Football in Malayalam

ലാ ലിഗ കിരീടത്തിനായി പൊരുതാൻ ബാഴ്‌സക്കു കഴിയും, പൂർണ ആത്മവിശ്വാസത്തോടെ റൊണാൾഡ്‌ കൂമാൻ

Sreejith N
SL Benfica v FC Barcelona: Group E - UEFA Champions League
SL Benfica v FC Barcelona: Group E - UEFA Champions League / Quality Sport Images/GettyImages
facebooktwitterreddit

ഈ സീസണിൽ മോശം പ്രകടനം നടത്തുകയാണെങ്കിലും പരിക്കു മാറി മുഴുവൻ താരങ്ങളും തിരിച്ചെത്തിയാൽ ലീഗ് കിരീടം വിജയിക്കാനുള്ള ശേഷി ബാഴ്‌സക്കുണ്ടെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് റൊണാൾഡ്‌ കൂമാൻ. ഇന്നു രാത്രി വലൻസിയയുമായി നടക്കാനിരിക്കുന്ന ലാ ലിഗ മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഡച്ച് പരിശീലകൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

സീസണിലിതു വരെ ഏഴു ലാ ലിഗ മത്സരങ്ങൾ കളിച്ചപ്പോൾ മൂന്നു ജയവും മൂന്നു സമനിലയും ഒരു തോൽവിയുമായി ലീഗിൽ ഒൻപതാം സ്ഥാനത്താണ് ബാഴ്‌സലോണ. ഇതിനു പുറമെ ചാമ്പ്യൻസ് ലീഗിലെ രണ്ടു മത്സരങ്ങളിലും ടീം കനത്ത തോൽവി ഏറ്റുവാങ്ങി. നിലവിലെ പ്രകടനത്തിൽ ആരാധകർ വളരെയധികം അതൃപ്‌തി പ്രകടിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ടീം തിരിച്ചു വരുമെന്ന ആത്മവിശ്വാസം കൂമാൻ പ്രകടിപ്പിച്ചത്.

"പരിക്കേറ്റ താരങ്ങൾ സുഖം പ്രാപിച്ചാൽ ഞാൻ ടീമിൽ കൂടുതൽ സംതൃപ്‌തനാവും. പരിക്കുകൾ എല്ലായിപ്പോഴും ഉണ്ടാകുമെങ്കിലും ഞങ്ങൾക്ക് ഭാഗ്യമില്ലായ്‌മയുമുണ്ട്‌. ഏറെക്കുറെ എല്ലാ മുന്നേറ്റനിര താരങ്ങളും പരിക്കിന്റെ പിടിയിലാണ്. എങ്കിലും ഞങ്ങൾക്ക് കിരീടത്തിനു വേണ്ടി പൊരുതാൻ കഴിയും. ഏറ്റവും നല്ല പ്രകടനം നടത്താൻ എല്ലാ കളിക്കാരെയും ലഭ്യമാകണം. പതുക്കെപ്പതുക്കെ ഞങ്ങൾ മെച്ചപ്പെടും." കൂമാൻ മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ ഭാവിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശ്രദ്ധിക്കാതെ ടീമിനെ മെച്ചപ്പെടുത്താൻ മാത്രമാണ് നോക്കുന്നതെന്നും കൂമാൻ പറഞ്ഞു. ബാഴ്‌സയെപ്പോലൊരു വലിയ ടീമിനു വിജയങ്ങൾ നേടാൻ കഴിഞ്ഞില്ലെങ്കിൽ ഇത്തരം വിമർശനങ്ങൾ സ്വാഭാവികമാണെന്നു പറഞ്ഞ അദ്ദേഹം കഴിഞ്ഞ കാലങ്ങളെക്കുറിച്ചു ചിന്തിക്കാതെ ക്ലബിനു വേണ്ടി ഏറ്റവും മികച്ചത് നൽകുമെന്ന് വ്യക്തമാക്കി.

പരിക്കിൽ നിന്നും മുക്തനായ അഗ്യൂറോ വലൻസിയക്കെതിരായ മത്സരത്തിനുള്ള സ്‌ക്വാഡിൽ ഇടം പിടിക്കുമെന്നു പറഞ്ഞ കൂമാൻ ഫാറ്റി ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പു നൽകാൻ തയ്യാറായില്ല. നിരവധി മാസങ്ങൾ പരിക്കേറ്റു പുറത്തിരുന്നതിനാൽ ഫാറ്റിയുടെ കാര്യത്തിൽ വളരെ ശ്രദ്ധാപൂർവം മാത്രമേ തീരുമാനം എടുക്കൂവെന്നാണ് കൂമാൻ പറയുന്നത്.

facebooktwitterreddit