Football in Malayalam

ഗ്രീസ്‌മനെ കൂക്കിവിളിച്ച ബാഴ്‌സലോണ ആരാധകർക്കെതിരെ വിമർശനവുമായി റൊണാൾഡ്‌ കൂമാൻ

Sreejith N
FC Barcelona v Getafe CF - LaLiga Santander
FC Barcelona v Getafe CF - LaLiga Santander / Quality Sport Images/Getty Images
facebooktwitterreddit

ഗെറ്റാഫെക്കെതിരെ ബാഴ്‌സലോണ വിജയം നേടിയ ലാ ലിഗ മത്സരത്തിനു ശേഷം ഗ്രീസ്‌മനെ കൂക്കി വിളിച്ച ആരാധകരെ വിമർശിച്ച് പരിശീലകൻ റൊണാൾഡ്‌ കൂമാൻ. ലയണൽ മെസി ബാഴ്‌സ വിട്ടതോടെ ടീമിലെ പ്രധാന താരമാകുമെന്നു പ്രതീക്ഷിച്ച ഗ്രീസ്‌മൻ കഴിഞ്ഞ മത്സരങ്ങളിൽ നടത്തിയ മോശം പ്രകടനത്തെ തുടർന്നാണ് ആരാധകർ മത്സരത്തിലുടനീളം താരത്തെ കൂക്കി വിളിച്ചത്.

എന്നാൽ ആരാധകർ നടത്തുന്ന പ്രതിഷേധം ന്യായമല്ലെന്നാണ് ബാഴ്‌സലോണ കൂമാൻ പറയുന്നത്. ബാഴ്‌സലോണയിൽ മോശം പ്രകടനം കാഴ്‌ച വെക്കുന്ന ഒരേയൊരു താരം ഗ്രീസ്‌മനല്ലെന്നും എതിരാളികളുടെ ശൈലി മൂലം താരത്തിന് ചില മത്സരങ്ങളിൽ തിളങ്ങാൻ കഴിയാതെ വരുന്നത് സ്വാഭാവികമായ കാര്യമാണെന്നും ഡച്ച് പരിശീലകൻ വ്യക്തമാക്കി.

"ടീമിലെ താരങ്ങളിൽ ഒരാളെ ആരാധകർ കൂക്കി വിളിക്കുന്നത് എന്തിനാണെന്ന് ഒരു പരിശീലകനെന്ന നിലയിൽ എനിക്കിതു വരെയും മനസിലായിട്ടില്ല. അതൊരു നല്ല ശൈലിയല്ല. താരത്തിന് ശരിയായ മനോഭാവമില്ലെങ്കിലും കൃത്യമായി വർക്ക് ചെയ്‌തില്ലെങ്കിലും നിങ്ങൾക്ക് ആക്രോശിക്കാം. ഗ്രീസ്‌മൻ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്, ദൗർഭാഗ്യവും താരത്തിനുണ്ട്, എന്നാൽ അതൊരു മത്സരം മാത്രമാണ്."

"എല്ലാ ഫോർവേഡുകളെയും പോലെ താരത്തിന് നല്ല ദിവസമുണ്ട്, മറ്റുള്ളവർ മോശമാകുന്ന ദിവസവുമുണ്ട്. ചില മത്സരങ്ങളിൽ നമുക്ക് സ്‌പേസുകൾ കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കും, അത് എതിരാളികളെ കൂടി ആശ്രയിച്ചിരിക്കും. ഗ്രീസ്‌മന് നല്ല അവസരങ്ങൾ ഒരുക്കിക്കൊടുക്കാൻ ടീമിന് കഴിഞ്ഞിട്ടുമില്ല," കൂമാൻ വ്യക്തമാക്കി.

ഗെറ്റാഫക്കെതിരെ സ്വന്തം മൈതാനത്ത് ബാഴ്‌സലോണ പതറിയെങ്കിലും വിജയം നേടിയതിൽ കൂമാൻ സംതൃപ്‌തി പ്രകടിപ്പിച്ചു. മത്സരം വളരെ മന്ദഗതിയിലാണ് മുന്നോട്ടു പോയിരുന്നതെന്നും മൂന്നു പോയിന്റ് നേടിയതിൽ സന്തോഷമുണ്ടെന്നും പറഞ്ഞ താരം അത് ടീമിന്റെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തുമെന്നും കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit