La Liga

എൽ ക്ലാസികോയിൽ പെനാൽറ്റി നിഷേധിച്ച തീരുമാനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബാഴ്‌സലോണ പരിശീലകൻ

Sreejith N
Real Madrid v FC Barcelona - La Liga Santander
Real Madrid v FC Barcelona - La Liga Santander / Angel Martinez/Getty Images
facebooktwitterreddit

ഇന്നലെ നടന്ന എൽ ക്ലാസികോ മത്സരത്തിന്റെ എൺപത്തിനാലാം മിനുട്ടിൽ ബാഴ്‌സക്കനുകൂലമായ പെനാൽറ്റി നിഷേധിച്ച തീരുമാനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പരിശീലകൻ റൊണാൾഡ്‌ കൂമാൻ. ബെൻസിമ, ക്രൂസ് എന്നിവരിലൂടെ ആദ്യപകുതിയിൽ രണ്ടു ഗോളിന് റയൽ മാഡ്രിഡ് മുന്നിലെത്തിയ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഒരു ഗോൾ തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരിച്ചു വരാൻ ബാഴ്‌സ ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴാണ് റഫറി പെനാൽറ്റി അപ്പീൽ നിഷേധിച്ചത്.

ഫെർലൻഡ് മെൻഡിയിൽ നിന്നും ബോളെടുത്ത് മാർട്ടിൻ ബ്രൈത്വയ്റ്റ് മുന്നോട്ടു പോകുന്നതിനിടെ താരത്തെ പിന്നിൽ നിന്നും തട്ടി വീഴ്ത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് ബാഴ്‌സ പെനാൽറ്റിക്ക് വേണ്ടി വാദിച്ചത്. എന്നാൽ മത്സരം നിയന്ത്രിച്ച റഫറി അത് നിഷേധിക്കുകയായിരുന്നു. ഇതേത്തുടർന്നുണ്ടായ പ്രതിഷേധത്തിൽ കൂമാനു മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്‌തു.

"പെനാൽറ്റി നിഷേധിച്ച സംഭവത്തിൽ ഞങ്ങൾക്കു ദേഷ്യമുണ്ട്. അത് ന്യായമായിരുന്നില്ല. പെനാൽറ്റി നൽകാതിരുന്ന തീരുമാനം എന്ത് കൊണ്ടാണെന്നും എനിക്ക് മനസിലായില്ല. അത് പെനാൽറ്റി തന്നെയാണ്. അതനുവദിച്ചിരുന്നെങ്കിൽ മത്സരം 2-2 ആകുമായിരുന്നു, സ്പെയിനിൽ വീഡിയോ റഫറിയിങ് എന്തിനാണെന്നും എനിക്ക് മനസിലാകുന്നില്ല." മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ കൂമാൻ പറഞ്ഞു.

"റഫറി അവരുടെ തീരുമാനങ്ങൾ ശരിയായി എടുക്കണം. അത് പെനാൽറ്റി ആണെന്നതിനു പുറമെ ഇഞ്ചുറി ടൈം ആയി ആകെ ലഭിച്ചത് നാല് മിനുട്ട് മാത്രമാണ്. റഫറിയുടെ ഹെഡ്സെറ്റിനു പ്രശ്‌നം വന്ന് കളി നിർത്തി വെക്കേണ്ടി വന്നിട്ടും അത്ര കുറച്ചു സമയമേ എക്‌സ്ട്രാ ടൈമായി അനുവദിച്ചുള്ളു." കൂമാൻ വ്യക്തമാക്കി.

അതേസമയം റഫറി അനുവദിക്കാത്തത് പെനാൽറ്റി അല്ലെന്നാണ് ഈ വിഷയത്തിൽ റയൽ മാഡ്രിഡ് പ്രതികരിച്ചത്. എക്‌സ്ട്രാ ടൈം എത്രയാണെന്നതും റഫറി തന്നെയാണ് തീരുമാനിക്കുകയെന്നും പരിശീലകനായ സിദാൻ പറഞ്ഞു.

facebooktwitterreddit