ബാഴ്സലോണ താരങ്ങളുടെ പിന്തുണ തനിക്കുണ്ട്, മറ്റൊന്നിനെക്കുറിച്ചും തനിക്കറിയില്ലെന്ന് റൊണാൾഡ് കൂമാൻ


തുടർച്ചയായ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ബാഴ്സലോണ വളരെ ദയനീയമായ തോൽവി വഴങ്ങിയതോടെ പരിശീലകനായ റൊണാൾഡ് കൂമാന്റെ സ്ഥാനം ആശങ്കയിൽ നിൽക്കുകയാണ്. ആദ്യത്തെ മത്സരത്തിൽ ബയേൺ മ്യൂണിക്കിനോട് എതിരില്ലാത്ത മൂന്നു ഗോളുകൾ വഴങ്ങിയ ബാഴ്സ ഇന്നലെ പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയോടും അതെ സ്കോറിനാണു തോറ്റത്.
എന്നാൽ മത്സരഫലം തന്റെ പരിശീലക സ്ഥാനത്തിനു ഭീഷണി ഉയർത്തുന്നതിനെ കുറിച്ച് യാതൊരു ആശങ്കയും കൂമാൻ പ്രകടിപ്പിച്ചില്ല. ബാഴ്സലോണ താരങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നു പറഞ്ഞ ഡച്ച് പരിശീലകൻ ഇന്നലത്തെ മത്സരത്തിൽ രണ്ടാമത്തെ ഗോൾ വഴങ്ങുന്നതു വരെ ബാഴ്സലോണ മികച്ച പ്രകടനമാണ് നടത്തിയതെന്നും വ്യക്തമാക്കി.
Ronald Koeman: “I feel supported, very supported by my players here at Barcelona. And by the club? I don’t know…”. ? #FCB #Barça pic.twitter.com/QaDUbtouFc
— Fabrizio Romano (@FabrizioRomano) September 29, 2021
"താരങ്ങളും അവരുടെ മനോഭാവവും എന്നെ പിന്തുണക്കുന്നതായി തോന്നുന്നു. ടീമിനൊപ്പമുള്ള എന്റെ ജോലിയെക്കുറിച്ചു മാത്രമേ എനിക്ക് സംസാരിക്കാൻ കഴിയൂ. മറ്റൊന്നിനെക്കുറിച്ചും എനിക്കറിയില്ല. ക്ലബ്ബിനെ പറ്റിയും." മത്സരത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞ കൂമാൻ ബെൻഫിക്കക്കെതിരായ ബാഴ്സലോണയുടെ പ്രകടനത്തെയും വിലയിരുത്തി.
"അവസാനഫലം അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ടുള്ളതാണ്. ഞങ്ങൾ മൈതാനത്തു കണ്ടത് ഇതല്ലായിരുന്നു. രണ്ടു ഗോളുകൾ വഴങ്ങുന്നതു വരെ ടീം മികച്ച പ്രകടനം നടത്തി, ഗോളുകൾ നേടാനുള്ള സുവർണാവസരങ്ങളും ഞങ്ങൾക്കുണ്ടായിരുന്നു. അങ്ങിനെയാണ് മത്സരങ്ങളെ മാറ്റിയെടുക്കേണ്ടത്. അവർ അവർക്കു ലഭിച്ച ഏതാനും അവസരങ്ങളിൽ നിന്നും മൂന്നു ഗോളുകൾ നേടിയെങ്കിൽ അതൊരു വലിയ വ്യത്യാസമാണ്." കൂമാൻ വ്യക്തമാക്കി.
"ഏതൊരു പരിശീലകനെ സംബന്ധിച്ചും ഇതൊരു ബുദ്ധിമുട്ടേറിയ നിമിഷമാണ്. ബാഴ്സലോണയിൽ നിൽക്കുമ്പോൾ രണ്ടു ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ വിജയിച്ചില്ലെങ്കിൽ അതു സൂക്ഷമമായി പരിശോധിക്കപ്പെടും. ഞാനതു മനസിലാക്കുന്നു. മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുമ്പോൾ ടീമിനു സമയം നൽകണം. കായികപരമായും സ്പീഡിലും ടീം പിന്നിലാണ്." കൂമാൻ വ്യക്തമാക്കി.