Football in Malayalam

നിരവധി വർഷങ്ങൾ ബാഴ്‌സലോണക്കൊപ്പം തുടരാൻ കഴിയുമെന്ന പ്രതീക്ഷയിൽ റൊണാൾഡ്‌ കൂമാൻ

Sreejith N
FC Barcelona v Getafe CF - LaLiga Santander
FC Barcelona v Getafe CF - LaLiga Santander / David Ramos/Getty Images
facebooktwitterreddit

ബാഴ്‌സലോണക്കൊപ്പം നിരവധി വർഷങ്ങൾ പരിശീലകനായി തുടരാൻ കഴിയുമെന്ന പ്രതീക്ഷയിൽ റൊണാൾഡ്‌ കൂമാൻ. ബാഴ്‌സ വളരെയധികം പ്രതിസന്ധികളിലൂടെ കടന്നു പോയ കഴിഞ്ഞ സമ്മറിലാണ് കൂമാൻ ടീമിന്റെ പരിശീലകനായി ചുമതല ഏറ്റെടുക്കുന്നത്. അതിനു ശേഷം ബാഴ്‌സലോണ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും കോപ്പ ഡെൽ റേ കിരീടം മാത്രമാണ് അവർക്കു സ്വന്തമാക്കാൻ കഴിഞ്ഞത്.

കഴിഞ്ഞ സീസണിനിടെ ബാഴ്‌സലോണ ബോർഡ് ഇലക്ഷൻ നടന്നു ബാർട്ടമോവിനു പകരം ലപോർട്ട സ്ഥാനമേറ്റെടുത്തതിനു ശേഷം കൂമാന്റെ പരിശീലക സ്ഥാനം ഭീഷണി നേരിട്ടിരുന്നു. കൂമാനെ ഒഴിവാക്കാൻ സാധ്യതയുണ്ടെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു എങ്കിലും ഒരു സീസൺ കൂടി അവസരം നൽകാൻ ലപോർട്ട തീരുമാനിച്ചതോടെയാണ് ഡച്ച് പരിശീലകൻ ബാഴ്‌സക്കൊപ്പം തുടർന്നത്.

"തീർച്ചയായും ഞാൻ കരാർ പുതുക്കാൻ തയ്യാറാണ്. ക്ലബ് വളരെയധികം ബുദ്ധിമുട്ടേറിയ നിമിഷങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന ഈ സമയത്തും ബാഴ്‌സലോണ പരിശീലകനായി വളരെയേറെ വർഷങ്ങൾ തുടരാൻ എനിക്കു താൽപര്യമുണ്ട്." സ്‌പാനിഷ്‌ മാധ്യമമായ സ്പോർട്ടിനോട് കൂമാൻ പറഞ്ഞു.

"ഞാനുള്ള ടീമിനെ സഹായിക്കുകയെന്ന ചുമതല എനിക്കുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. ക്ലബിനു ഗുണം ചെയ്യുന്ന കാര്യങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാതെ തന്നെ ടീമിനെ മെച്ചപ്പെടുത്താനാണ് ഞാൻ നോക്കുന്നത്. തീർച്ചയായും ഈയടുത്ത കാലങ്ങളിൽ ബാഴ്‌സക്കും എനിക്കും സംഭവിച്ച കാര്യങ്ങളെല്ലാം സ്പെഷ്യലായിരുന്നു." കൂമാൻ വ്യക്തമാക്കി.

ലയണൽ മെസി, അന്റോയിൻ ഗ്രീസ്‌മൻ എന്നിവരടക്കമുള്ള താരങ്ങൾ ക്ലബ് വിട്ടതോടെ കൂമാനെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയാണ് ഈ സീസൺ. ഈ പ്രതിസന്ധിയെ മറികടന്ന് ബാഴ്‌സലോണയെ മികച്ച പ്രകടനത്തിലേക്ക് നയിക്കാൻ കഴിഞ്ഞാൽ മാത്രമേ ഡച്ച് പരിശീലകന് ടീമിനൊപ്പം തുടരാനാകൂ.

facebooktwitterreddit