പ്രധാന താരങ്ങളുടെ അഭാവത്തിലും പുയ്ജിനെ കളിപ്പിക്കാത്തതിന്റെ കാരണം വ്യക്തമാക്കി കൂമാൻ


സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി താരങ്ങൾ ക്ലബ് വിട്ടതോടെ ഈ സീസണിൽ യുവതാരങ്ങളെ കൂടുതൽ ആശ്രയിക്കേണ്ട സാഹചര്യമാണ് ബാഴ്സയിലുള്ളത്. എന്നാൽ അതിൽ തന്നെയും പല താരങ്ങൾ പരിക്കിന്റെ പിടിയിലായിട്ടും ലാ മാസിയയിൽ നിന്നും ഉയർന്നു വന്ന പ്രതിഭയായ റിക്കി പുയ്ജിന് ഇതുവരെയും അവസരം നൽകാൻ പരിശീലകനായ കൂമാൻ തയ്യാറാകാത്തത് ആരാധകരിൽ പലരുടെയും നെറ്റി ചുളിപ്പിക്കുന്ന കാര്യമായിരുന്നു.
പ്രീ സീസണിൽ യുവന്റസിനെതിരെയും സ്റ്റുട്ട്ഗർട്ടിനെതിരെയും ഗോൾ കണ്ടെത്തിയ പുയ്ജിനു സീസൺ ആരംഭിച്ചതിനു ശേഷമുള്ള എല്ലാ മത്സരങ്ങളിലും ബെഞ്ചിലായിരുന്നു സ്ഥാനം. ഇതുവരെ നടന്ന ഒരു മത്സരത്തിൽ പോലും പകരക്കാരനായി പോലും താരത്തെ കളിപ്പിക്കാൻ കൂമാൻ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഇതിന്റെ കാരണം കൂമാൻ വെളിപ്പെടുത്തി.
"താരത്തിന്റെ കളിയുടെ പല തലങ്ങളും മെച്ചപ്പെടേണ്ടതുണ്ട്. കഴിഞ്ഞ കളിയിൽ ഇറങ്ങാനുള്ള സാധ്യത ഉണ്ടായിരുന്നതു കൊണ്ടാണ് താരം വാം അപ്പ് നടത്തിയത്. എന്നാൽ ആൽബക്ക് പരിക്കു പറ്റി പുറത്തായതോടെ എനിക്കു മറ്റൊരു താരത്തെ ഇറക്കേണ്ടി വന്നു. മറ്റേതൊരു കളിക്കാരനെയും പോലെ പുയ്ജ് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്." കൂമാൻ മാധ്യമങ്ങളോട് പറഞ്ഞു.
യുവതാരങ്ങളായ അലസാൻഡ്രോ ബാൾഡെ, അൻസു ഫാറ്റി എന്നിവരുടെ പ്രകടനത്തെ പ്രശംസിച്ച കൂമാൻ യുവതാരങ്ങൾക്ക് അവസരം നൽകാൻ തനിക്കൊരു മടിയുമില്ലെന്നും വ്യക്തമാക്കി. യുവകളിക്കാർക്കും വേണ്ടത്ര മിനുട്ടുകൾ താൻ നൽകുമെങ്കിലും അത്തരത്തിൽ കുറെ കളിക്കാരെ ഒരുമിച്ചിറക്കുന്നത് ടീമിനു ഗുണം ചെയ്യില്ലെന്ന് കൂമാൻ പറഞ്ഞു.
2018/19 സീസണിൽ സീനിയർ ടീമിലെത്തിയ പുയ്ജിനെ ഈ സമ്മറിൽ ലോണിൽ വിട്ടുകൊടുക്കാൻ ബാഴ്സലോണ തയ്യാറായിരുന്നില്ല. കഴിഞ്ഞ സീസണിൽ 593 മിനുട്ടുകൾ കളിച്ച താരം ഗ്രനാഡക്കെതിരെ ഇന്നു രാത്രി നടക്കുന്ന മത്സരത്തിൽ കളിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.