FC Barcelona News

"ബാഴ്‌സലോണ ഭൂതകാലത്തിൽ ജീവിക്കുന്നു"- സാവിയുടെ തന്ത്രങ്ങളിൽ സംശയം പ്രകടിപ്പിച്ച് റൊണാൾഡ്‌ കൂമാൻ

Sreejith N
Koeman Expresses Doubt About Xavi's Tactics
Koeman Expresses Doubt About Xavi's Tactics / Quality Sport Images/GettyImages
facebooktwitterreddit

ബാഴ്‌സലോണ ഇപ്പോഴും ഭൂതകാലത്തിൽ ജീവിക്കുകയാണെന്ന് ക്ലബിന്റെ മുൻ പരിശീലകനായ റൊണാൾഡ്‌ കൂമാൻ. 4-3-3 എന്ന ശൈലിയിൽ ക്ലബ് ഉറച്ചു നിൽക്കുന്നതിലും സാവി നടപ്പിലാക്കാൻ പോകുന്ന തന്ത്രങ്ങളിലും സംശയം പ്രകടിപ്പിച്ച ഡച്ച് പരിശീലകൻ ഫുട്ബോളിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന മുന്നറിയിപ്പും നൽകി. ലെവൻഡോസ്‌കി ട്രാൻസ്‌ഫറിനായി വൻ തുക ചെലവഴിക്കാനുള്ള ക്ലബിന്റെ നീക്കത്തിലും കൂമാൻ തന്റെ ആശങ്കകൾ അറിയിച്ചു.

"മത്സരത്തിൽ ആധിപത്യം പുലർത്തുന്നത് എനിക്ക് താൽപര്യമുള്ള കാര്യം തന്നെയാണ്. നിങ്ങൾ മൂന്നു സെൻട്രൽ ഡിഫൻഡർമാർ, അല്ലെങ്കിൽ അഞ്ചു ഡിഫെൻഡർമാരെ വെച്ചു കളിപ്പിച്ചാൽ അതൊരിക്കലും പ്രതിരോധശൈലിയാണെന്ന് പറയാൻ കഴിയില്ല. ഈ ശൈലിയും വെച്ച് മൂന്നോ നാലോ മാസങ്ങൾ ഞങ്ങൾ സമീപകാലത്തെ ഏറ്റവും മികച്ച ഫുട്ബോൾ കളിച്ചു."

"അത്‌ലറ്റിക് ക്ലബിനെതിരായ ഫൈനൽ അതിനൊരു കൃത്യമായ ഉദാഹരണമായിരുന്നു. ബാഴ്‌സലോണ ഭൂതകാലത്തിൽ ജീവിച്ചു കൊണ്ടിരിക്കുകയാണ്, 4-3-3 എന്ന ശൈലിയിലും ടിക്കി ടാക്കയിലും. ഫുട്ബോൾ മാറിയിരിക്കുന്നു. അതിപ്പോൾ കൂടുതൽ വേഗത നിറഞ്ഞതാണ്, കൂടുതൽ കായികപരമാണ്. നമുക്ക് ഭൂതകാലത്തിൽ ജീവിക്കാൻ കഴിയില്ല." കൂമാൻ ഇസ്പോർട്ട്3യോട് സംസാരിക്കുമ്പോൾ പറഞ്ഞു.

നിരവധി വർഷങ്ങളായി 4-3-3 എന്ന ശൈലിയിൽ തന്നെയാണ് ബാഴ്‌സലോണ കളിച്ചു കൊണ്ടിരിക്കുന്നത്. ഇതിൽ ചെറിയ രീതിയിലെങ്കിലും മാറ്റങ്ങൾ കൊണ്ടുവന്ന പരിശീലകർ ലൂയിസ് എൻറിക്വ, വാൽവെർദെ, കൂമാൻ എന്നിവരാണ്. കാലങ്ങളായി ഒരേ ഫോർമേഷനും കേളീശൈലിയും പിന്തുടരുന്നത് ടീമിന്റെ തന്ത്രങ്ങൾ ഒരുക്കുന്നതിനെ പരിമിതപ്പെടുത്തുമെന്നാണ് കൂമാൻ ചൂണ്ടിക്കാണിക്കുന്നത്. ലെവൻഡോസ്‌കി ട്രാൻസ്‌ഫറിനെ സംബന്ധിച്ചും അദ്ദേഹം സംശയങ്ങൾ പ്രകടിപ്പിച്ചു.

"ലെവൻഡോസ്‌കി മികച്ച താരമാണ്, ഗോളുകൾ നേടാൻ കഴിയുന്ന കളിക്കാരനാണ്, പക്ഷെ ഒരു പ്രത്യേക പ്രായത്തിൽ എത്തിയ താരവുമാണ്. 35 വയസിനോടടുക്കുന്ന ഒരു താരത്തിനാണ് പ്രതിഫലത്തിനു പുറമെ 50, 60 മില്യൺ നൽകുന്നത്. താരത്തിന് രണ്ടു വർഷങ്ങൾ കൂടി ഇനിയുമുണ്ടായേക്കാം. പക്ഷെ ലെവൻഡോസ്‌കിയെ സ്വന്തമാക്കിയാലും ഇല്ലെങ്കിലും എനിക്കതിൽ സംശയങ്ങളുണ്ട്." കൂമാൻ വെളിപ്പെടുത്തി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit