സാവിക്കു കീഴിൽ ബാഴ്സലോണ മെച്ചപ്പെട്ടിട്ടില്ല, ക്ലബിന്റെ അവസ്ഥ വേദനിപ്പിക്കുന്നതെന്ന് റൊണാൾഡ് കൂമാൻ


തനിക്കു പകരം ബാഴ്സലോണ പരിശീലകനായി സ്ഥാനമേറ്റെടുത്ത സാവിക്കു കീഴിൽ ബാഴ്സലോണ മെച്ചപ്പെട്ടിട്ടില്ലെന്ന് റൊണാൾഡ് കൂമാൻ. ബാഴ്സലോണയിലെ തന്റെ കാലഘട്ടത്തെക്കുറിച്ച് ഒരു പുസ്തകം തന്നെ എഴുതാൻ കഴിയുമെന്നു പറഞ്ഞ അദ്ദേഹം വേണ്ടത്ര പിന്തുണ ക്ലബ് നേതൃത്വത്തിൽ നിന്നും ലഭിച്ചില്ലെന്നും സാവിയുടെ കാര്യത്തിൽ അങ്ങിനെയാകരുതെന്നും പറഞ്ഞു.
തന്റെ ആദ്യത്തെ മുഴുനീള സീസണിൽ കിരീടത്തോട് അടുത്തുവെങ്കിലും പിന്നീട് മൂന്നാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു കൂമാന്റെ ബാഴ്സലോണ. അതിനു ശേഷം ഈ സീസണിന്റെ തുടക്കത്തിലെ പത്ത് മത്സരങ്ങളിൽ നിന്നും പതിനഞ്ചു പോയിന്റുകൾ മാത്രം സ്വന്തമാക്കിയതോടെയാണ് കൂമാനെ പുറത്താക്കി സാവിയെ ബാഴ്സലോണ പരിശീലകനായി എത്തിക്കുന്നത്.
താൻ ബാഴ്സലോണ പരിശീലകൻ ആയിരുന്ന സമയത്ത് കോവിഡ് മഹാമാരി, കുറച്ചു കാലം പ്രസിഡന്റ് ഇല്ലാത്ത അവസ്ഥ, താരങ്ങളെ സ്വന്തമാക്കാൻ കഴിയാതിരുന്നത്. ഫിനാൻഷ്യൽ ഫെയർ പ്ലേ നിയന്ത്രണങ്ങൾ, ലയണൽ മെസിയെ പെട്ടന്നൊരു ദിവസം നഷ്ടമാകൽ, ഗ്രീസ്മൻ ക്ലബ് വിട്ടത് തുടങ്ങി നിരവധി പ്രശ്നങ്ങളിലൂടെയാണ് കടന്നു പോയതെന്നും ക്ലബിന്റെ ഭാഗത്തു നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും കൂമാൻ പറഞ്ഞു.
ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ പുതിയ താരങ്ങൾ വന്നതു കൊണ്ട് സാവിയുടെ കീഴിൽ ടീം ചില കാര്യങ്ങളിൽ ടീം മെച്ചപ്പെട്ടു വരുന്നുണ്ടെന്നു പറഞ്ഞ കൂമാൻ താൻ ക്ലബ് വിട്ട സമയത്ത് റയലുമായി എട്ടു പോയിന്റ് വ്യത്യാസമാണ് ഉണ്ടായിരുന്നതെന്നും എന്നാലിപ്പോഴത് ഇരട്ടിയായെന്നും ചൂണ്ടിക്കാട്ടി. ക്ലബിന്റെ സാഹചര്യങ്ങൾ വളരെ സങ്കീർണമാണെന്നു പറഞ്ഞ അദ്ദേഹം പരിശീലകനെ പിന്തുണക്കേണ്ടത് അത്യാവശ്യമാണെന്നും വ്യക്തമാക്കി.
താനുള്ള സമയത്തെ അതെ അവസ്ഥയാണ് ബാഴ്സലോണക്ക് ഇപ്പോഴുള്ളതെന്നും പരിശീലകനെ മാറ്റിയതു കൊണ്ട് ടീം മെച്ചപ്പെടുമെന്ന് ഉറപ്പില്ലെന്നും കൂമാൻ പറഞ്ഞു. വിമർശനങ്ങൾ നടത്താൻ തനിക്ക് താൽപര്യമില്ലെന്നും ക്ലബിന്റെ ഇതിഹാസമായ സാവിക്ക് വേണ്ടത്ര പിന്തുണ നൽകണമെന്നും വ്യക്തമാക്കിയ കൂമാൻ ക്ലബിന്റെ ഇപ്പോഴത്തെ സാഹചര്യം തന്നെ വേദനിപ്പിക്കുണ്ടെന്നും പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.