FC Barcelona News

ചുവപ്പുകാർഡ് എന്തിനാണെന്നു പോലുമറിയില്ല, ബാഴ്‌സയുടെ ഞെട്ടിക്കുന്ന തോൽവിയുടെ കാരണത്തെക്കുറിച്ചും കൂമാൻ

Sreejith N
FC Barcelona v Granada CF - La Liga Santander
FC Barcelona v Granada CF - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

ഗ്രനാഡക്കെതിരെ നടന്ന നിർണായക ലാ ലിഗ മത്സരത്തിൽ സ്വന്തം മൈതാനത്ത് തോൽവി വഴങ്ങിയതിലൂടെ കിരീടപ്പോരാട്ടത്തിൽ പുറകോട്ടു പോയ ബാഴ്‌സയുടെ പരാജയത്തിനു കാരണം ശ്രദ്ധക്കുറവാണെന്ന് പരിശീലകൻ റൊണാൾഡ്‌ കൂമാൻ. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലായിരുന്നു ബാഴ്‌സലോണ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നെങ്കിലും ശൂന്യതയിൽ നിന്നെന്ന പോലെ രണ്ടാം പകുതിയിൽ വന്ന രണ്ടു ഗോളുകൾ അവരുടെ കഥ കഴിക്കുകയായിരുന്നു.

"പ്രതിരോധത്തിലുണ്ടായ ശ്രദ്ധക്കുറവാണ് ഗ്രനാഡയുടെ രണ്ടു ഗോളുകൾക്കും ബാഴ്‌സലോണയുടെ തോൽവിക്കും കാരണമായത്. ആദ്യഗോളിൽ പന്തിനെ കൃത്യമായി തടയാനും കുറച്ച് സ്ഥലം മാത്രം അനുവദിക്കാനും ടീമിന് കഴിഞ്ഞില്ല. ഞങ്ങൾ നിരാശരാണ്. എങ്കിലും ബാക്കിയുള്ള അഞ്ചു മത്സരങ്ങളും വിജയിക്കാനാണ് നാളെ മുതൽ തയ്യാറെടുക്കുന്നത്." മത്സരത്തിന് ശേഷം കൂമാൻ പറഞ്ഞു.

അതേസമയം രണ്ടാം പകുതിയിൽ തന്നെ പുറത്താക്കിയ റഫറിയുടെ തീരുമാനം ന്യായമായിരുന്നില്ലെന്നും കൂമാൻ പറഞ്ഞു. "എനിക്കതു മനസിലായില്ല. കാർലോസ് നവാൽ പറഞ്ഞത് ഞാൻ ഫോർത്ത് ഒഫീഷ്യലിനെ അപമാനിച്ചു എന്നാണ്, എന്നാൽ മോശമായി ഒരു വാക്കു പോലും ഞാൻ പറഞ്ഞിട്ടില്ല, ഞാനദ്ദേഹത്തെ അപമാനിച്ചിട്ടുമില്ല. ബഹുമാനത്തോടെ മാത്രമേ ഞാൻ വാക്കുകൾ ഉപയോഗിച്ചിട്ടുള്ളു. എന്നാൽ അദ്ദേഹം എന്നോട് പ്രതികരിച്ചത് ആ താരത്തിലായിരുന്നില്ല." കൂമാൻ വ്യക്തമാക്കി.

റഫറിയുടെ റിപ്പോർട്ടിൽ താൻ പറയാത്ത കാര്യങ്ങൾ വല്ലതും എഴുതി ചേർക്കുകയാണെങ്കിൽ അതിനെതിരെ നീങ്ങുമെന്നും കൂമാൻ പറഞ്ഞു. അതേസമയം തന്റെ റൊട്ടേഷൻ പോളിസിയെ അദ്ദേഹം ന്യായീകരിച്ചു. പല താരങ്ങളും തളർന്നിട്ടുണ്ടെങ്കിലും ഏറ്റവും മികച്ച ടീമിനെ താൻ അണിനിരത്തിയെന്നാണ് ഡച്ച് പരിശീലകൻ പ്രതികരിച്ചത്.

മത്സരത്തിൽ തോറ്റതോടെ ലാ ലീഗ കിരീടത്തിനായി ഇനി ബാക്കിയുള്ള എല്ലാ മത്സരങ്ങളും ജയിക്കുകയും റയൽ ഏതെങ്കിലുമൊരു മത്സരം തോൽക്കുകയും വേണമെന്ന സാഹചര്യമാണ് നിലവിലുള്ളത്. വലൻസിയക്കെതിരെയാണ് ബാഴ്‌സലോണയുടെ അടുത്ത ലീഗ് മത്സരം.

facebooktwitterreddit