Football in Malayalam

ബാഴ്‌സ മികച്ച പ്രകടനം നടത്തി, ഫോർമേഷനിൽ മാറ്റം വരുത്തിയതിനെക്കുറിച്ചും കൂമാൻ

Sreejith N
FC Red Bull Salzburg v FC Barcelona - Pre-Season Friendly
FC Red Bull Salzburg v FC Barcelona - Pre-Season Friendly / Guenther Iby/Getty Images
facebooktwitterreddit

റെഡ്ബുൾ സാൽസ്ബർഗിനെതിരെ നടന്ന പ്രീ സീസൺ മത്സരത്തിൽ തോൽവിയേറ്റു വാങ്ങിയെങ്കിലും ബാഴ്‌സലോണ മികച്ച പ്രകടനം നടത്തിയെന്ന് പരിശീലകൻ റൊണാൾഡ്‌ കൂമാൻ. ഓസ്ട്രിയയിൽ വെച്ചു നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കാറ്റലൻ ക്ലബ് തോൽവി വഴങ്ങിയത്.

ഇന്നലെ നടന്ന മത്സരത്തിൽ ഓസ്ട്രിയൻ ക്ലബാണ് ആധിപത്യം സ്ഥാപിച്ചതെന്നാണ് യാഥാർഥ്യം. ബാഴ്‌സലോണയെക്കാൾ കളിക്കളത്തിൽ എതിരാളികൾ മുന്നിട്ടു നിന്നെങ്കിലും മത്സരം മറ്റു പല ഗുണങ്ങളും ടീമിന് നൽകുമെന്നാണ് കൂമാൻ പറയുന്നത്.

"പ്രീ സീസൺ മത്സരമാണെങ്കിലും അതിൽ നല്ലതെന്താണെന്നു വെച്ചാൽ വളരെ തീവ്രതയോടെ കളിക്കുന്ന ഒരു എതിരാളിയെ ലഭിച്ചുവെന്നതാണ്. വളരെയധികം ഓടേണ്ടി വന്നതു കൊണ്ടു തന്നെ മത്സരം വളരെ മികച്ചതായിരുന്നു. രണ്ടു ടീമുകളും മികച്ച പ്രെസ്സിങ് നടത്തി ഹൈ ടെമ്പോയിൽ കളിച്ചു. അതു കുറ്റമറ്റതായിരുന്നെങ്കിലും തോൽക്കുന്നത് എനിക്കിഷ്ടമല്ല. എന്നാൽ ഞാൻ സന്തോഷവാനാണ്," കൂമാൻ പറഞ്ഞു.

മത്സരത്തിൽ കൂമാൻ സാധാരണ ഉപയോഗിക്കാറുള്ള ലൈനപ്പായ 4-3-3ന് പകരം 3-5-2 ആണ് ഉപയോഗിച്ചത്. അതേക്കുറിച്ച് ചോദിച്ചപ്പോൾ ശൈലി മാറ്റുന്നത് പ്രധാനമാണെന്നാണ് കൂമാൻ പറഞ്ഞത്. കഴിഞ്ഞ സീസണിൽ അതു ടീമിനു ഗുണം ചെയ്‌തുവെന്നും ടീമിന് ഏറ്റവും മികച്ച ഫോർമേഷൻ ഏതാണെന്നു മനസിലാക്കാൻ സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

സാൽസ്ബർഗുമായ മത്സരത്തോടെ ബാഴ്‌സലോണയുടെ പ്രീ സീസൺ പൂർത്തിയായിട്ടുണ്ട്. ഇനി യുവന്റസിനെതിരെ ഗാമ്പർ ട്രോഫി കൂടി കളിച്ചതിനു ശേഷമാണ് പുതിയ സീസണ് ടീം ഇറങ്ങുക. ഓഗസ്റ്റ് പതിനഞ്ചിനാണ്‌ ഈ വർഷത്തെ ലാ ലിഗ സീസൺ ആരംഭിക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit