Football in Malayalam

ക്ലബ് സീസൺ ആരംഭിക്കാനിരിക്കെ ബാഴ്‌സലോണ മധ്യനിര താരങ്ങൾക്ക് പ്രത്യേക നിർദ്ദേശവുമായി റൊണാൾഡ്‌ കൂമാൻ

Sreejith N
SD Eibar v FC Barcelona - La Liga Santander
SD Eibar v FC Barcelona - La Liga Santander / Juan Manuel Serrano Arce/Getty Images
facebooktwitterreddit

ബാഴ്‌സലോണ പരിശീലകനായതിനു ശേഷമുള്ള ആദ്യ സീസണിൽ നിന്നും കൂടുതൽ മികച്ച പ്രകടനം ഇത്തവണ നടത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ പരിശീലകൻ റൊണാൾഡ്‌ കൂമാൻ. അതിനു വേണ്ടി എല്ലാ താരങ്ങളും കളിക്കളത്തിൽ കൂടുതൽ മികവു പുലർത്തുന്നതിനോടൊപ്പം ടീമിലെ മധ്യനിര താരങ്ങൾ കൂടുതൽ ഗോളുകൾ കണ്ടെത്താൻ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

"ഫ്രെങ്കീ ഡി ജോംഗ് ഇതുവരെയുണ്ടായിരുന്നതു പോലെ തന്നെ മുന്നോട്ടു പോകേണ്ടതാണ്. ആദ്യത്തെ സീസണു ശേഷം വലിയൊരു ചുവടു മുന്നോട്ടു വെച്ച താരത്തിന് ടീമിൽ കൂടുതൽ ഉത്തരവാദിത്വമുണ്ട്. കൂടുതൽ മെച്ചപ്പെട്ടു മുന്നോട്ടു പോകുന്ന താരം അതിനേക്കാൾ ഉയർന്ന തലത്തിലേക്കെത്താൻ എപ്പോഴും ശ്രമിക്കണം. മറ്റെല്ലാ മധ്യനിര താരങ്ങളെയും പോലെ മൂന്നു മുതൽ ആറു ഗോളുകൾ കണ്ടെത്താനും താരത്തിനു കഴിയണം." കൂമാൻ പറഞ്ഞു.

കഴിഞ്ഞ സീസണു ശേഷം യൂറോ കപ്പ്, ഒളിമ്പിക്‌സ് എന്നീ ടൂർണമെന്റുകളുടെ ഭാഗമായ പെഡ്രിക്ക് സീസണിന്റെ തുടക്കത്തിൽ വിശ്രമം നൽകുമെന്ന സൂചനകളും കൂമാൻ നൽകി. "പെഡ്രിയെ സംബന്ധിച്ച് വളരെ മികച്ചൊരു യൂറോയാണ് പൂർത്തിയായത്. പതിനെട്ടാം വയസിൽ വളരെയധികം പക്വതയാർന്ന പ്രകടനത്തോടെ താരം പൂർത്തിയാക്കിയ കഴിഞ്ഞ സീസൺ വിസ്‌മയിപ്പിക്കുന്നതാണ്."

"മികച്ച കഴിവുകളുള്ള താരം ഫുട്ബോളിൽ തന്നെ ജീവിച്ച് കൂടുതൽ മെച്ചപ്പെട്ടു കൊണ്ടിരിക്കയാണ്. പെഡ്രിയെ ഒളിമ്പിക്‌സിനു പറഞ്ഞയച്ചത് നിന്ദാപരമായ സമീപനമാണെങ്കിലും ഞങ്ങൾ വളരെ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ടെന്ന് താരത്തിനറിയാം. ഞങ്ങൾക്ക് താരത്തെക്കുറിച്ച് ആത്മവിശ്വാസവുമുണ്ട്, യുവതാരങ്ങൾക്ക് അവസരം നൽകാൻ യാതൊരു മടിയുമില്ലാത്ത പരിശീലകനെയാണ് ലഭിച്ചിരിക്കുന്നതെന്നു പെഡ്രിക്കുമറിയാം."

"പെഡ്രി ഒരുപാട് മത്സരങ്ങൾ കളിച്ചു കഴിഞ്ഞിരിക്കുന്നു. ഒളിമ്പിക്‌സിനു ശേഷം താരത്തിനൊരു ബ്രെക്ക് നൽകേണ്ടത് അനിവാര്യമായ കാര്യമാണ്. സമ്മറിൽ എല്ലാവർക്കും അതു വേണം. പെപ് ഗ്വാർഡിയോള പറഞ്ഞതു പോലെ സമ്മറിൽ രണ്ടു പ്രധാന ടൂർണമെന്റുകൾ കളിക്കുന്നത് കുറച്ച് കൂടുതലാണ്, പക്ഷെ ഞങ്ങൾക്കതിൽ ഒന്നും ചെയ്യാൻ കഴിയില്ല." കൂമാൻ പറഞ്ഞു.

പുതിയ താരങ്ങൾ ടീമിന്റെ ഭാഗമായെങ്കിലും പരിചയസമ്പന്നരായ വെറ്ററൻ താരങ്ങൾക്ക് അടുത്ത സീസണിൽ അവസരങ്ങൾ ഉണ്ടാകുമെന്നും കൂമാൻ വ്യക്തമാക്കി. അവർക്ക് ടീമിൽ ചെയ്യാൻ ഒരുപാടുണ്ടെന്നും യുവതാരങ്ങളും പരിചയസമ്പന്നരായ താരങ്ങളും ചേർന്ന് സന്തുലിതമായ ഒരു ടീമിനെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും ഡച്ച് പരിശീലകൻ പറഞ്ഞു.

facebooktwitterreddit