ഗെറ്റാഫെ താരം അപമാനിച്ചു, ബാഴ്‌സയുടെ തോൽ‌വിയിൽ എതിരാളികൾക്കെതിരെ വിമർശനവുമായി കൂമാൻ

Ousmane Dembele, Ronald Koeman
Getafe CF v FC Barcelona - La Liga Santander | Quality Sport Images/Getty Images

ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിൽ തോൽവി വഴങ്ങിയതിനു പിന്നാലെ ഗെറ്റാഫെ താരം അലൻ നിയോമിനെതിരെ രൂക്ഷവിമർശനവുമായി ബാഴ്‌സലോണ പരിശീലകൻ റൊണാൾഡ് കൂമാൻ. ബാഴ്‌സലോണ പരിശീലകനെന്ന നിലയിൽ ആദ്യത്തെ തോൽവിയാണ് കൂമാൻ ഇന്നലെയേറ്റു വാങ്ങിയത്. മത്സരത്തിൽ കടുത്ത ഫിസിക്കൽ ഗെയിം കാഴ്‌ച വെച്ച ഗെറ്റാഫെ ബാഴ്‌സ താരങ്ങളെ പ്രകോപിതരാക്കാനും ശ്രമം നടത്തിയിരുന്നു. അതിൽ പ്രധാന പങ്കു വഹിച്ച അലൻ നിയോം തന്നെ മോശം വാക്കുകളിലൂടെ അപമാനിച്ചുവെന്നാണ് കൂമാൻ പറയുന്നത്.

"ഗെറ്റാഫയുടെ പന്ത്രണ്ടാം നമ്പർ കളിക്കാരനായ നിയോം കളിക്കളത്തിൽ തീരെ ബഹുമാനം കാണിച്ചില്ലെന്ന് ഞാനവരുടെ പരിശീലകൻ ബോർഡാലസിനോട് പറഞ്ഞിരുന്നു. രണ്ടോ മൂന്നോ തവണ വളരെ മോശം പദപ്രയോഗങ്ങൾ താരം എനിക്കെതിരെ നടത്തി. അപമാനകരമായ ആ വാക്കുകൾ ഞാൻ ആവർത്തിക്കുന്നില്ല," കൂമാൻ മത്സരത്തിന് ശേഷം പറഞ്ഞു.

"ബോർഡലാസിനോട് അദ്ദേഹത്തിന്റെ കളിക്കാരനോട് സംസാരിക്കാനും ഞാൻ ആവശ്യപ്പെട്ടിരുന്നു. ഇത്തരം പെരുമാറ്റങ്ങൾ ആധുനിക ഫുട്ബോളിൽ ഞങ്ങൾക്ക് സഹിക്കാൻ കഴിയാത്തതാണ്," കൂമാൻ വ്യക്തമാക്കി.

കൂമാന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ച മാധ്യമങ്ങൾക്ക് ഗെറ്റാഫെ പരിശീലകൻ മറുപടി നൽകുകയും ചെയ്‌തു. "ഞാൻ ഫുട്ബോളിനെ കുറിച്ച് സംസാരിക്കാനാണ് വന്നിരിക്കുന്നത്, വിവാദങ്ങളെ പറ്റിയല്ല. ഞാൻ നിയോമിനോട് സംസാരിച്ചിട്ടില്ല, നാളെയതു ചെയ്യും. പക്ഷെ താരം അങ്ങനെ പെരുമാറുമോയെന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. വളരെയധികം മത്സരബുദ്ധിയും ബഹുമാനവും കാണിക്കുന്ന താരമാണ് നിയോം. പക്ഷെ മോശം പെരുമാറ്റം ഞാൻ അനുവദിക്കില്ല," അദ്ദേഹം വ്യക്തമാക്കി.

മാറ്റങ്ങളുമായി മത്സരത്തിനിറങ്ങിയ ബാഴ്‌സയെ പിടിച്ചു കെട്ടിയാണ് ഗെറ്റാഫെ രണ്ടാം പകുതിയിലെ പെനാൽറ്റി ഗോളിന്റെ പിൻബലത്തിൽ വിജയം നേടിയത്. ആദ്യ പകുതിയിൽ മെസിയുടെ ഷോട്ട് പോസ്റ്റിലടിച്ച്‌ പുറത്തു പോയതും ഗ്രീസ്മാൻ ഒരു സുവർണാവസരം നഷ്ടമാക്കിയതും ടീമിനു തിരിച്ചടിയായി. മത്സരത്തിൽ ഒരേയൊരു ഷോട്ട് മാത്രമേ ബാഴ്‌സക്ക് ലക്ഷ്യത്തിലേക്കുതിർക്കാൻ കഴിഞ്ഞുള്ളുവെന്നത് ടീമിന്റെ ദയനീയ പ്രകടനത്തിന്റെ ആഴം കാണിച്ചു തരുന്നതാണ്.