ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് നിന്ന് തൽക്കാലം കൂമാൻ പുറത്താകില്ല; തീരുമാനം കൂമാനും, ലപോർട്ടയും തമ്മിലുള്ള ചർച്ചയിൽ

ബയേൺ മ്യൂണിക്ക്, ഗ്രനഡ, കാഡിസ് എന്നിവർക്കെതിരെ നടന്ന അവസാന മൂന്ന് മത്സരങ്ങളിലെ മോശം പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ റൊണാൾഡ് കൂമാനെ ബാഴ്സലോണ അവരുടെ പരിശീലക സ്ഥാനത്ത് പുറത്താക്കാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ ശക്തമായിരുന്നെങ്കിലും തൽക്കാലം അദ്ദേഹത്തെ പുറത്താക്കേണ്ടെന്ന തീരുമാനം ക്ലബ്ബ് കൈക്കൊണ്ടെതായി സൂചന. ഇതോടെ ഈയടുത്ത ദിവസങ്ങളിൽ കൂമാൻ ബാഴ്സലോണയിൽ നിന്ന് പുറത്താകുമെന്ന തരത്തിൽ ഉയർന്ന അഭ്യൂഹങ്ങൾക്കും അവസാനമായി.
കാഡിസിനെതിരെ കഴിഞ്ഞ ദിവസം നടന്ന ലാലീഗ മത്സരത്തിൽ ബാഴ്സലോണ ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. എതിരാളികളുടെ തട്ടകത്തിൽ നടന്ന ഈ മത്സരത്തിന് ശേഷം ബാഴ്സലോണയിലേക്ക് ടീം മടങ്ങിയെത്തിയതിന് പിന്നാലെ പരിശീലകൻ റൊണാൾഡ് കൂമാനുമായി ക്ലബ്ബ് പ്രസിഡന്റ് ജോവൻ ലപ്പോർട്ട ചർച്ച നടത്തിയതായും, ഈ ചർച്ചക്ക് ശേഷമാണ് കൂമാനെ പെട്ടെന്ന് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കേണ്ട തീരുമാനത്തിൽ കറ്റാലൻ ക്ലബ്ബ് എത്തിയതെന്നുമാണ് സൂചനകൾ.
Patience is wearing thin and he is fighting to keep his job.https://t.co/dWVCzWwCAz
— MARCA in English (@MARCAinENGLISH) September 21, 2021
അതേ സമയം തൽക്കാലം ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് സമയം നീട്ടിക്കിട്ടിയെങ്കിലും അടുത്ത മൂന്ന് മത്സരങ്ങളിലെ ക്ലബ്ബിന്റെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാകും കൂമാന്റെ ഭാവി തീരുമാനിക്കപ്പെടുകയെന്നാണ് കരുതപ്പെടുന്നത്. ലെവാന്റെ, അത്ലറ്റിക്കോ മാഡ്രിഡ് എന്നിവർക്കെതിരെ ലാലീഗയിലും, ബെൻഫിക്കക്കെതിരെ ചാമ്പ്യൻസ് ലീഗിലുമാണ് ബാഴ്സലോണയുടെ അടുത്ത മൂന്ന് മത്സരങ്ങൾ. ഈ മത്സരങ്ങളിലും ബാഴ്സലോണയുടെ പ്രകടനം മോശമാവുകയാണെങ്കിൽ കൂമാന് ക്ലബ്ബിൽ നിന്ന് പുറത്ത് പോകേണ്ടി വരാനുള്ള സാധ്യതകളാണ് ഉയർന്ന് നിൽക്കുന്നത്.
അതേ സമയം ബാഴ്സലോണയുടെ സമീപകാല പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ അസ്വസ്ഥനായ പ്രസിഡന്റ് ജോവൻ ലപ്പോർട്ട, ടീമിന്റെ പ്രകടനം മോശമാവുകയാണെങ്കിൽ കടുത്ത തീരുമാനങ്ങളെടുക്കാൻ തങ്ങൾ മടികാണിക്കില്ലെന്ന് കഴിഞ്ഞദിവസം തുറന്ന് പറഞ്ഞിരുന്നു. നിലവിൽ കൂമാന് ക്ലബ്ബിന്റെ പിന്തുണയുണ്ടെന്നും, അദ്ദേഹം നന്നായി മുന്നോട്ടു പോകണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നതായും വ്യക്തമാക്കിയതിനൊപ്പമായിരുന്നു ഇത്തരത്തിൽ ലപ്പോർട്ട മുന്നറിയിപ്പ് നൽകിയത്.