Football in Malayalam

പിഎസ്‌ജിക്കെതിരായ പരാജയത്തേക്കാൾ നിരാശ നൽകുന്ന സമനില; കാഡിസിനെതിരായ മത്സരത്തിന് ശേഷം റൊണാൾഡ് കൂമാൻ

By Gokul Manthara
Sevilla v FC Barcelona: Copa del Rey Semi Final First Leg
Sevilla v FC Barcelona: Copa del Rey Semi Final First Leg / Fran Santiago/Getty Images
facebooktwitterreddit

ഇന്നലെ കാഡിസിനെതിരെ നടന്ന ലാലീഗ മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്നത് കഴിഞ്ഞയാഴ്ച പിഎസ്‌ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നേരിട്ട പരാജയം സമ്മാനിച്ചതിനേക്കാൾ നിരാശ നൽകുന്നതായി ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാൻ‌. മത്സരത്തിൽ രണ്ട് പോയിന്റുകൾ നഷ്ടപ്പെടുത്തിയതിൽ അതീവ ദുഖം പ്രകടിപ്പിച്ച കൂമാൻ, ഇത്തരം മത്സരങ്ങൾ വിജയിക്കാൻ കഴിയാത്തത് നൽകുന്ന നിരാശ വളരെ വലുതാണെന്നും ചൂണ്ടിക്കാട്ടി. മത്സരം 1-1 എന്ന സ്കോറിൽ സമനിലയിൽ പിരിഞ്ഞതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

""ഇത് നിരാശാജനകമാണ്. ഇതു പോലുള്ള മത്സരങ്ങൾ വിജയിക്കേണ്ടതുണ്ട്.‌ ഞങ്ങൾക്കതിനായില്ല‌. അത്ലറ്റിക്കോ മാഡ്രിഡിനെതിരായ തോൽവിക്ക് ശേഷം നഷ്ടപ്പെടുത്തിയ വലിയ അവസരമാണിത്. ഇത് വൻ നിരാശ സമ്മാനിക്കുന്നു‌." "

റൊണാൾഡ് കൂമാൻ

അതേ സമയം മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്നെങ്കിലും തന്റെ കളിക്കാരെ വ്യക്തിപരമായി വിമർശിക്കാൻ കൂമാൻ തയ്യാറായില്ല. ടീമിന്റെ നിലവാരം വെച്ച് നോക്കുമ്പോൾ ഈ മത്സരത്തിൽ ബാഴ്സലോണ വിജയിക്കേണ്ടതായിരുന്നെന്ന് ചൂണ്ടിക്കാട്ടിയ കൂമാൻ, ആക്രമിക്കാനുള്ള ചുമതല ടീം ഏറ്റെടുത്തില്ലെന്നും കുറ്റപ്പെടുത്തി.

""കളിക്കാരെ വ്യക്തിപരമായി കുറ്റപ്പെടുത്താൻ ഞാനാഗ്രഹിക്കുന്നില്ല. ആക്രമണത്തിന്റെ ചുമതല ഞങ്ങൾ ഏറ്റെടുത്തില്ല. ഒപ്പം ഞങ്ങൾ വ്യത്യസ്തമായി പ്രതിരോധിക്കേണ്ടതുണ്ട്. മികവിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ ജയിക്കേണ്ടവരായിരുന്നു." "

റൊണാൾഡ് കൂമാൻ

അവസാന നിമിഷം വഴങ്ങേണ്ടി വന്ന പെനാൽറ്റിയായിരുന്നു മത്സരത്തിൽ ബാഴ്സലോണയുടെ ജയം തടഞ്ഞത്‌. ക്ലെമന്റ് ലെംഗ്ലെറ്റിന്റെ ഫൗളിന്റെ ഫലമായി വഴങ്ങേണ്ടി വന്ന പെനാൽറ്റി‌ പക്ഷേ റഫറിയുടെ ശരിയായ തീരുമാനമായിരുന്നോ എന്നതിൽ കൂമാൻ സംശയം പ്രകടിപ്പിക്കുന്നു. പെനാൽറ്റി നൽകിയത് സംശയാസ്പദമാണെന്ന് താൻ കരുതുന്നതായി ചൂണ്ടിക്കാട്ടിയ ബാഴ്സലോണ പരിശീലകൻ, തങ്ങൾക്ക് ഈ സീസണിൽ ഇനിയും ചിലതൊക്കെ ചെയ്യാൻ കഴിയുമെന്നും, മത്സരങ്ങൾ എളുപ്പത്തിൽ വിജയിക്കാൻ ടീമുകൾക്കൊന്നും കഴിയില്ലെന്നും കൂട്ടിച്ചേർത്തു‌.

അതേ സമയം, 1-1ന് അവസാനിച്ച മത്സരത്തിൽ ബാഴ്‌സലോണക്ക് വേണ്ടി ഗോൾ നേടിയത് നായകൻ ലയണൽ മെസിയാണ്. മത്സരത്തിന്റെ മുപ്പത്തിരണ്ടാം മിനുറ്റിൽ പെനാൽറ്റിയിലൂടെയാണ് അർജന്റീന താരം കറ്റാലൻ വമ്പന്മാരെ മുന്നിലെത്തിച്ചത്.

facebooktwitterreddit