ദിവസം സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിലെ ഷൂട്ടൗട്ടിൽ രണ്ടു കിക്കുകൾ തടഞ്ഞിട്ട് സ്പെയിനിന്റെ വിജയത്തിൽ നിർണായക പങ്കു വഹിക്കുകയും ചെയ്‌തു.

മത്സരത്തിനു ശേഷം സ്പെയിൻ ടീമിലെ സഹതാരമായ കൊക്കെ സിമോണിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തി. "വളരെ ധൈര്യവും ആത്മവിശ്വാസവുമുള്ള താരമാണദ്ദേഹം. ക്രൊയേഷ്യക്കെതിരെ സിമോണിനു സംഭവിച്ചത് വളരെ യാദൃശ്ചികമായിരുന്നെങ്കിലും താരം ശാന്തതയോടെ തുടർന്ന് പിന്നീട് ചെയ്തതെല്ലാം അവിശ്വസനീയമായ കാര്യങ്ങളാണ്. ഇതുപോലെ ഇനിയും തുടരാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

"പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ ഇതു ഞങ്ങളെ കൂടുതൽ കരുത്തരാക്കാതിരിക്കുന്നതെങ്ങനെ? ഇത്തരം സംഭവങ്ങൾ ഞങ്ങളെ കൂടുതൽ ഒരുമിക്കുകയും അവസാനം എല്ലാം ഫലപ്രദമാവുകയും ചെയ്യുന്നു. പുറമെ നിന്നു നോക്കുമ്പോൾ നിങ്ങൾക്ക് മനസിലാകും ഗ്രൂപ്പ് ഒറ്റക്കെട്ടാണെന്നും ഞങ്ങൾ നൂറു ശതമാനം ആത്മാർത്ഥതയോടെയാണ് തുടരുന്നതെന്നതും," മത്സരത്തിനു ശേഷം മാധ്യമങ്ങളോട് കൊക്കെ പറഞ്ഞു.

അതേസമയം ടീമിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ചതിലുള്ള സന്തോഷത്തിനൊപ്പം തന്നെ 120 മിനുട്ട് കളിച്ച് ഒരുക്കിയെടുത്ത അവസരങ്ങൾ മുതലാക്കാൻ കഴിയാത്തതിലുള്ള അമർഷവും തനിക്കുണ്ടെന്ന് മത്സരത്തിനു ശേഷം സിമോൺ പ്രതികരിച്ചു. വിജയം വളരെ നല്ലതാണെന്നും എന്നാൽ യൂറോ കപ്പ് വിജയിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും താരം കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ90min മലയാളംഎന്ന അക്കൗണ്ട് ഫോള്ളോ ചെയ്യുക.

facebooktwitterreddit