Football in Malayalam

സെവിയ്യക്കെതിരായ ഐതിഹാസിക തിരിച്ചുവരവിനു പിന്നാലെ ബാഴ്‌സലോണ താരങ്ങൾക്കു മുന്നറിയിപ്പു നൽകി കൂമാൻ

Sreejith N
FC Barcelona v Sevilla FC: Copa del Rey Semi Final Second Leg
FC Barcelona v Sevilla FC: Copa del Rey Semi Final Second Leg / Quality Sport Images/Getty Images
facebooktwitterreddit

കോപ്പ ഡെൽ റേ സെമി ഫൈനൽ രണ്ടാം പാദ മത്സരത്തിൽ സെവിയ്യക്കെതിരെ നേടിയ ഐതിഹാസിക തിരിച്ചു വരവിൽ വളരെയധികം സന്തോഷമുണ്ടെങ്കിലും പിഎസ്‌ജിക്കെതിരെ സമാനമായ തിരിച്ചുവരവ് ബുദ്ധിമുട്ടായിരിക്കുമെന്ന ഓർമപ്പെടുത്തലുമായി ബാഴ്‌സലോണ പരിശീലകൻ റൊണാൾഡ്‌ കൂമാൻ. കോപ്പ ഡെൽ റേ സെമിഫൈനലിന്റെ ആദ്യ പാദത്തിൽ രണ്ടു ഗോളുകൾക്ക് തോറ്റിരുന്ന ബാഴ്‌സലോണ ഇന്നലെ നടന്ന, എക്‌സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയം നേടിയാണ് ഫൈനലിൽ ഇടം പിടിച്ചത്.

മത്സരത്തിന്റെ തൊണ്ണൂറു മിനുട്ടും ഡെംബലെ നേടിയ ഒരു ഗോളിന് മാത്രം മുന്നിലായിരുന്ന ബാഴ്‌സലോണ, ഇഞ്ചുറി ടൈമിലാണ് പിക്വയിലൂടെ സമനില ഗോൾ കണ്ടെത്തിയത്. ഇതിനു ശേഷം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ മാർട്ടിൻ ബ്രൈത്വയ്റ്റ് ടീമിന്റെ വിജയമുറപ്പിച്ചു. എഴുപത്തിമൂന്നാം മിനുട്ടിൽ എവേ ഗോൾ നേടാൻ പെനാൽറ്റിയിലൂടെ സെവിയ്യക്ക് ലഭിച്ച അവസരം തട്ടിയകറ്റി ടെർ സ്റ്റീഗനും ബാഴ്‌സയുടെ വിജയത്തിൽ നിർണായക പങ്കു വഹിക്കുകയുണ്ടായി.

മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പിഎസ്‌ജിക്കെതിരെ സമാനമായ തിരിച്ചു വരവ് വളരെയധികം ദുഷ്കരമാണെന്ന് കൂമാൻ ഓർമിപ്പിച്ചത്. "2-0 എന്ന സ്‌കോറിൽ നിന്നും തിരിച്ചുവരുന്നത് 4-1 എന്ന സ്‌കോറിൽ നിന്നും തിരിച്ചു വരുന്നതിനേക്കാൾ എളുപ്പമാണ്. പിഎസ്‌ജി മികച്ച താരങ്ങളുള്ള മികച്ച ടീമാണ്. ഞങ്ങൾ വിജയിക്കാൻ വേണ്ടിയാണ് കളിക്കുക, അവരെ മറികടക്കാനുള്ള അവസരത്തിനു ഞങ്ങൾ ശ്രമിക്കും," കൂമാൻ പറഞ്ഞു.

"എന്റെ ടീമിൽ എനിക്ക് അഭിമാനമുണ്ട്. ഇതിൽ കൂടുതലൊന്നും എനിക്ക് ആവശ്യപ്പെടാനില്ല. ടീമിന്റെ മാനസികാവസ്ഥയിൽ തന്നെ മാറ്റം വന്നിട്ടുണ്ട്. ഈ മത്സരം ക്യാമ്പ് നൂവിലെ ഒരു ലക്ഷം കാണികൾക്ക് മുന്നിൽ നടക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. സെവിയ്യയിൽ വെച്ചു നടക്കുന്ന ഫൈനലിൽ കാറ്റാലൻസിനു പങ്കെടുക്കാനാകുമെന്ന് ഞാൻ കരുതുന്നു."

പിഎസ്‌ജിക്കെതിരെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോറ്റതിന് ശേഷം തിരിച്ചു വന്ന ചരിത്രം ബാഴ്‌സലോണക്കുണ്ടെങ്കിലും നിലവിൽ ടീമിലെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ അതു വളരെയധികം ബുദ്ധിമുട്ടാണ്. അതേസമയം കോപ്പ ഡെൽ റേ ഫൈനലിൽ ബാഴ്‌സലോണ അത്‌ലറ്റിക് ബിൽബാവോയും ലെവാന്റെയും തമ്മിലുള്ള മത്സരത്തിലെ വിജയികളെയാണ് നേരിടുക.

facebooktwitterreddit