Football in Malayalam

അടുത്ത സീസണിലും തുടരാണമെങ്കിൽ മൂന്നു കാര്യങ്ങളിൽ മെച്ചപ്പെടണം, കൂമാനു നിർദ്ദേശവുമായി ബാഴ്‌സലോണ

Sreejith N
Athletic Club v FC Barcelona - La Liga Santander
Athletic Club v FC Barcelona - La Liga Santander / Juan Manuel Serrano Arce/Getty Images
facebooktwitterreddit

കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കിയതിനേക്കാൾ കൂടുതൽ താരങ്ങളെ നഷ്ടപ്പെട്ട് ഈ സീസണിൽ ടീമിന്റെ പ്രകടനം എത്രത്തോളം മുന്നോട്ടു പോകുമെന്ന കാര്യത്തിൽ യാതൊരു മുൻവിധികളും ഇല്ലാതെയാണ് ബാഴ്‌സലോണ നിൽക്കുന്നത്. ലയണൽ മെസിയും അന്റോയിൻ ഗ്രീസ്‌മനും ഉൾപ്പെടെയുള്ള താരങ്ങളെ നഷ്‌ടമായ ബാഴ്‌സക്ക് യുവതാരങ്ങളെയും അക്കാദമി താരങ്ങളെയും ഈ സീസണിൽ കൂടുതൽ ആശ്രയിക്കേണ്ടി വരുമെന്നുറപ്പാണ്.

പരിശീലകനായ കൂമാനെ സംബന്ധിച്ചും വളരെ നിർണായകമായ ഒരു സീസണാണ് ഇത്തവണ വരാനിരിക്കുന്നത്. ഈ സീസൺ അവസാനിക്കുന്നതു വരെ മാത്രം ബാഴ്‌സലോണയുമായി കരാറുള്ള ഡച്ച് പരിശീലകന് മാനേജർ സ്ഥാനത്ത് വീണ്ടും തുടരണമെങ്കിൽ മൂന്നു കാര്യങ്ങളിൽ നിലവിലുള്ള ടീമിനെ മെച്ചപ്പെടുത്തണമെന്ന നിർബന്ധമാണ് ക്ലബ് നേതൃത്വം മുന്നോട്ടു വെച്ചിരിക്കുന്നത്. അതിനു കഴിഞ്ഞില്ലെങ്കിൽ കൂമാ കരാർ പുതുക്കി നൽകില്ലെന്നും അടുത്ത സീസണിൽ ബാഴ്‌സ പുതിയ പരിശീലകനെ പരിഗണിക്കുമെന്നും മാർക്ക വെളിപ്പെടുത്തുന്നു.

ബാഴ്‌സയിൽ അടുത്ത സീസണിലും തുടരാൻ ഈ സീസണിൽ കൂമാൻ ടീമിനെ കിരീടങ്ങളിലേക്കു നയിക്കണമെന്നതു പ്രധാനമാണ്. കഴിഞ്ഞ സീസണിൽ കയ്യിലിരുന്ന ലാ ലിഗ കിരീടം അവസാന മത്സരങ്ങളിൽ അനാവശ്യമായ തോൽവി വഴങ്ങി നഷ്ടമാക്കിയതു പോലെയൊരു അബദ്ധം ഇത്തവണ കൂമാന് ആവർത്തിക്കാൻ കഴിയില്ല. അതുപോലെ തന്നെ കഴിഞ്ഞ തവണത്തേതു പോലെ കോപ്പ ഡെൽ റേ കിരീടം നേടിയതു കൊണ്ട് തന്റെ സ്ഥാനം ഉറപ്പിക്കാനും കൂമാനു കഴിയില്ല.

ഇതിനു പുറമെ അക്കാദമി താരങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യുന്നുവെന്നതും കൂമാനു പുതിയ കരാർ നൽകുന്നതിൽ നിർണായകമാണ്. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മികച്ച താരങ്ങൾ കൊഴിഞ്ഞു പോയ ടീമിൽ യുവതാരങ്ങൾക്ക് അവസരം നൽകി അവരെക്കൊണ്ട് മികച്ച പ്രകടനം നടത്തിക്കാൻ ഡച്ച് പരിശീലകന് കഴിയണം. നിലവിൽ യൂസഫ് ഡെമിർ, ഗാവി, നിക്കോ ഗോൺസാലസ് എന്നിവർക്ക് കൂമാൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കാൻ അവസരം നൽകിയിട്ടുണ്ട്.

ഇതിനു പുറമെ ടീമിന്റെ ശൈലിയും ബാഴ്‌സലോണ നേതൃത്വം വിലയിരുത്തും. സ്‌ക്വാഡിന് കഴിഞ്ഞ സീസണുകൾ അപേക്ഷിച്ച് നിലവാരം കുറവുണ്ടെങ്കിലും ബാഴ്‌സലോണയുടെ ആക്രമണ ശൈലിക്ക് മാറ്റം വരുത്തരുതെന്നും നേതൃത്വം വ്യക്തമാക്കുന്നുണ്ട്. ലപോർട്ടക്ക് കൂമാനിൽ വളരെയധികം താൽപര്യം ഇല്ലാത്തതു കൊണ്ട് ഈ നിബന്ധനകൾ പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ അദ്ദേഹം ഒഴിവാക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.

facebooktwitterreddit