Football in Malayalam

കാത്തിരിക്കൂ, ബാഴ്‌സലോണ മെച്ചപ്പെടും; ബയേണിനെതിരായ തോൽവിയിലും ആത്മവിശ്വാസത്തോടെ കൂമാൻ

Sreejith N
FC Barcelona v Bayern München: Group E - UEFA Champions League
FC Barcelona v Bayern München: Group E - UEFA Champions League / David Ramos/Getty Images
facebooktwitterreddit

ബയേണിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സ്വന്തം മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളുകളുടെ തോൽവി വഴങ്ങിയെങ്കിലും ടീമിന്റെ പ്രകടനം ഇനിയും മെച്ചപ്പെടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പരിശീലകൻ റൊണാൾഡ്‌ കൂമാൻ. പരിക്കിന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്ന അൻസു ഫാറ്റി, ഒസ്മാനെ ഡെംബലെ, സെർജിയോ അഗ്യൂറോ എന്നീ താരങ്ങൾ തിരിച്ചെത്തുന്നതോടെ കൂടുതൽ മെച്ചപ്പെട്ട പ്രകടനം ടീം നടത്തുമെന്നാണ് കൂമാൻ ഉറച്ചു വിശ്വസിക്കുന്നത്.

ഒരു കാലത്ത് എതിരാളികളുടെ പേടിസ്വപ്‌നമായിരുന്ന ക്യാമ്പ് നൂവിൽ ബാഴ്‌സലോണക്കു മേൽ സമ്പൂർണ ആധിപത്യം സ്ഥാപിക്കാൻ ബയേൺ മ്യൂണിക്കിനു കഴിഞ്ഞിരുന്നു. ചരിത്രത്തിൽ ആദ്യമായി ബാഴ്‌സലോണ ഒരു ഓൺ ഗോൾ ഷോട്ട് പോലും ഉതിർക്കാതൊരു ചാമ്പ്യൻസ് ലീഗ് മത്സരം പൂർത്തിയാക്കിയപ്പോൾ ലെവൻഡോസ്‌കിയുടെ ഇരട്ടഗോളുകളും തോമസ് മുള്ളറുടെ ഗോളുമാണ് ബയേൺ മ്യൂണിക്കിനെ വിജയത്തിൽ എത്തിച്ചത്.

"മൂന്നു സ്‌ട്രൈക്കർമാർ മാത്രമാണ് ലഭ്യമായിരുന്നത്. തന്ത്രപരമായി നോക്കുമ്പോൾ മത്സരത്തിൽ ഞങ്ങൾക്ക് നിയന്ത്രണമുള്ള സമയം ഉണ്ടായിരുന്നു. ബയേണിന്റെ കളി മിഡിൽ തേർഡിൽ ആയതു കൊണ്ട് ഞങ്ങൾ ആ ഭാഗം നികത്തേണ്ടിയിരുന്നു. ഇതൊരു സമയത്ത് സംഭവിക്കുന്നതാണ്. മനോഭാവത്തിന്റെ കാര്യത്തിൽ എനിക്കു പരാതിയില്ല, എന്നാൽ ടീമുകളുടെ നിലവാരത്തിൽ വ്യത്യാസമുണ്ടായിരുന്നു." കൂമാൻ മത്സരത്തിനു ശേഷം പറഞ്ഞു.

"ബയേൺ വളരെക്കാലമായി ഒരുമിച്ചു കളിക്കുന്ന ഒരു കൂട്ടം താരങ്ങളുടെ ടീമാണ്, അതിനൊപ്പം അവരുടെ ബെഞ്ചിന്റെ കരുത്ത് മെച്ചപ്പെടുകയും ചെയ്‌തിരിക്കുന്നു. രണ്ടോ മൂന്നോ വർഷം കൊണ്ട് മെച്ചപ്പെടാൻ കഴിയുന്ന നിരവധി യുവതാരങ്ങൾ ബാഴ്‌സയിലുണ്ട്."

"അതംഗീകരിക്കുക ബുദ്ധിമുട്ടാകുമെങ്കിലും കാര്യങ്ങൾ മെച്ചപ്പെടാനും താരങ്ങൾ പരിക്കിൽ നിന്നും മുക്തമാകാനും കാത്തിരിക്കേണ്ടതുണ്ട്. ഏതാനും ആഴ്‌ചകൾ കൂടി ഇങ്ങിനെ തുടർന്നാൽ അതിനു ശേഷം ഡെംബലെ, അഗ്യൂറോ, ഫാറ്റി എന്നീ താരങ്ങളെ ലഭ്യമാകും." കൂമാൻ വ്യക്തമാക്കി.

പത്തൊൻപതും ഇരുപതും വയസുള്ള യുവതാരങ്ങൾ കളിക്കുന്ന ബാഴ്‌സലോണ ബയേൺ മ്യൂണിക്കിൽ നിന്നു വ്യത്യസ്ഥമാണെന്നു പറഞ്ഞ കൂമാൻ സെർജി റോബർട്ടൊക്കെതിരായ ആരാധക രോഷത്തെ അപലപിക്കുകയും ചെയ്‌തു. മധ്യനിര താരമായിരുന്ന സെർജി റോബർട്ടോക്ക് ഡേവീസിനെതിരെ വിങ്ങിൽ വൺ ഓൺ വൺ കളിക്കുക ദുഷ്‌കരമാകുന്നത് സ്വാഭാവികമാണെന്നാണ് കൂമാൻ പറഞ്ഞത്.

facebooktwitterreddit