എൽ ക്ലാസികോ മത്സരത്തിനു ശേഷം തനിക്കു നേരെയുണ്ടായ ബാഴ്സലോണ ആരാധകരുടെ കയ്യേറ്റശ്രമത്തെ രൂക്ഷമായി വിമർശിച്ച് കൂമാൻ


എൽ ക്ലാസികോ മത്സരത്തിനു ശേഷം സ്റ്റേഡിയം വിടുമ്പോൾ ബാഴ്സലോണ ആരാധകർ തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമം നടത്തിയതിനോട് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാൻ. മൂല്യങ്ങളെപ്പറ്റി ഒന്നുമറിയാതെ വിവരദോഷികളായ ആരാധകരാണ് തനിക്കു നേരെ ആക്രമണം നടത്തിയതെന്നും അതിനു പരിഹാരമില്ലെന്നും കൂമാൻ പറഞ്ഞു.
എൽ ക്ലാസിക്കോ മത്സരത്തിൽ റയലിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവി നേരിട്ടതോടെയാണ് കൂമാനു നേരെ ഒരുപറ്റം ആരാധകർ തിരിഞ്ഞത്. സ്റ്റേഡിയത്തിൽ നിന്നും പുറത്തു കടക്കാൻ ശ്രമിച്ച അദ്ധേഹത്തിന്റെ കാർ തടഞ്ഞു നിർത്താൻ ശ്രമിച്ച ആരാധകർ വാഹനത്തിൽ അടിക്കുകയും കാറിന്റെ മുകളിൽ കയറിയിരുന്ന് സെൽഫി എടുക്കാൻ ശ്രമിക്കുകയുമെല്ലാം ചെയ്തിരുന്നു.
He was swarmed by fans in his car. https://t.co/BlgXxuXifG
— MARCA in English (@MARCAinENGLISH) October 26, 2021
"ഞാൻ കാറിലായിരിക്കുമ്പോൾ സംഭവിച്ച കാര്യങ്ങൾ എനിക്ക് ഇഷ്ടമായില്ല എന്നതു സത്യമാണ്, എന്നാൽ എല്ലാം നന്നായി അറിയാവുന്ന ആളുകളെ എനിക്ക് ഇഷ്ടമാണ്. ഞാനുണ്ടാവേണ്ട സ്ഥലത്തു തന്നെയാണ് ഞാനുള്ളത്. എന്നെത്തന്നെ ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതെങ്ങിനെ പ്രവർത്തിക്കുമെന്ന് എനിക്കറിയാം. എട്ടു വർഷമായാലും മൂന്നു മാസമായാലും ഒരു വർഷമായാലും ഞാനിവിടം ആസ്വദിക്കും, പ്രശ്നമില്ല."
"ഇതിനൊരു പരിഹാരമുണ്ടെന് ഞാൻ കരുതുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു സാമൂഹിക പ്രശ്നമാണ്. അത് ബാഴ്സലോണ ആരാധകരായാലും മറ്റുള്ള ആളുകളായാലും വിദ്യാഭാസം ലഭിച്ചതിൽ കുഴപ്പമുണ്ട്. മൂല്യങ്ങളും നിയമങ്ങളും എന്താണെന്ന് അവർക്കറിയില്ല. എന്നാൽ 2-0ത്തിനു പിന്നിൽ നിൽക്കുമ്പോഴും മൈതാനത്തെ അന്തരീക്ഷം മറിച്ചായിരുന്നു. അതു കൊണ്ടു തന്നെ ഇവർക്ക് കൂടുതൽ പരിഗണന നൽകേണ്ട ആവശ്യമില്ല."
ആരാധകരുടെ രോഷം വേറെയും നിരവധി താരങ്ങൾക്കു നേരെ ഉണ്ടായിട്ടുണ്ടെന്നും അതേറ്റു വാങ്ങുന്ന ആദ്യത്തെ ആളല്ല താനെന്നും കൂമാൻ പറഞ്ഞു. ഇന്നു രാത്രി റയോ വയ്യക്കാനയുമായി നടക്കുന്ന ലീഗ് മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് കൂമാൻ ഇതേപ്പറ്റി സംസാരിച്ചത്. എൽ ക്ലാസിക്കോ തോൽവിയുടെ ഭാരം ഇറക്കിവെക്കാൻ ഇന്നത്തെ മത്സരത്തിൽ ബാഴ്സലോണയ്ക്ക് വിജയം കൂടിയേ തീരൂ.