Football in Malayalam

'കളിക്കാരെനിക്ക് മഹത്തായൊരു പിറന്നാൾ സമ്മാനമാണ് നൽകിയത്' - റയൽ സോസിഡാഡിനെതിരായ വിജയത്തിന് ശേഷം പ്രതികരിച്ച് കൂമാൻ

Sreejith N
Real Sociedad v FC Barcelona - La Liga Santander
Real Sociedad v FC Barcelona - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

റയൽ സോസിഡാഡിനെതിരെ ബാഴ്‌സലോണ നേടിയ തകർപ്പൻ ലാ ലിഗ വിജയം തനിക്ക് ലഭിച്ച പിറന്നാൾ സമ്മാനമാണെന്ന് പരിശീലകൻ റൊണാൾഡ്‌ കൂമാൻ. ലാ ലിഗ കിരീടപ്പോരാട്ടത്തിൽ അത്ലറ്റികോ മാഡ്രിഡിനു പിന്നാലെ കുതിക്കുന്ന ബാഴ്‌സലോണ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ ആറു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ലയണൽ മെസി, സെർജിനോ ഡെസ്റ്റ് എന്നിവർ ഇരട്ടഗോളുകൾ നേടിയപ്പോൾ ഗ്രീസ്മാൻ, ഡെംബലെ എന്നിവരാണ് മറ്റു ഗോളുകൾ കുറിച്ചത്.

"എല്ലാ മത്സരങ്ങളും ബുദ്ധിമുട്ടേറിയതാണ്, ഞങ്ങൾക്കും അത്ലറ്റികോ മാഡ്രിഡിനും റയൽ മാഡ്രിഡിനുമെല്ലാം. ഇത് അവസാനം വരെ ആവേശകരമായിരിക്കും. എല്ലാ കളിക്കാരും ഇന്റർനാഷണൽ ബ്രേക്കിനു ശേഷം കുഴപ്പങ്ങളില്ലാതെ തിരിച്ചെത്തുമെന്നാണ് ഞാൻ കരുതുന്നത്. കളിക്കാരെനിക്ക് മഹത്തായൊരു പിറന്നാൾ സമ്മാനമാണ് നൽകിയത്. ജോർദി ആൽബ, അന്റോയിന് ഗ്രീസ്മാൻ എന്നിവർക്കും ഇതു മനോഹരമായ പിറന്നാളായിരിക്കും," ഞായറാഴ്ച അമ്പത്തിയെട്ടു വയസു തികഞ്ഞ ഡച്ച് പരിശീലകൻ പറഞ്ഞു.

തുടർച്ചയായ അഞ്ചാമത്തെ ലാ ലിഗ മത്സരം വിജയിച്ച ബാഴ്‌സലോണ ഈ വർഷം കളിച്ച ഒരു ലീഗ് മത്സരത്തിലും തോൽവി നേരിട്ടിട്ടില്ല. എന്നാൽ നിലവിൽ ടൂർണമെൻറിലെ ഏറ്റവും മികച്ച ടീമാണ് ബാഴ്‌സയെന്ന വാദങ്ങളെ കൂമാൻ തള്ളിക്കളഞ്ഞു. "എനിക്കറിയില്ല, ഞങ്ങൾ ഒരുപാട് മത്സരങ്ങൾ അപരാജിതരായി മുന്നോട്ടു പോയെങ്കിലും ഇപ്പോഴും അത്ലറ്റികോക്ക് പുറകിലാണ്. അവരും മെച്ചപ്പെട്ടിട്ടുണ്ട്.

"ഞങ്ങൾക്ക് മുന്നോട്ടു പോയെ തീരു, അവർ അവസാനം വരെയും പോരാടുമെന്നുറപ്പാണ്. ബാഴ്‌സലോണ ഇനി തോൽക്കില്ലെന്നൊന്നും എനിക്കുറപ്പില്ല. നിരവധി കടുപ്പമേറിയ മത്സരങ്ങൾ വരാനിരിക്കുന്നുണ്ട്. ഇപ്പോഴത്തേതു പോലെ ശ്രദ്ധയോടെ മത്സരങ്ങൾക്ക് ഇറങ്ങുകയാണ് ഞങ്ങൾക്ക് ചെയ്യാനുള്ളത്. ഇന്ന് കാണിച്ച ഫിനിഷിങ് മികവ് കിരീടങ്ങൾ നേടാൻ അത്യന്താപേക്ഷിതമാണ്," കൂമാൻ വ്യക്തമാക്കി.

facebooktwitterreddit