"തോൽവി ന്യായമല്ല, പ്രധാന താരങ്ങളെ നഷ്‌ടമായതും കണക്കാക്കണം"- റയോ വയ്യാക്കാനോയുമായുള്ള മത്സരത്തെപ്പറ്റി കൂമാൻ

Sreejith N
Rayo Vallecano v FC Barcelona - La Liga Santander
Rayo Vallecano v FC Barcelona - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

റയോ വയ്യക്കാനോയുമായി നടന്ന ലാ ലിഗ മത്സരത്തിൽ തോൽവി വാങ്ങിയത് ന്യായമായിരുന്നില്ലെന്ന് ബാഴ്‌സ പരിശീലകനായിരുന്ന റൊണാൾഡ്‌ കൂമാൻ. ഫാൽകാവോ നേടിയ ഒരേയൊരു ഗോളിൽ റയോ വയ്യക്കാനോ വിജയം നേടിയ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കൂമാൻ ഇക്കാര്യം പറഞ്ഞത്. അതിനു ശേഷം മണിക്കൂറുകൾക്കകം അദ്ദേഹത്തെ ബാഴ്‌സലോണ പുറത്താക്കുകയും ചെയ്‌തിരുന്നു.

"എന്റെ ഭാവി അപകടത്തിലാണോ എന്നെനിക്കറിയില്ല. ഗോളുകൾ നേടാൻ കഴിവുള്ള, അത് ഉള്ളിലുള്ള സെർജിയോ അഗ്യൂറോ, മെംഫിസ് ഡീപേയ് പോലെയുള്ള താരങ്ങൾ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. എതിർ ടീം വളരെയധികം സമ്മർദ്ദം ചെലുത്തിയതു കൊണ്ടു തന്നെ മത്സരത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ തന്നെ ഞങ്ങൾ ബുദ്ധിമുട്ടി. മത്സരഫലം ഒരിക്കലും ന്യായമല്ല, എന്നാൽ അതവിടെ നിലനിൽക്കുന്നു, മാറ്റാൻ കഴിയില്ല." കൂമാൻ പറഞ്ഞു.

പ്രധാന താരങ്ങളിൽ പലരെയും നഷ്‌ടമായത്‌ ടീമിന്റെ നിലവാരം താഴേക്കു പോവാൻ കാരണമായെന്നും കൂമാൻ പറഞ്ഞു. "ഇന്നത്തെ മത്സരം തോറ്റത് കളിയുടെയോ മനോഭാവത്തിന്റെയോ പ്രശ്‌നം കൊണ്ടല്ല. ടീമിന്റെ നിലവാരം താഴേക്കു പോയിരിക്കുന്നു. വളരെ ഫലമുണ്ടാക്കിയിരുന്ന പല താരങ്ങളെയും നഷ്‌ടമായതും കണക്കിലെടുക്കേണ്ട കാര്യം തന്നെയാണ്." കൂമാൻ പറഞ്ഞു.

റയോ വയ്യാക്കാനോയോട് തോറ്റതോടെ കഴിഞ്ഞ ആറു കളികളിൽ നാലെണ്ണത്തിലും ബാഴ്‌സലോണക്ക് പരാജയമായിരുന്നു ഫലം. ഇതിനിടയിൽ ലാ ലിഗയിൽ വലൻസിയയോടും ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ കീവിനോടും മാത്രമാണ് ബാഴ്‌സ വിജയം നേടിയത്. ഇതിന്റെ ഭാഗമായാണ് കൂമാനെ പുറത്താക്കാൻ ബാഴ്‌സ നേതൃത്വം തീരുമാനിക്കുന്നത്.

കൂമാനു പകരക്കാരനായി സാവിയാണ് ബാഴ്‌സലോണയുടെ പട്ടികയിൽ ഒന്നാമതുള്ളത്. നിലവിൽ ഖത്തർ ക്ലബായ അൽ സാദിന്റെ പരിശീലകനായ മുൻ ബാഴ്‌സലോണ താരം അടുത്തിടെ മറ്റു ക്ലബുകളിൽ നിന്നുമുള്ള ഓഫർ പരിഗണിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു.

facebooktwitterreddit