Football in Malayalam

മെസി ബാഴ്‌സ വിട്ടത് തിരിച്ചടിയെങ്കിലും മെസിയുടെ പൊസിഷനിൽ കളിക്കാൻ കഴിയുന്ന താരം ക്ലബിലുണ്ടെന്ന് കൂമാൻ

Sreejith N
FC Red Bull Salzburg v FC Barcelona - Pre-Season Friendly
FC Red Bull Salzburg v FC Barcelona - Pre-Season Friendly / Guenther Iby/Getty Images
facebooktwitterreddit

ലയണൽ മെസി ക്ലബ് വിട്ടത് വലിയ തിരിച്ചടിയാണെങ്കിലും അതിനെ മറികടന്ന് കാറ്റലൻ ക്ലബ് മുന്നോട്ടു പോകണമെന്ന് പരിശീലകനായ റൊണാൾഡ്‌ കൂമാൻ. ഇന്നു രാത്രി റയൽ സോസിഡാഡിനെതിരെ സീസണിലെ ആദ്യത്തെ ലാലിഗ മത്സരം കളിക്കാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മെസിയുടെ പൊസിഷനിൽ കളിക്കാൻ കഴിയുന്ന ഫ്രഞ്ച് താരമായ അന്റോയിൻ ഗ്രീസ്‌മനോടുള്ള താൽപര്യവും കൂമാൻ വെളിപ്പെടുത്തി.

"ഇത്രയും കാലം മെസി ചെയ്‌തതെല്ലാം പരിഗണിക്കുമ്പോൾ ബാഴ്‌സ ആരാധകർക്ക് ഇതു വളരെയധികം വേദനയുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ ഭൂതകാലത്തിലല്ല നമ്മൾ അഭിരമിക്കേണ്ടത്. അതെല്ലാം കഴിഞ്ഞു പോയ കാര്യമാണ്, ആളുകൾ ടീം മാറുന്നത് സ്വാഭാവികമാണ്. ഞാൻ ആവേശത്തിലാണ്, ബാഴ്‌സലോണ ആരാധകരുടെ അതെ ഉത്സാഹം ടീമിനുമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഭൂതകാലത്തിലല്ല, വർത്തമാന കാലത്തിലാണ് നമ്മൾ ജീവിക്കേണ്ടത്," കൂമാൻ പറഞ്ഞു.

അന്റോയിൻ ഗ്രീസ്‌മനോടുള്ള താൽപര്യവും കൂമാൻ വെളിപ്പെടുത്തി. "അദ്ദേഹത്തിനോടൊപ്പം ജോലി ചെയ്യാൻ ഞാൻ വളരെ ഇഷ്ടപ്പെടുന്നു, ടീം പ്ലേയറാണ് താരം. പന്തില്ലാത്തപ്പോഴും ടീമിനെ സഹായിക്കുന്ന താരം എല്ലായിപ്പോഴും സന്തോഷവാനും ടീമിനെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഒരു പടി കൂടി മുന്നോട്ടു പോയി കുറച്ചു കൂടി കൃത്യതയുള്ള താരമായി മാറാൻ ഗ്രീസ്‌മൻ ശ്രമിക്കണം. മെസിയില്ലാത്തപ്പോൾ ഗ്രീസ്‌മനു കൂടുതൽ പ്രാധാന്യമുണ്ട്. കാരണം മെസിയുടെ പൊസിഷനിൽ താരത്തിന് കളിക്കാൻ കഴിയും," കൂമാൻ വ്യക്തമാക്കി.

അവസാനത്തെ രണ്ടു ട്രെയിനിങ് സെഷനുകൾ മികച്ച രീതിയിൽ പൂർത്തിയാക്കിയ ഫ്രാങ്കി ഡി ജോംഗ് ഇന്നത്തെ മത്സരത്തിനുള്ള ടീമിൽ ഉണ്ടാകുമെന്ന് കൂമാൻ പറഞ്ഞു. അതേസമയം പരിക്കിൽ നിന്നും മോചിതനായിക്കൊണ്ടിരിക്കുന്ന അൻസു ഫാറ്റി ടീമിലേക്ക് തിരിച്ചെത്താൻ രണ്ടോ മൂന്നോ ആഴ്‌ചകൾ വേണ്ടി വരുമെന്നും സമ്മർ ജാലകത്തിൽ ടീമിലേക്ക് ഒരു സ്‌ട്രൈക്കറെ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit