ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ജോലിയുടെ ഭാഗം, പത്രങ്ങൾ വായിക്കാത്തതിനാൽ അഭ്യൂഹങ്ങളെക്കുറിച്ച് പറയാനില്ലെന്നും കൂമാൻ

തന്റെ ഭാവിയുമായി ബന്ധപ്പെട്ട് ഉയരുന്ന ഊഹാപോഹങ്ങൾ തന്റെ ജോലിയുടെ ഭാഗമാണെന്നും വളരെക്കാലമായി പേപ്പറുകൾ വായിച്ചിട്ടില്ലാത്തതിനാൽ ഭാവിയുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങളിൽ തനിക്ക് കൂടുതലൊന്നും പറയാനില്ലെന്നും ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാൻ. ബാഴ്സലോണയുടെ സമീപകാല പ്രകടനങ്ങൾ ദയനീയമായ സാഹചര്യത്തിൽ കൂമാനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ഒരുക്കത്തിലാണ് കറ്റാലൻ ക്ലബ്ബെന്ന റിപ്പോർട്ടുകൾ ശക്തമായിരിക്കുന്നതിനിടെയാണ് ഇത്തരത്തിൽ മനസ് തുറന്ന് ഡച്ച് പരിശീലകൻ രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ ഗ്രനഡക്കെതിരെ നടന്ന ലീഗ് മത്സരത്തിന് ശേഷം പത്രസമ്മേളനത്തിനെത്തിയ കൂമാൻ എഴുതിത്തയ്യാറാക്കിയ പ്രസ്താവന വായിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങൾ നേരിടാൻ തയ്യാറാകാതെ പ്രസ് കോൺഫറൻസ് മതിയാക്കി മടങ്ങിയത് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിരുന്നു. പ്രയാസകരമായ ഈ സമയത്ത് തനിക്ക് ക്ലബ്ബിന്റെ പിന്തുണയുണ്ടെന്നും അന്ന് കൂമാൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കൂമാൻ അന്ന് പ്രസ്താവന വായിച്ചത് ക്ലബ്ബ് നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് പിന്നാലെ റിപ്പോർട്ടുകളും വന്നു.
അന്ന് പത്രസമ്മേളനത്തിൽ പ്രസ്താവന വായിച്ചതിനെക്കുറിച്ച് ബാഴ്സലോണ പ്രസിഡന്റ് ജോവൻ ലപ്പോർട്ട തന്നോട് ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്ന് ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയ കൂമാൻ, താനും ലപ്പോർട്ടയും വിമാനത്തിലിരുന്ന് കാഡിസിനെതിരായ മത്സരത്തെക്കുറിച്ച് സംസാരിച്ചെന്നും മറ്റൊന്നും ആ ദിവസത്തിന് ശേഷം സംഭവിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
"ഈ വിഷയത്തെക്കുറിച്ച് എനിക്ക് കൂടുതൽ പറയാൻ കഴിയില്ല. കാരണം ഞാൻ വളരെക്കാലമായി പേപ്പറുകൾ വായിച്ചിട്ടില്ല. അഭ്യൂഹങ്ങളെക്കുറിച്ച് എനിക്കറിയാം. എന്നാൽ ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏക കാര്യം മത്സരങ്ങൾ വിജയിക്കുക എന്നതാണ്. എനിക്ക് നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളിൽ ഞാൻ ഊർജ്ജം പാഴാക്കാൻ പോകുന്നില്ല." കൂമാൻ പറഞ്ഞു നിർത്തി.