"ഒന്നും ചെയ്യാതെ തന്നെ ഈ രാജ്യത്ത് പുറത്താക്കപ്പെടും"- ബാഴ്സ സമനില വഴങ്ങിയ മത്സരത്തിനു പിന്നാലെ വിമർശനവുമായി കൂമാൻ


പുതിയ സീസണിൽ മോശം ഫോം തുടരുന്ന ബാഴ്സലോണ ഇന്നലെ നടന്ന മത്സരത്തിൽ ദുർബലരായ കാഡിസിനെതിരെ ഗോൾരഹിത സമനില വഴങ്ങി. കാഡിസിന്റെ മൈതാനത്തു വെച്ചു നടന്ന മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനുട്ടിൽ ഫ്രങ്കീ ഡി ജോംഗ് ചുവപ്പുകാർഡ് കണ്ടു പുറത്തു പോയതിനെ തുടർന്ന് ബാഴ്സ പരുങ്ങിയപ്പോൾ ആതിഥേയർക്കാണ് കൂടുതൽ ആധിപത്യം ഉണ്ടായിരുന്നത്.
ഫ്രങ്കീ ഡി ജോങിനു പുറമെ മത്സരത്തിന്റെ അവസാന സമയത്ത് റഫറിയുടെ തീരുമാനത്തിനെതിരെ പ്രതികരിച്ചതിന് റൊണാൾഡ് കൂമാനെയും റഫറി പുറത്താക്കിയിരുന്നു. മത്സരത്തിനു ശേഷം ഇതിനെതിരെ വിമർശനവുമായി അദ്ദേഹം രംഗത്തെത്തുകയും ചെയ്തു. ഈ രാജ്യത്ത് ഒന്നും ചെയ്യാതെ തന്നെ അവർ പുറത്താക്കും എന്നാണു കൂമാൻ റഫറിയുടെ തീരുമാനത്തോടു പ്രതികരിച്ചത്.
Barca boss Ronald Koeman even got sent off ?
— BBC Sport (@BBCSport) September 23, 2021
The pressure is growing...#bbcfootball
കളിയവസാനിക്കാൻ പോകുന്ന സമയത്ത് പന്തടിച്ചു കളഞ്ഞതിനു ബുസ്ക്വറ്റ്സിനു മഞ്ഞക്കാർഡ് നൽകിയ തീരുമാനത്തിനെതിരെ പ്രതികരിച്ചപ്പോഴാണ് കൂമാനു ചുവപ്പുകാർഡ് ലഭിച്ചത്. എന്നാൽ ആ പുറത്താക്കൽ തീർത്തും അനാവശ്യമായിരുന്നു എന്നു പറഞ്ഞ ഡച്ച് പരിശീലകൻ അതിന്റെ കാരണവും വ്യക്തമാക്കി.
"പരിധി വിട്ടു പെരുമാറിയതു കൊണ്ടല്ല റഫറി പുറത്താക്കിയത്. മൈതാനത്ത് മറ്റൊരു ബോൾ ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് മത്സരം നിർത്തണമായിരുന്നു എന്നു പറഞ്ഞതിന്റെ പേരിലാണ്. ഈ രാജ്യത്ത് ഒരു കാര്യവുമില്ലാതെ അവർ നമ്മളെ പുറത്താക്കും. എന്തു കൊണ്ടാണ് പുറത്താക്കിയതെന്നു ചോദിച്ചപ്പോൾ പെരുമാറ്റം കൊണ്ടാണെന്നാണ് അവർ പറഞ്ഞത്. അത് ഒഴിവാക്കുകയാണു നല്ലത്." ബാഴ്സ ടിവിയോട് കൂമാൻ പറഞ്ഞു.
അതേസമയം മറ്റൊരു മത്സരത്തിൽ കൂടി ബാഴ്സ പതറിയതോടെ പരിശീലക സ്ഥാനത്ത് കൂമാൻ അധികകാലം വാഴില്ലെന്ന കാര്യം ഒന്നുകൂടി ഉറപ്പായി. കൂമാനു പകരക്കാരനാവാൻ കഴിയുന്ന ഒരു പരിശീലകനെ ബാഴ്സ കണ്ടെത്തിയാൽ അദ്ദേഹം ഒഴിവാക്കപ്പെടും എന്നാണു നിലവിലെ റിപ്പോർട്ടുകൾ.