അത്ലറ്റികോക്കെതിരെ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണു ബാഴ്സലോണ താരങ്ങൾ ചെയ്തതെന്നു റൊണാൾഡ് കൂമാൻ


അത്ലറ്റികോ മാഡ്രിഡിനെതിരെ ബാഴ്സലോണ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽവി വഴങ്ങിയ ലാ ലിഗ മത്സരത്തിൽ തോമസ് ലെമറിന്റെ ആദ്യ ഗോളിലേക്കുള്ള വഴി തെളിയിച്ച പ്രതിരോധപ്പിഴവ് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒന്നാണെന്ന് പരിശീലകൻ റൊണാൾഡ് കൂമാൻ. പ്രതിരോധത്തിൽ ബാഴ്സലോണ വളരെയധികം പ്രശ്നങ്ങൾ നേരിടുന്നതിനാൽ പലപ്പോഴും മൂന്നു സെന്റർ ബാക്കുകളെ വെച്ചു കളിക്കേണ്ടതിന്റെ ആവശ്യകതയും കൂമാൻ ചൂണ്ടിക്കാട്ടി.
"ഞങ്ങൾ ഇതിനേക്കാൾ മെച്ചപ്പെട്ടൊരു ഫലം അർഹിച്ചിരുന്നു. എന്നാൽ മത്സരങ്ങളെ ചില നിമിഷങ്ങളാണ് അടയാളപ്പെടുത്തുക, ഞങ്ങൾക്കു ലഭിച്ച അവസരങ്ങൾ ഉപയോഗിക്കാൻ കഴിഞ്ഞുമില്ല. ഗോളുകളെക്കുറിച്ച് പറയുകയാണെങ്കിൽ ഞങ്ങൾ ഒരുപാട് സ്പേസ് ഒഴിച്ചിട്ടു, തോമസ് ലെമെറിനെ മാർക്ക് ചെയ്യുകയുമുണ്ടായില്ല. മിഡ്ഫീൽഡിൽ നിങ്ങൾക്കു ചുമതലയുള്ളയാളെ പിന്തുടരണം. അത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് കൂമാൻ പറഞ്ഞു.
മൂന്നു സെന്റർ ബാക്കുകളുമായി ചില സമയത്തു കളിക്കേണ്ടി വരുന്നതിന്റെ ആവശ്യകതയും കൂമാൻ ചൂണ്ടിക്കാട്ടി. രണ്ടു സെന്റർ ബാക്കുകളുമായി കളിക്കുമ്പോൾ ടീമിലെ മധ്യനിര താരങ്ങൾ അവർക്ക് ചുമതലയുള്ള താരങ്ങളുടെ ഒപ്പം തന്നെ നിൽക്കണമെന്നും അതല്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നും കൂമാൻ പറഞ്ഞു. മൂന്നു സെന്റർ ബാക്കുകളുമായി ബാഴ്സലോണ പലപ്പോഴും കളിക്കുന്നത് ഇതുകൊണ്ടാണെന്നും കൂമാൻ വ്യക്തമാക്കി.
നിലവിലെ പ്രകടനം മോശമാണെങ്കിലും ബാഴ്സലോണ തിരിച്ചു വരുമെന്ന ഉറച്ച വിശ്വാസം കൂമാൻ പ്രകടിപ്പിച്ചു. പരിക്കിൽ നിന്നും മുഴുവൻ താരങ്ങളും തിരിച്ചെത്തുന്നതോടെ ടീമിന്റെ പ്രകടനം മെച്ചപ്പെടുമെന്നും നിലവിലുള്ള താരങ്ങളിൽ നിന്നും അതിൽ പലരും വ്യത്യസ്തരാണെന്നും കൂമാൻ പറയുന്നു. അത്ലറ്റികോ മാഡ്രിഡ് പോലെയുള്ള ടീമിനെതിരെ ലഭിക്കുന്ന അവസരങ്ങൾ ഗോളിലേക്ക് തിരിച്ചുവിടേണ്ടത് അനിവാര്യമാണെന്നും കൂമാൻ വെളിപ്പെടുത്തി.